വൈറ്റില കഴിഞ്ഞ് തൈക്കൂടം അവസാനിക്കുന്നത് ചമ്പക്കരപാലത്തിലേക്കു അല്പം കേറി. പാലത്തിന്റെ ഇങ്ങേക്കരയില്‍ പച്ചപ്പും പഴമയുമൊക്കെയുള്ള ഒരുപറമ്പ്. ഇന്നത്തെ വൈറ്റില എന്ന വന്കവല പണ്ട് കേരളം മുഴുവന്‍ അറിഞ്ഞത് ഈ പറമ്പില്‍ ജീവിക്കുന്ന ഒരാളുടെ പേരിനൊപ്പം നെറ്റിപ്പട്ടം ചാര്‍ത്തിയായിരുന്നു. നഗരം ഉപേക്ഷയുടെ അത്തരം ചാര്‍ത്തുകള്‍ അഴിച്ചുകളഞ്ഞെങ്കിലും വൈറ്റില നെഞ്ചോടു ചേര്‍ത്ത് ആദ്യകഥകൊണ്ടു തന്നെ മലയാള സാഹിത്യത്തില്‍ ആലവട്ടവും വെണ്‍ചാമരവും വീശിയ എഴുത്തുകാരന് ഇന്നും ഇവിടെയുണ്ട്, ജോസഫ് വൈറ്റില. ജനിച്ചുവളര്‍ന്ന നാടിന്റെ ഭൂശാസ്ത്രരേഖകള് രക്തഞരമ്പാക്കിയ കഥാകാരന്. അദ്ദേഹം എഴുതിക്കൊണ്ടിരിക്കുന്ന കൊച്ചിയുടെ ചരിത്രംകൂടിയാകുന്ന ആത്മകഥയിലും വൈറ്റില പ്രധാന കഥാപാത്രമാണ്.
ചരമവാര്‍ഷികം എന്ന കഥയാണ് എഴുത്തുകാരനായി ജീവിക്കാന്‍ നോവലിസ്റ്റ് ജോസഫ് വൈറ്റിലയ്ക്ക് ആവേശമായത്. ജീവിതത്തെക്കാള്‍ വലിയ വായനയും പുസ്തകവും ഇല്ലാത്തതിനാല്‍ ജീവിതംകൊണ്ടെഴുതിയത്. ജോസഫിന്റെ ഒന്നാമത്തെ കഥയാണ് ചരമവാര്‍ഷികം, ആദ്യം അച്ചടിച്ച കഥയും. അത് അന്നും ഇന്നും വിശദീകരിക്കാനാവാത്ത സംഭവമാണ്. അതിശയം തുടങ്ങുന്നത് ഇങ്ങനെ, സാഹിത്യവും ജീവിതവും എന്തെന്നു പിടിപാടില്ലാത്ത പതിനെട്ടാംവയസ്സ്. എന്തോ ഒരുസംഗതി എഴുതി. കഥയാണോ എന്നൊന്നും അറിയില്ല. അന്നത്തെ എഴുത്തുകാരായ സുഹൃത്തുക്കളാണ് കവി അപ്പന് തച്ചേത്തും കഥാകൃത്തും സംവിധായകനുമായ ജേസിയും. പേടിച്ചാണ് അപ്പനു കഥകൊടുത്തത്. അപ്പന് വായിച്ച് അന്ധാളിച്ചു. ഗംഭീരകഥ. ജോസഫ് നടുങ്ങി! താനെഴുതിയത് കഥതന്നെയാണോ. ഉടനെ മാതൃഭൂമി വാരികയ്ക്കയയ്ക്കാന് പറയുന്നു അപ്പന്. പിന്നെയും ഞെട്ടല്‍!വലിയ എഴുത്തുകാരനായ ജേസി അയച്ച പത്തുപതിനെട്ടു കഥകളാണ് മാതൃഭൂമിയില്‍ നിന്നും തിരിച്ചുവന്നിരിക്കുന്നത്. പിന്നെയാണൊരു ജോസഫ് വൈറ്റില!.
ചരമവാര്‍ഷികം മാതൃഭൂമിക്കയച്ചു. പ്രപഞ്ചം കീഴ്മേല്‍ മറിച്ചുകൊണ്ട് അഞ്ചാം ദിവസം എംടിയുടെ കത്ത്. ചരമവാര്‍ഷികം അടുത്തലക്കം പ്രസിദ്ധീകരിക്കുന്നു. പുതിയ ലക്കത്തില്‍ അതിന്റെ പരസ്യവും. ആകെയൊരു സംഭ്രമം. ഇരിക്കപ്പൊറുതിയില്ല. സത്യമോ മിഥ്യയോ? പുതിയ ലോകാത്ഭുതമോ. പറഞ്ഞപോലെ മാതൃഭൂമിയില്‍ കഥ വന്നു. അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ്.കെന്നഡിയുടെ മുഖചിത്രമുള്ള ലക്കം. അങ്ങനെ ഒരൊറ്റ ദിവസംകൊണ്ട് ലോകം ഭൂമിമലയാളമായി. അതില്‍ അതിശയപ്പിറവിയായി ജോസഫ് വൈറ്റില എന്ന എഴുത്തുകാരനും.
കഥാകൃത്തായെങ്കിലും ജീവിതമായില്ല. എഴുതിത്തോല്പ്പിക്കാനാവാതെ തട്ടിയും തടഞ്ഞും ജീവിതം വെല്ലുവിളിച്ചുകൊണ്ടിരുന്നു. പതിനൊന്നു മക്കളില്‍ എട്ടാമനായ ജോസഫിന് ഓരോ ജോലിചെയ്യുമ്പോഴും പറയാനുണ്ടായത് അമ്മയുടെ കണ്ണീരുകണ്ടിട്ടു നില്‍ക്കാനാവില്ലെന്നായിരുന്നു. ആ കണ്ണീരുണക്കാനുള്ള ഓട്ടമായിരുന്നു എന്നും.പച്ചപിടിക്കണമെങ്കില്‍ സര്‍ക്കാര്‍ ജോലിവേണം. അതിന് മുന്നോടിയായി ചാലക്കുടിയില്‍ ഐടിഐയില്‍ ചേര്‍ന്നു. അമ്മ അയച്ചുതരുന്ന അഞ്ചു രൂപയില്‍ ചെലവൊതുക്കണം.നിത്യവും ഊണുകഴിക്കുന്നിടത്ത് ഒരു ദിവസം ചെന്നിരിക്കുമ്പോള്‍ ജോസഫിനുമാത്രം ഇലയിട്ടിട്ടില്ല. മറ്റെല്ലാവര്‍ക്കും ഇലയുണ്ട്. പതിനൊന്നു രൂപ കടമായതിനാലാണ്് അന്നം മുടങ്ങിയത്. മനസ്സ് വേദനിച്ചു പുറത്തേക്കിറങ്ങുമ്പോള്‍ പോസ്റ്റുമാന് പണം നീട്ടുന്നു, 20രൂപ. മാതൃഭൂമിയില്‍ നിന്നും കഥയ്ക്കുവന്ന പ്രതിഫലം! ഓടിച്ചെന്നു കടംവീട്ടി.
ഇങ്ങനെ നാടകത്തെക്കാള്‍ നാടകീയമായിരുന്നു എന്നും ജീവിതം. ഐടിഐയില്‍ തുടരുമ്പോള്‍ തന്നെയാണ് പിഎസ്സിയില്നിന്നും വിളിവന്നത്. പെരിയാര്‍വാലി ഇറിഗേഷന്‍ പ്രോജക്റ്റിലാണ് ജോലി. കൂടിക്കാഴ്ചയില്‍ മേല്‍വിലാസം എഴുതിക്കൊണ്ടിരിക്കെ എ.പി.ജോസഫ്, ആയത്തു പറമ്പ്, വൈറ്റില,കൊച്ചി-19 എന്നായപ്പോള്‍ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ചോദ്യം. ജോസഫ്, കഥ എഴുതുന്ന ജോസഫ് വൈറ്റിലയെ അറിയുമോ. അദ്ദേഹത്തിന്റെ വീടിനടുത്താണോ താമസം. വല്ലാത്തൊരാനന്ദ വേദന അപ്പോഴുണ്ടായി. ആ ആളാണ് സാറേ ഈ ആള് എന്നു പറഞ്ഞപ്പോള്‍ അതിശയിച്ചു മരവിച്ചത് എഞ്ചിനീയറാണ്.ചരമവാര്‍ഷികം വായിച്ച് ഉറക്കമില്ലാത്ത രാത്രികളിലായിരുന്നു എഞ്ചിനിയര്‍. കഥയിലെ സഹോദരനും സഹോദരിയും അദ്ദേഹത്തെ ഉലച്ചുകളഞ്ഞിരുന്നു. ഒരുകഥ കൊണ്ടുവന്ന മഹത്വം! പതിമൂന്നു ദിവസമേ ആ ജോലിചെയ്തുള്ളൂ. അതും വിട്ടെറിഞ്ഞ് വീണ്ടും ഐടിഐയില്‍ ചെന്നപ്പോള്‍ അവിടേയും പ്രശ്നം. കൂടിയാല്‍ പത്തു ദിവസത്തെ ലീവേ അനുവദിക്കൂ. പതിമൂന്നുദിവസം ഒരിക്കലും പറ്റില്ല. കൈയുംകാലുംപിടിച്ച് ഒരുകണക്കിന് അകത്തുകടന്നു.
അങ്ങനെ കര്‍ട്ടനിടാത്ത ജീവിതനാടകത്തിലെ പല വേഷക്കാരനായി ജോസഫ് വൈറ്റില. ഒരുപക്ഷേ ഈ നാടകീയതയാവണം പിന്നീട് വൈറ്റിലയെ സ്വന്തമായി ഒരുനാടകം എഴുതിപ്പിച്ചതും. അമാവാസി എന്ന നാടകം അരങ്ങേറാന്‍ സ്വന്തമായി ഒരു സമിതിയും ഉണ്ടാക്കി, നവദര്‍ശന. വായനയെക്കാള്‍ അനുഭവം കൊണ്ടാണ് വൈറ്റില എഴുതിയത്. ജീവിതത്തിന്റെ ഓട്ടത്തിരക്കില്‍ അത്രവായിക്കാനായില്ല. അനുഭവങ്ങളുടെ വലിയ വായനയ്ക്കു മുന്നില്‍ പുസ്തകം തോറ്റുപോയി. നോക്കുന്നിടത്തൊക്കെ ജീവിതമായിരുന്നു. പച്ചയായ ജീവിതം. അതില്‍ സ്വപ്നവും സങ്കല്പ്പവുമൊക്കെ ഉണ്ടാവാം എന്നുമാത്രം.
മാതൃഭൂമിയില്‍ വന്ന രണ്ടാമത്തെ കഥയാണ് ടെക്നീഷ്യന്. അതു സിനിമയാക്കാന്‍ ചിലര്‍ മിനക്കെട്ടുവെങ്കിലും നടന്നില്ല. കഥകള്‍ എഴുതിക്കൊണ്ടിരിക്കെ എന്തുകൊണ്ട് നോവലും ആയിക്കൂടെന്നായി. അങ്ങനെ എഴുതിയതാണ് ആശ്രമം. അതും എംടി മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചു. ആശ്രമം വന്‍ഹിറ്റായിരുന്നു. വൈറ്റില അങ്ങനെ കഥയിലും നോവലിലും രാജകുമാരനായി. പാവങ്ങളുടെ പാഞ്ചാലി, പീഡിതരുടെ സങ്കീര്‍ത്തനം, സ്വപ്നചക്രവര്‍ത്തി, വിതുമ്പി പൊട്ടുമ്പോള്‍, സ്വര്‍ഗ്ഗം താണിറങ്ങിവരാറുള്ള ഒരു കുടില്‍, നിത്യവിസ്മയത്തോടെ തുടങ്ങി പതിനഞ്ചോളം കഥകളെഴുതി. ആദ്യപുസ്തകം കഥാസമാഹാരമായിരുന്നു. മലയാള മനോരമയിലും കലാകൗമുദിയിലും എഴുതിയിരുന്നു. 19 നോവലെറ്റുകള്‍ കലാകൗമുദി പ്രസിദ്ധീകരിച്ചു.
സാഹിത്യത്തിലെ വമ്പന്മാരുമായിട്ടായിരുന്നു ചങ്ങാത്തം. പോഞ്ഞിക്കര റാഫിയും വിക്ടര്‍ ലീനസും. ജോസഫ്, റാഫിയെ വിശേഷിപ്പിക്കുന്നത് സാഹിത്യത്തിലെ വിശുദ്ധന് എന്നാണ്. വിക്ടര്‍ ലീനസിനെ മഹാപ്രതിഭയെന്നും. രണ്ടുപേരും സാഹിത്യത്തില്‍ പകരക്കാരില്ലാത്ത ഒറ്റയാന്മാരായിരുന്നു. റാഫിക്കൊപ്പം പലപ്പോഴും പോഞ്ഞിക്കരയിലായിരുന്നു. പറയുമ്പോള്‍ ഓര്‍മയുടെ ഓളപ്പരപ്പില്‍ ഭൂതകാലം തിരളുന്നു.
25വര്‍ഷമാണ് വിക്ടര്‍ ലീനസിനൊപ്പം നടന്നത്. വിക്ടര്‍ ആരെന്ന് കൂടുതല്‍ അറിഞ്ഞ ഒരാള്‍. ജീവിതത്തോട് എതിര് എന്നു പ്രത്യക്ഷത്തില്‍ തോന്നുമെങ്കിലും ജീവിതത്തോടു കൂടെയായിരുന്നു എന്നും വിക്ടര്‍ ലീനസ്. അദ്ദേഹത്തിന്റെ കഥകള്‍ പറഞ്ഞുതരുന്നതും അതാണ്. വലിയ ജ്ഞാനിയായിരുന്നു. സംസാരിക്കുന്നത് സൂക്ഷിച്ചുവേണം. അറിയാത്തതൊന്നുമില്ല. മസ്തകപ്പൊക്കമുള്ള 22 കഥകളേ എഴുതിയിട്ടുള്ളു. അതുമതി എന്നും ഓര്‍ക്കാന്‍. യാത്രാമൊഴിയാണ് അവസാനത്തെ കഥ. ജീവിതത്തോടു പൊരുതി വിധിയോടുതോറ്റ് യാത്രാമൊഴിപോലെ തെരുവോരത്തു മരിച്ചുകിടന്ന ജീവിതം. വിശ്വസാഹിത്യം മുഴുവനും കലക്കിക്കുടിച്ച വിക്ടര്‍ ഒരു ദിവസം പറഞ്ഞു, ഇത്തവണ സാഹിത്യ നോബെല്‍ ഗുന്തര്‍ ഗ്രസിനായിരിക്കുമെന്ന്. പറഞ്ഞതു പോലെ അത് ഗ്രസിനു തന്നെയായിരുന്നു.
മൂന്നു മക്കളുണ്ട് ജോസഫ് വൈറ്റിലയ്ക്ക്. മൂന്നുപേരും പിജി കഴിഞ്ഞു. ഭാര്യ എലിസബത്ത്. പഴയ വീട് മെട്രോയ്ക്കായെടുത്തപ്പോള് തൊട്ടടുത്തുതന്നെ അനുജന്റെ വീട്ടില്‍ വാടകയ്ക്കു താമസിക്കുന്നു. മൂന്നരസെന്റ് സ്ഥലം ബാക്കിയുണ്ട്. അവിടെയൊരുവീട്. അതാണ് സ്വപ്നം.
വൈറ്റില ഇന്ന് മാനംമുട്ടെ വളരുമ്പോഴും അതിനും മുന്‍പേ ആ പേരുകേള്‍പ്പിച്ച ജോസഫ് വൈറ്റിലയെ സ്നേഹാദരവോടെയാണ് നാട്ടുകാര്‍ കാണുന്നത്. അതാണ് ഈ എഴുത്തുകാരന്റെ നോബെല്‍ പുരസ്കാരം. ആയത്തുപറമ്പില്‍ പാപ്പച്ചന്റേയും അനസ്താസ്യയുടേയും മകനായ ജോസഫ് വൈറ്റിലയ്ക്കു എണ്പതു കഴിഞ്ഞെങ്കിലും പ്രായമാകാത്ത ഭാവനയുടെ മുനകൂര്പ്പില് തന്നെയാണ് അദ്ദേഹമിന്നും. പുതുമയുടെ വര്‍ണ്ണപ്പകിട്ടില്‍ മറഞ്ഞുപോയ പഴയകൊച്ചിയെ ആത്മകഥയിലൂടെ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ജോസഫ് വൈറ്റില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: