തിരുവല്ല: തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ഐപി ബ്ളോക്കിലെ സംവിധാനങ്ങള്‍ പൂര്ണസജ്ജമാക്കാത്തത് സാധാരണക്കാരായ രോഗികള്‍ക്ക് ബുദ്ധിമുട്ടാകുന്നു.
അത്യാധുനികമെന്ന് അവകാശപ്പെടുന്ന ഇവിടെ ഐസിയുമാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ വേണ്ടത്ര സന്നാഹങ്ങളുമില്ല. ആകെ 26 ഡോക്ടര്‍മാര്‍ ഉണ്ടെങ്കിലും സ്പെഷ്യല്‍ ഡ്യൂട്ടിയടക്കം ഉള്ളതിനാല്‍ ഇവരുടെ സേവനം പൂര്‍ണമായി രോഗികള്‍ക്ക് ലഭിക്കുന്നില്ല.
അത്യാസന്ന നിലയിലാകുന്ന രോഗികള്‍ക്കായി ഒരു വെന്റിലേറ്റര്‍ യൂണിറ്റ് മാത്രമാണ് ഇവിടെ ഉള്ളത്. 2009 ലാണ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്. 9.75 കോടി രൂപ ചെലവിട്ട് മൂന്നുനിലകളിലായി നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടത്തില്‍ ആധുനീക സൗകര്യങ്ങളാണ് അധികൃതര്‍ അവകാശപ്പെട്ടത്. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും ലക്ഷങ്ങള്‍ മുടക്കിയ ആശുപത്രിയുടെ അവസ്ഥയില്‍ മാറ്റമുണ്ടായില്ല. രണ്ട് ആംബുലന്‍സുകള്‍ ഉണ്ടെങ്കിലും ഇവ പലപ്പോഴും തകരാറിലാണ്.
120 വര്‍ഷം മുമ്പ് സര്‍ക്കാര്‍ ഡിസ്പെന്‍സറിയായാണ് താലൂക്ക് ആശുപത്രി പ്രവര്‍ത്തനം തുടങ്ങിയത്. 1990ല്‍ ഫസ്റ്റ് റഫറല്‍ യൂണിറ്റായി ഉയര്‍ത്തി. ദിവസേന ആയിരത്തോളം രോഗികള്‍ ഒപി വിഭാഗത്തിലും നൂറില്‍പ്പരം രോഗികള്‍ ഐപി വിഭാഗത്തിലുമായി എത്തുന്നുണ്ട്. പുതിയ കെട്ടിടത്തിന് മുകളിലായി നാല് നിലകള്‍ കൂടി പണിയുന്നതിന് ഒമ്പത് കോടി രൂപ നബാര്‍ഡ് മുഖേന അനുവദിച്ചിട്ടുണ്ട്.
നിലവിലെ ഒപി ബ്ളോക്ക് പുതുക്കി പണിയുന്നതിനും ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി മാത്യു ടി.തോമസ് പറഞ്ഞെങ്കിലും ഇതുവരെ നടപ്പായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: