വ്യക്തിജീവിതത്തില്‍ ആര്‍ജ്ജിച്ച അനുഭവസമ്പത്തും ഭാവി കേരളത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും കോര്‍ത്തിണക്കി പ്രവര്‍ത്തന മണ്ഡലത്തെ റോക്കറ്റ് വേഗത്തില്‍ നയിക്കുകയാണ് നിംസ് ഡീംഡ് യൂണിവേഴ്സിറ്റി പ്രോ വൈസ്ചാന്‍സലര്‍ ഫൈസല്ഖാന്. അമരവിളയില്‍ തുടങ്ങിയ ഒരു സാധാരണ ഐടിഐ വിദ്യാഭ്യാസ സ്ഥാപനം ഇന്ന് ലോകം അറിയപ്പെടുന്ന നിംസ് ഡീംഡ് യൂണിവേഴ്സിറ്റിയായതിനു പിന്നില്‍ നിശ്ചയ ദാര്‍ഢ്യവും കരുത്തുറ്റ മനസ്സുമുണ്ട്.
ഒരു ഗ്രാമത്തില്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനം ഉപഗ്രഹം വരെ നിര്‍മ്മിച്ച് മാതൃക കാട്ടിയപ്പോള്‍ സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് ചുക്കാന്‍ പിടിക്കുന്ന ഫൈസല്ഖാന് കൈമുതലായുള്ളത് ആത്മവിശ്വാസം.
നെയ്യാറ്റിന്‍കര സ്വദേശി ഡോ.എ.പി. മജീദ്ഖാന് തുടങ്ങിവച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഇന്നത്തെ അമരക്കാരനായ മകന് ഫൈസല്‍ഖാന്റെ പ്രൊഫഷന് എഞ്ചിനീയറിംഗ് ആണെങ്കിലും ആതുരശുശ്രൂഷാ രംഗത്തും നിംസ് സാന്ത്വനത്തിന്റെ കൈയ്യൊപ്പ് ഇതിനകം ചാര്‍ത്തി.
തുടക്കം ഐടിഐയില്‍
ഐടി വിദ്യാഭ്യാസ രംഗത്തിന് ഇന്നത്തെപ്പോലെ ഗ്ലാമര്‍ പരിവേഷമില്ലാത്ത കാലം. സ്വകാര്യ മേഖലയില്‍ കോളേജുകളും സ്കൂളുകളും തുടങ്ങുന്ന കാലഘട്ടത്തില്‍ ആ മേഖലയിലേക്ക് ശ്രദ്ധതിരിക്കാതെ തൊഴില്‍ നൈപുണ്യ മേഖലയിലേക്ക് കടക്കുകയായിരുന്നു ഫൈസല്‍ഖാന്റെ പിതാവ് ഡോ.എ.പി. മജീദ്ഖാന്.
1955-56 കാലഘട്ടത്തില്‍ അമരവിളയില്‍ എന്‍ഐ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനത്തിന് തുടക്കം കുറിച്ചുകൊണ്ടായിരുന്നു ആദ്യ കാല്‍വയ്പ്പ്. വയറിംഗും പ്ലംബിങും ഫിറ്ററുമൊക്കെയായിരുന്നു അന്നത്തെ ഗ്ലാമര്‍ ട്രേഡുകള്‍. വളരെക്കുറച്ച് വിദ്യാര്‍ത്ഥികള്‍ മാത്രമായിരുന്നു ആദ്യഘട്ടങ്ങളില്‍ പഠനത്തിനെത്തിയത്.
പഠിച്ചിറങ്ങിയവര്‍ക്കെല്ലാം വിവിധ മേഖലകളില്‍ തൊഴില്‍ ലഭിച്ചപ്പോള്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം അടിയ്ക്കടി വിര്‍ദ്ധിച്ചു. ആരവങ്ങളില്ലാതെ വളര്‍ന്ന സ്ഥാപനത്തില്‍ ഇന്ന് എയ്റോനോട്ടിക്കല്‍ കോഴ്സ് വരെ പഠിപ്പിക്കുന്നു.
എഞ്ചിനീയറിംഗ് രംഗത്തേക്ക്
ഐടിഐ യുഗത്തില്‍ നിന്ന് പോളി ടെക്നിക്കിലേക്ക് മാറുന്ന പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗം. 1970 കാലഘട്ടത്തിലായിരുന്നു മാറ്റം. കന്യാകുമാരി ജില്ലയിലെ കുമാരകോവിലിനു സമീപത്ത് എന്‍ഐ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന പേരില്‍ വിദ്യാഭ്യാസ സ്ഥാപനം രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് സ്ഥാപനത്തിന്റെ പേരില്‍ പോളിടെക്നിക് പ്രവര്‍ത്തനം ആരംഭിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ ആട്ടോണമസ് പദവിയുള്ള തെക്കേ ഇന്ത്യയിലെ ആദ്യ സ്ഥാപനം എന്ന പദവി കുറഞ്ഞ കാലയളവിനുള്ളില്‍ സ്ഥാപനത്തിന് നേടിയെടുക്കാനായി. ക്രമേണ പോളിടെക്നിക് എഞ്ചിനീയറിംഗ് കോളേജ് പദവിയിലേക്ക് ഉയര്‍ന്നു.അധികം താമസിയാതെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജും സ്ഥാപിതമായി.
1990കളില്‍ രാജ്യത്തെ മൂന്നൂറ് എഞ്ചിനീയറിംഗ് കോളേജുകളില്‍ 17-ാം സ്ഥാനം നിംസ് എഞ്ചിനീയറിംഗ് കോളേജിന്. പ്രവര്‍ത്തന മികവിന് 2008 ല്‍ നൂറുല്‍ ഇസ്ലാം കോളേജിന് കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ഡീംഡ് യൂണിവേഴ്സിറ്റി പദവി.
16 പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് അംഗീകാരവുമായി നിംസ് യൂണിവേഴ്സിറ്റി സ്ഥാപിതമായി. 2016 ല്‍ നാക് അക്രഡിറ്റേഷന്റെ എ ഗ്രേഡ് പദവി. 784 സര്‍വ്വകലാശാലകളില്‍ നാക് പരിശോധന പൂര്‍ത്തിയാക്കിയപ്പോള്‍ ആദ്യ നൂറ് സ്ഥാപനങ്ങളുടെ ക്ലബ്ബില്‍ നിംസ് യൂണിവേഴ്സിറ്റി സ്ഥാനം പിടിച്ചു. നാസയില്‍ വരെ അംഗീകാരം നേടി ഇന്ന് ലോകം അറിയപ്പെടുന്ന ഈ സാങ്കേതിക സര്‍വ്വകാലാശാല.
സ്വപ്ന പദ്ധതി ‘ന്യൂയൂസാറ്റ്’
ഉപഗ്രഹ നിര്‍മ്മാണത്തിന് സ്വകാര്യമേഖലയിലെ പങ്കാളിത്തം രാജ്യത്ത് നിലവിലുണ്ടായിരുന്നില്ല. എന്നാല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഉപഗ്രഹ നിര്‍മ്മാണം നടത്താന്‍ താല്പര്യമുള്ള പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കുകയായിരുന്നു. ഇത്തരത്തില്‍ ദക്ഷിണേന്ത്യയില്‍ അനുമതി ലഭിച്ച ഏക സ്ഥാപനം നിംസ് ഡിംഡ് യൂണിവേഴ്സിറ്റിയാണ്.
ഇതോടെ വൈസ് ചാന്‍സലര്‍ മജീദ്ഖാന്റെ സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യമാവുകയായിരുന്നു. പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് മുന്‍കൂട്ടി അറിയാനുള്ള ന്യൂയൂസാറ്റ് കേരള്‍ശ്രീ എന്ന ഉപഗ്രഹം നിംസ് യൂണിവേഴ്സിറ്റിയില്‍ നിര്‍മ്മിച്ചു. 145ലേറെ വിദ്യാര്‍ത്ഥികളുടെ ആറുമാസത്തെ പ്രയത്ന ഫലമായിരുന്നു ന്യൂയൂസാറ്റ്. 16 ശാസ്ത്രജ്ഞന്മാരുടെ മേല്‍നോട്ടത്തിലായിരുന്നു ഉപഗ്രഹ നിര്‍മ്മാണം.
കഴിഞ്ഞ ജൂണ്‍ 22ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സെന്ററില്‍ നിന്ന് ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി -38 പേടകത്തിലൂടെ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. സ്പേസ് സെന്ററിലെ കണ്ട്രോള് റൂമില്‍ ഇരുന്ന് റോക്കറ്റിന്റെ ഗതി വീക്ഷിക്കാന്‍ ഫൈസല്ഖാന് കഴിഞ്ഞത് ചരിത്രത്തിന്റെ ഭാഗം.
2004 ലെ സുനാമി ദുരന്തത്തില്‍ നിംസിന്റെ നേതൃത്വത്തില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളായിരുന്നു ഇത്തരത്തിലൊരു ഉപഗ്രഹ ആശയത്തിന് ഫൈസല്‍ഖാനെ പ്രേരിപ്പിച്ചത്.
പിതാവിന്റെ സ്വപ്ന പദ്ധതി ന്യൂസാറ്റിലൂടെ ഫൈസല്ഖാന് പ്രാവര്‍ത്തികമാക്കിയപ്പോള്‍ പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കുന്ന സ്വകാര്യ മേഖലയിലെ ആദ്യ ഉപഗ്രഹം പിറവിയെടുക്കുകയായിരുന്നു. ഇതിന്റെ ഗുണഫലം രാപകലില്ലാതെ തൊഴിലെടുക്കുന്ന ലക്ഷക്കണക്കിന് മത്സ്യബന്ധന തൊഴിലാളികള്‍ക്കും.
ഹൃദയ താളത്തിന്റെ കാവലാള്‍
നിരവധിപേരുടെ ഹൃദയതാളത്തിന്റെ ഉടമ കൂടിയാണ് നിംസ് മാനേജ്മെന്റ്. നിംസ് ഡീംഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് നിംസ് മെഡിസിറ്റി എന്ന ആതുരശുശ്രൂഷാ രംഗത്തെ കാല്‍വയ്പ്പിനു കാരണം ഹൃദയതാളം നിലച്ച നിരവധി കുടംബങ്ങളുടെ കഥനകഥകള്‍ കേട്ടറിഞ്ഞതാണ്. സംസ്ഥാനത്തിന്റെ തെക്കന്‍ മേഖലയില്‍ ഹൃദ്രോഗത്തിന് ചികിത്സ ലഭിക്കണമെങ്കില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മാത്രമായിരുന്നു അഭയ കേന്ദ്രം.
അസുഖം ബാധിച്ചവരെയും കൊണ്ട് അന്നത്തെ നിരത്തുകളിലൂടെ വാഹനങ്ങള്‍ ആശപത്രിയില്‍ എത്തുമ്പോള്‍ രോഗിയുടെ മരണം സംഭവിച്ചിരിക്കും. കന്യാകുമാരിയില്‍ നിന്നുവരെ അത്യാസന്ന നിലയില്‍ ഹൃദ്രോഗികളെ തിരുവനന്തപുരത്ത് എത്തിക്കുമായിരുന്നു.
ഇതിനൊരു പരിഹാരമെന്നോണമാണ് ആറാലുംമൂടിന് സമീപം നിംസ് മെഡിസിറ്റി സ്ഥാപിച്ച് കേരളത്തില്‍ ആദ്യത്തെ സൗജന്യ ഹൃദയശസ്ത്രക്രിയ പദ്ധതിക്ക് തുടക്കമിട്ടത്. നിര്‍ദ്ധനരായ ഹൃദ്രോഗ ബാധിതരെ സഹായിക്കാന്‍ സംസ്ഥാനത്തിനകത്തും പുറത്തും വിവിധ സന്നദ്ധ സംഘടനകള്‍ ഫണ്ട് ശേഖരിക്കുന്ന പതിവ് അന്നുണ്ടായിരുന്നു.
എന്നാല്‍ യാതൊരു ഫണ്ട് ശേഖരണവുമില്ലാതെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അന്നും ഇന്നും പൂര്‍ണ്ണമായും സൗജന്യ ഹൃദയശസ്ത്രക്രിയ നടത്തിവരികയാണ് നിംസ് മെഡിസിറ്റി. 250 ല്‍ അധികം സൗജന്യ ഹൃദയ ശസ്ത്രക്രിയകള്‍ നിംസ് മെഡിസിറ്റിയില്‍ നടത്തിക്കഴിഞ്ഞു.
രണ്ട് ലക്ഷം രൂപവരെ ചിലവ് വരുന്ന ശസ്ത്രക്രിയയ്ക്ക് പണമോ പാരിതോഷികമോ സ്വീകരിക്കാറില്ല. പാരിതോഷികം എന്ന നിലയില്‍ നിംസിന് ലഭിക്കുന്നത് എല്ലാ വര്‍ഷവും നടക്കുന്ന ഇവരുടെ ഒത്തുചേരല്‍ പരിപാടിയില്‍ ശസ്ത്രകിയയ്ക്ക് വിധേയരായ കുഞ്ഞുകുട്ടി മുതല്‍ വൃദ്ധര്‍ വരെയുള്ളവരുടെ മനം നിറഞ്ഞ പുഞ്ചിരി.
കടല്‍ കടന്നും സാന്ത്വനം
നിംസിന്റെ ആതുര ശുശ്രൂഷാ രംഗം കടല്‍ കടന്നും പ്രവര്‍ത്തനം തുടങ്ങി. മാലിദ്വീപ് സര്‍ക്കാരുമായി ചേര്‍ന്ന് ആരോഗ്യ രംഗത്തെ വിദഗ്ദ്ധ സേവനത്തിന് നിംസ് മെഡിസിറ്റി തുടക്കം കുറിച്ചു. ഇതിലേക്കായി മാലിദ്വീപ് സര്‍ക്കാര്‍ അവിടത്തെ ഒരു സര്‍ക്കാര്‍ ആശുപത്രി തന്നെ നിംസിന് വിട്ടുനല്‍കി. എച്ച്ഐവി ബാധിതര്‍ക്ക് സൗജന്യമായി മരുന്ന് നല്കുന്ന സംസ്ഥാനത്തെ ഏക സ്വകാര്യ ആശുപത്രി കൂടിയാണ് നിംസ് മെഡിസിറ്റി.
കേരളത്തിലെ ആദ്യത്തെ ഹ്യൂമന്‍ ജനിറ്റിക് മോളിക്യൂലര്‍ ലബോറട്ടറിയുടെ അവസാനവട്ട പണിപ്പുരയിലാണ് നിംസ് മെഡിസിറ്റി. മനുഷ്യരില്‍ ഉണ്ടാക്കുന്ന ജനിതക വൈകല്യങ്ങളെക്കുറിച്ച് പഠനം നടത്തുന്നതിനും വിദഗ്ദ്ധ ടെസ്റ്റുകള്‍ക്കും സംസ്ഥാനത്ത് മതിയായ സംവിധാനമില്ല. ദല്‍ഹിയിലെയും ഹൈദ്രാബാദിലെയും സെന്ററുകളെ ആശ്രയിക്കലാണ് പതിവ്. ഫലം അറിയാന്‍ ദിവസങ്ങളോളം എടുക്കും. നിംസില്‍ ലാബ് പൂര്‍ത്തിയാകുന്നതോടെ പരിശോധനകള്‍ 24 മണിക്കൂറിനുള്ളില്‍ നടത്താനാകും.
എല്ലാവര്ക്കും വിദ്യാഭ്യാസം
ശാസ്ത്ര സാങ്കേതിക രംഗത്തുകൂടി നിംസ് സ്ഥാപനങ്ങള്‍ വന്‍കുതിച്ച് ചാട്ടം നടത്തിയതോടെ ലോകത്തെവിടെയും നിംസിന്റെ കരസ്പര്‍ശം. ഒന്നര ലക്ഷം വിദ്യാര്‍ത്ഥികള്‍ ഇതിനകം നിംസ് സ്ഥാപനങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ഇവര്‍ ജോലി നോക്കുന്നു.
വിദ്യാര്‍ത്ഥികളുടെ വാക്കാലുള്ള ഈ പരസ്യമാണ് നിംസ് സ്ഥാപനങ്ങളുടെ വളര്‍ച്ചയെ റോക്കറ്റ് വേഗത്തില്‍ ഉയരങ്ങളില്‍ എത്തിക്കുന്നത്. ഇതിനെല്ലാം മുതല്‍ക്കൂട്ടാകുന്നത് വിദ്യാഭ്യാസത്തിന് ജാതിയില്ലാ എന്ന നിംസിന്റെ ആപ്തവാക്യം. ന്യൂനപക്ഷ പദവിയുള്ളതാണ് നിംസ് സ്ഥാപനങ്ങള്‍.
എന്നാല്‍ ഈ ആനുകൂല്യങ്ങളിലൂടെ ലഭിക്കുന്ന ഗ്രാന്റോ ഫണ്ടോ സര്‍ക്കാരുകളില്‍ നിന്ന് ഇതുവരെയും വാങ്ങിയിട്ടില്ല. ജാതിക്കും മതത്തിനും അതീതമായ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ. ഈ കൂട്ടായ്മയെ എല്ലാ അര്‍ത്ഥത്തിലും പരമാവധി സഹായിക്കുന്ന മാനേജ്മെന്റും. വിദ്യാഭ്യാസത്തിന് ജാതിയില്ലെന്ന ചിന്തയാണ് ഇത്തരത്തിലൊരു ഫണ്ടിനെക്കുറിച്ച് ചിന്തിക്കാത്തതെന്ന് ഫൈസല്ഖാന് പറഞ്ഞു.
സ്വപ്ന വ്യാപാരി
ചെറുപ്പക്കാരോട് ആകാശത്തോളം സ്വപ്നം കാണാന്‍ പ്രേരിപ്പിച്ചിരുന്നു അന്തരിച്ച മുന്‍ പ്രസിഡന്റ് എ.പി.ജെ. അബ്ദുള്‍കലാം. സ്വപ്നം കാണുന്നത് ശരിയായ അര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാക്കണമെന്നും തന്റെ ജീവിതത്തിലെ നിരവധി ഉദാഹരണങ്ങള്‍ നിരത്തി കലാം പറയുമായിരുന്നു. നിംസ് യൂണിവേഴ്സിറ്റി പ്രൊ- വിസി ഫൈസല്‍ഖാനും കാണുന്നുണ്ട് പ്രാവര്‍ത്തികമാക്കേണ്ട സ്വപ്നങ്ങള്‍.
വിദ്യാഭ്യാസ രംഗത്തും വൈദ്യശാസ്ത്ര രംഗത്തും മാത്രമല്ല സാമൂഹിക മേഖലയിലും പാരിസ്ഥിതിക രംഗത്തുമെല്ലാം യാഥാര്‍ത്ഥ്യമാക്കേണ്ട സ്വപ്നങ്ങള്‍. 2015ല്‍ ഭാരതത്തില്‍ നിന്ന് യുഎന്‍ഒയുടെ പൊതുസഭയില്‍ പ്രബന്ധം അവതരിപ്പിക്കാന്‍ ക്ഷണിച്ച ഓര്‍ഗനൈസേഷനിലെ ഏക അംഗമായിരുന്നു ഫൈസല്ഖാന്. ‘സുസ്ഥിര ഊര്‍ജ്ജം എല്ലാവര്ക്കും’ എന്ന പ്രബന്ധമായിരുന്നു ഫൈസല്ഖാന് അവതരിപ്പിച്ചത്.
പ്രകൃതിക്ക് കോട്ടം സംഭവിക്കാതെ തന്റെ സ്ഥാപനങ്ങളില്‍ നടത്തിയ വിവിധ പ്രവര്‍ത്തനങ്ങളാണ് യുഎന്‍ഒയില്‍ പ്രബന്ധം അവതരിപ്പിക്കാന്‍ ഫൈസല്ഖാന് ക്ഷണം ലഭിക്കാന്‍ ഇടയാക്കിയത്
നിംസ് സ്ഥാപനങ്ങളുടെ അമ്പതാം വാര്‍ഷികാഘോഷങ്ങളോട് അനുബന്ധിച്ചാണ് ഫൈസല്ഖാന് പിതാവിനോടൊപ്പം സ്ഥാപനങ്ങളുടെ ചുമതലക്കാരനായി എത്തുന്നത്.
തന്റെ അനുഭവ സമ്പത്ത് കൂട്ടിയിണക്കി വരുംതലമുറയ്ക്ക് മാര്‍ഗ്ഗ ദര്ശനമെന്നോണം ഫൈസല്ഖാന് പുസ്തകവും എഴുതി. ‘സ്വപ്ന വ്യാപാരി’ എന്ന നോവല്‍. സ്വപ്നം കണ്ട പദ്ധതികള്‍ നടപ്പിലാക്കിയതോടെ പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ നിംസിന്റെ വിവിധ സ്ഥാപനങ്ങളില്‍ ഇന്ന് പഠിയ്ക്കുന്നു. നാലായിരത്തോളം ജീവനക്കാര്‍ നിംസിന് കീഴില്‍ പണിയെടുക്കുന്നു. ലക്ഷക്കണക്കിന് കുടുംബങ്ങളുടെ സ്വപ്നതുല്യമായ ജീവിതമാര്‍ഗ്ഗം കൂടിയാകുന്നു നിംസ് സ്ഥാപനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: