നീലവെളിച്ചത്തിന് കീഴെ നിന്ന് അവള് പാടാന്‍ തുടങ്ങി, high drive into frozen waves…ആ സ്വരമാധു രിയില്ലയിച്ചവര് ആലാപനത്തിലെ പൂര്‍ണതയില്‍ മതിമറന്ന് ആഹ്ലാ ദാരവങ്ങള്‍ ഉയര്‍ത്തി. അവരെല്ലാവരും ആ പത്തുവയസ്സുകാരിയെ വിസ്മയത്തോടെ നോക്കി. അവളുടെ പേര് ആഞ്ചലീക്ക ഹാലെ. america’s got talentഎന്ന റിയാലിറ്റി ഷോ സീസണ് 12 ലെ മത്സരാര്‍ത്ഥി.
2007 ജൂലൈ 31 ന് ജനിച്ച ആഞ്ചലീക്കയുടെ സ്വദേശം അമേരിക്കയിലെ ജോര്‍ജിയയാണ്. ആഞ്ചലീക്ക അക്ഷരാര്‍ത്ഥത്തില്‍ ആര്‍ക്കും ഒരു വിസ്മയമാണ്. ഒപ്പം പ്രചോദനവും. കുട്ടിത്തമുണ്ടെങ്കിലും വേദിയില്‍ അവള് പക്വതയാര്‍ന്ന ഒരു ഗായിക തന്നെ. ആരാകണമെന്ന ചോദ്യത്തിന് അടുത്ത വിറ്റ്നി ഹ്യൂസ്റ്റണ്‍ ആകണമെന്ന് ആഗ്രഹിക്കുന്ന പെണ്‍കുട്ടി. ആദ്യഗാനം കൊണ്ടുതന്നെ വിധികര്‍ത്താക്കളെ ഞെട്ടിച്ചു കളഞ്ഞു ആഞ്ചലീക്ക. ആ കുഞ്ഞു ശരീരത്തില്‍ നിന്ന് എങ്ങനെയാണ് ഇത്ര പവര്‍ഫുള്‍ ശബ്ദം വരുന്നതെന്ന ആശ്ചര്യമായിരുന്നു വിധികര്‍ത്താക്കള്‍ക്ക്. ഉച്ചസ്ഥായിയിലും സ്ഥിരതയോടെ പാടുന്ന ആഞ്ചലീക്ക ഇന്ന് America’s Got Talet ശ്രദ്ധാകേന്ദ്രമാണ്. ഇതൊക്കെ ഇപ്പോഴത്തെ ആഞ്ചലീക്കയുടെ വിശേഷങ്ങള്‍.
എന്നാല്‍ ആറ് വര്‍ഷം മുമ്പ് അവള് കടന്നുപോന്നത് കടുത്ത പരീക്ഷണഘട്ടത്തിലൂടെയാണ്. നാലാം വയസ്സില്‍ ശ്വാസകോശത്തെ ബാധിച്ച അണുബാധയെ തുടര്‍ന്ന് വൃക്കകള്‍ രണ്ടും തകരാറിലായി. അറ്റ്ലാന്റയിലെ ചില്‍ഡ്രന്‍സ് ഹെല്‍ത്ത്കെയര്‍ ഹോസ്പിറ്റലില്‍ ജീവന്‍രക്ഷോപാധികളുടെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തിയിരുന്നത്. വൃക്ക മാറ്റിവയ്ക്കുക എന്നതായിരുന്നു പരിഹാരം. ജീവന് തിരിച്ചുകിട്ടുമോ എന്ന് ഉറപ്പില്ലാത്ത പരീക്ഷണം എന്നും പറയാം. ഈശ്വരന് അവള്‍ക്കൊപ്പമായിരുന്നു. ജീവിതത്തിലേക്ക് ആഞ്ചലീക്ക മടങ്ങി വന്നു. ആഴ്ചകളോളം ഐസിയുവിലും മറ്റുമായി 80 ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം. പിന്നീടൊരിക്കലും അവളുടെ ജീവിതം പഴയതുപോലെ ദുരിതങ്ങള്‍ നിറഞ്ഞതായില്ല.
ആഞ്ചലീക്കയുടെ അവസ്ഥകണ്ട് നിസ്സഹായരായി നോക്കി നില്ക്കാന് അവളുടെ മാതാപിതാക്കള്‍ക്ക് ആകുമായിരുന്നില്ല. മാസങ്ങള്‍ നീണ്ട പരിശോധനയ്ക്ക് ശേഷം അമ്മ ഇവ ബൊലാന്ഡോയുടെ വൃക്ക മകള്‍ക്ക് യോജിക്കുമെന്ന് കണ്ടെത്തി. സ്വന്തം ഉയിരുകൊടുത്തും മകളെ രക്ഷിക്കാന്‍ തീരുമാനിച്ച ആ അമ്മയ്ക്ക് മറിച്ചൊരു തീരുമാനവും എടുക്കാനുണ്ടായിരുന്നില്ല. അച്ഛന് ജെയിംസ് ഹാലെയും ആ തീരുമാനത്തോട് യോജിച്ചു. 2013 സപ്തംബര്‍ 13 നായിരുന്നു വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്. രണ്ട് വയസ്സുള്ളപ്പോഴാണ് ആഞ്ചലീക്കയ്ക്ക് സംഗീത വാസനയുണ്ടെന്ന് മാതാപിതാക്കള്‍ തിരിച്ചറിഞ്ഞത്. രോഗക്കിടക്കയില്‍ നിന്നും വീട്ടിലെത്തിയപ്പോള്‍ മാതാപിതാക്കള്‍ ആഞ്ചലീക്കയ്ക്ക് വേണ്ടി ചെയ്തത് ഗായികയാവുകയെന്ന അവളുടെ സ്വപ്നത്തിന് കൂട്ടിരിക്കുകയെന്നതാണ്. അവരുടെ പരിശ്രമം ഇല്ലായിരുന്നെങ്കില്‍ ഒരുപക്ഷെ ആഞ്ചലീക്ക എന്ന പ്രതിഭ ഉണ്ടാവുമായിരുന്നില്ല.
കുഞ്ഞുനാളില്‍ തനിക്ക് നേരിട്ട ദുരിതങ്ങളുടെ തീവ്രത മനസ്സിലാക്കാന്‍ സാധിച്ചതുകൊണ്ടാവാം ഈ കുരുന്നു പ്രായത്തില്‍ തന്നെ സേവന പ്രവര്‍ത്തനങ്ങളിലും ആഞ്ചലീക്ക പങ്കാളിയാവുന്നത്. അതില്‍ അധികവും കുട്ടികളുടെ ആശുപത്രികള്‍ക്കുവേണ്ടിയാണ്.
ആരേയും വിസ്മയിപ്പിക്കാന് കഴിവുള്ളവരാണ് കുട്ടികള്‍. അവരില്‍ ഒളിഞ്ഞിരിക്കുന്ന കഴിവ് കണ്ടെത്തി പ്രോത്സാഹിപ്പിക്കുമ്പോള്‍ അവര്‍ ലോകത്തിന് തന്നെ അതിശയമായി മാറും. ആഞ്ചലീക്കയെ പോലെ. നാലാം വയസ്സില്‍ ജീവിതത്തിലേക്കോ മരണത്തിലേക്കോ എന്നറിയാതെ ആശുപത്രിയുടെ നാല് ചുവരുകള്‍ക്കുള്ളില്‍ കഴിഞ്ഞ ആഞ്ചലീക്കയുടെ ലോകം ഇന്ന് വിശാലമാണ്. അവളുടെ സംഗീതത്തിനാവട്ടെ കാല-ദേശ ഭേദമെന്ന അതിര്‍ത്തിയുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: