പത്തനംതിട്ട: ആറന്മുളയിലെ മിച്ചഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ അട്ടിമറിക്കാനുള്ള ചില ഉദ്യോഗസ്ഥരുടെ നീക്കത്തിന് തിരിച്ചടി. ആക്ഷേപം അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്കാന് ജില്ലാ കളക്ടറോട് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന് ആവശ്യപ്പെട്ടു.
മന്ത്രിയുടെ ഓഫീസില്‍ നിന്ന് പരാതി സംബന്ധിച്ച് വിവരം തിരക്കിയതായി കളക്ടര്‍ ആര്.ഗിരിജ പറഞ്ഞു. ഭൂമി ഏറ്റെടുക്കല്‍ നടപടി തുടങ്ങിയിരുന്നതായും ഏഴ് ഹെക്ടര്‍ ഏറ്റെടുത്ത് കഴിഞ്ഞപ്പോഴേക്കും കോടതി സ്റ്റേനല്കിയെന്നുമാണ് കളക്ടറുടെ വിശദീകരണം. കോഴഞ്ചേരി താലൂക്ക് ലാന്റ് ബോര്‍ഡ് യോഗം ജൂലായ് 12നാണ് മൗണ്ട് സിയോണ്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ കൈവശമുള്ള 293.30 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. കോഴഞ്ചേരി, അടൂര്്, ആലത്തൂര്‍ താലൂക്കുകളിലുള്ള ഭൂമിയാണ് മിച്ചഭൂമിയായി പ്രഖ്യാപിച്ചത്. ഇതില്‍ ആറന്മുളയില് വിമാനത്താവളത്തിനായി കണ്ടെത്തിയ 232 ഏക്കര്‍ ഭൂമിയും ഉണ്ടായിരുന്നു.
ഈ മാസം ഒന്നിന് ഉത്തരവ് പുറത്ത് വന്നെങ്കിലും ഇതിന്റെ പകര്‍പ്പ് വില്ലേജ് ഓഫീസുകളില്‍ എത്തിയത് നിശ്ചിത സമയപരിധി കഴിഞ്ഞാണെന്നതാണ് ഉയര്‍ന്ന പ്രധാന പരാതി. ഭൂമി കൈവശം വച്ചിരുന്ന ഏബ്രഹാം കലമണ്ണില്‍ ഇതിനിടെ ഹൈക്കോടതിയെ സമീപിച്ച് നടപടിക്കെതിരെ സ്റ്റേ സമ്പാദിക്കുകയും ചെയ്തു. ആറന്മുളയിലെ ഭൂമി സംബന്ധിച്ച പരാതി പരിഗണിക്കാനാണ് കോടതി പറഞ്ഞതെങ്കിലും ഏബ്രഹാമിന്റെ മറ്റ് ഇടങ്ങളിലെ ഭൂമി കൂടി ഇതിനൊപ്പം പരിഗണിക്കുകയായിരുന്നു. ഇത് കേസ് ദുര്‍ബലമാക്കിയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഏറ്റെടുക്കല്‍ ഉത്തരവ് വില്ലേജ് ഓഫീസുകളില്‍ എത്താന്‍ വൈകിയതിലും ദുരൂഹതയുണ്ടെന്ന ആക്ഷേപവും ശക്തമാണ്. ആറന്മുളയിലെ 232 ഏക്കര്‍ ഭൂമി മിച്ചഭൂമിയായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് 2012ല്‍ വിമാനത്താവള വിരുദ്ധ സമരസമിതി സംസ്ഥാന ലാന്റ് റവന്യൂ കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. 2013 ഏപ്രില്‍ 10ന് 232 ഏക്കര്‍ ഭൂമി മിച്ചഭൂമിയായി താലൂക്ക് ലാന്റ് ബോര്‍ഡ് പ്രഖ്യാപിച്ചു.
എന്നാല്‍ വിമാനത്താവള കമ്പനിയായ കെജിഎസ് ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിക്കുകയും ഈ ഉത്തരവ് റദ്ദാക്കുകയുമായിരുന്നു. കെജിഎസ് ഗ്രൂപ്പിന്റെ വാദം കൂട്ടി കേട്ട് തീരുമാനം എടുക്കാനാണ് കോടതി നിര്‍ദ്ദേശിച്ചത്. ബോര്‍ഡ് വീണ്ടും യോഗം കൂടി കേസ് കേട്ടശേഷമായിരുന്നു ഓഗസ്റ്റ് ഒന്നിന് മിച്ചഭൂമിയായി പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: