മറന്നുപോയ ഒരു ചരമവാര്ഷികത്തെക്കുറിച്ചോര്ത്ത് ഇനി വേദനിച്ചിട്ടു കാര്യമില്ല. അതു കടന്നുപോയി. സ്നേഹവും കടപ്പാടുമൊക്കെ പെട്ടെന്നു മറക്കുന്നതാണ് സിനിമാലോകംഎന്നുകരുതാമോ. തിരക്കഥാകൃത്ത് ടി.എ.റസാക്കിന്റെ ഒന്നാം ചരമവാര്‍ഷിക ദിനമായിരുന്നു ഇക്കഴിഞ്ഞ ആഗസ്റ്റ് പതിനഞ്ച്. സിനിമാക്കാര് സൗകര്യപൂര്‍വം അതുമറന്നു.
റസാക്കിന്റെ സിനിമകളിലൂടെ സൗഹൃദംസ്ഥാപിച്ചവരും പേരെടുത്തവരും ആളായവരുമൊക്കെ ആ ദിവസത്തെ മറന്നത് റസാക്ക് താരമാകാതിരുന്നതുകൊണ്ടാണോ.
സിനിമ എന്നുപറഞ്ഞാല്‍ കുറഞ്ഞപക്ഷം സിനിമാക്കാര്‍ക്കെങ്കിലും താരങ്ങള്‍ മാത്രമാണ്. തിരക്കഥാകൃത്തെന്ന നിലയില്‍ റസാക്ക് വലിയൊരു താരം തന്നെയായിരുന്നു. മലയാള സിനിമയില്‍ ഒഴിവാക്കാനാകാത്ത ഇടംനേടിയവയാണ് റസാക്കിന്റെ തിരക്കഥകള്‍. അത് ജീവിതംകൊണ്ടെഴുതിയ കഥകളായിരുന്നു. അവയില്‍ പലതും ഹിറ്റായിരുന്നു. ഘോഷയാത്ര, വിഷ്ണുലോകം, നാടോടി,ഭൂമിഗീതം, ഗസല്‍, കാണാക്കിനാവ്,താലോലം, സ്നേഹം, വേഷം, പെരുമഴക്കാലം, രാപ്പകല്‍ എന്നിങ്ങനെ ജീവിത ഗന്ധിയായ സിനിമകള്‍ക്കാണ് അദ്ദേഹം തൂലികചലിപ്പിച്ചത്.അതില്‍ കാണാക്കിനാവിന് നിരവധി അവാര്‍ഡുകള്‍ ലഭിച്ചു.
ടി.എ അബുവിന്റെയും ലെനിന് രാജേന്ദ്രന്റെയും അസിസ്റ്റന്റ് ഡയറക്ടറായാണ് കൊണ്ടോട്ടിക്കാരന്‍ റസാക്കിന്റെ സിനിമാജീവിതം തുടങ്ങുന്നത്. പിന്നീട് നടന് തിലകന്റെ ഉപദേശത്തില്‍ തിരക്കഥയിലേക്കു വരുകയായിരുന്നു. തിലകന് സംവിധാനംചെയ്ത പ്രശസ്ത നാടകം ഫസഹ് ഘോഷയാത്ര എന്നപേരില്‍ സിനിമയായപ്പോള്‍ തിരക്കഥ റസാക്കിന്റെതായിരുന്നു. ആദ്യ തിരക്കഥ. തുടര്‍ന്ന് സൂപ്പര്‍ താരങ്ങളും വലിയ സംവിധായകരും റസാക്കിനൊപ്പം സഹകരിച്ചു.
റസാക്കിന്റെ ചരമവാര്‍ഷികം സിനിമാക്കാര് മാത്രം അറിയാതെപോയി. പക്ഷേ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും അങ്ങനെയാകാന്‍ പറ്റില്ലല്ലോ. റസാക്കിന്റെ ഭാര്യ ഷാഹിദ മുന്‍കയ്യെടുത്തു ഒരുചെറിയ ചടങ്ങ് നാട്ടില്‍ നടത്തി. നേരത്തേയുണ്ടായ ചില പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണ് സിനിമാക്കാര് ചരമവാര്‍ഷികം മറന്നതെന്നാണ് പറയപ്പെടുന്നത്. ഇതുകൂടാതെ റസാക്കിന്റെ കുടുംബത്തേയും മറ്റുചില സിനിമാക്കാരേയും സഹായിക്കാനായി താരങ്ങള്‍ പങ്കടുത്ത കലാപരിപാടിയില്‍നിന്നും കിട്ടിയ വന്‍തുകയില്‍നിന്നും റസാക്കിന്റെ കുടുംബത്തിന് ഒന്നും കിട്ടിയില്ലെന്നും പറയുന്നു. റസാക്കിന്റെ ഭാര്യ ഷാഹിദയും രണ്ട് കുട്ടികളും കോഴിക്കോട് കണ്ണഞ്ചേരിയില്‍ വാടകവീട്ടിലാണ് കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: