ആഗസ്റ്റ് 14 ന് സര്‍സംഘചാലക് മോഹന്‍ ജി ഭാഗവതിന്റെ പാലക്കാട് സന്ദര്‍ശനവേളയില്‍ നടന്ന ഒരു കാര്യക്രമം സംഘപഥത്തെ സംബന്ധിച്ചിടത്തോളം ഏറെ ആഹ്ലാദകരമായിരുന്നു. 2000-മാണ്ട് കാലത്തു പ്രസിദ്ധീകൃതമായ ഏതാണ്ട് 90 ഓളം പ്രകരണങ്ങള്‍ സമാഹരിച്ച് ജന്മഭൂമി തയ്യാറാക്കിയ എന്റെ പുസ്തകത്തിന്റെ പ്രസാധനം അദ്ദേഹം നിര്വഹിച്ചുവെന്നതാണതിനു കാരണം.
ഔപചാരിക ചടങ്ങ് അപ്പോഴായിരുന്നുവെങ്കിലും പ്രീപബ്ലിക്കേഷന്‍ പദ്ധതി പ്രകാരം പുസ്തകം വാങ്ങി വായിച്ചവരുടെ അഭിനന്ദന സന്ദേശവിളികള് എന്നെ ശ്വാസംമുട്ടിക്കുന്നുവെന്നു പറയാം. കേവലം ലളിതവായനയ്ക്കുതകണമെന്ന നിര്‍ദ്ദേശമനുസരിച്ച് ആരംഭിച്ച ഈ പംക്തി ഇത്രയേറെ ശ്രദ്ധേയമാകുമെന്ന് വിചാരിച്ചതേയില്ല.
പാലക്കാട്ടെ സര്‍സംഘചാലകന്റെ രണ്ടുദിവസത്തെ പരിപാടികളെയും വിവാദവിഷയമാക്കാന്‍ കപടമതേതര ഇടതുപക്ഷ വര്‍ഗീയവാദികളും അവരുടെ ചാനലുകളും കൊമ്പുവിളിക്കാരും നടത്തിവരുന്ന, അതും ഭരണയന്ത്രത്തെപ്പോലും ഉപയോഗിച്ചുകൊണ്ടുള്ള കുത്സിതവും അപലപനീയവുമായ ശ്രമങ്ങള്‍ക്കും കേരളം സാക്ഷ്യം വഹിക്കുന്നു.
1947 ആഗസ്റ്റ് 15 നു ലഭിച്ചത് യഥാര്‍ത്ഥ സ്വാതന്ത്ര്യമല്ലെന്ന് പ്രഖ്യാപിച്ചവരും 1950 ജനുവരി 26 ന് ഭാരതം റിപ്പബ്ലിക്കായപ്പോള്‍ അത് ആംഗ്ലോ അമേരിക്കന്‍ സാമ്രാജ്യശക്തികള്‍ക്ക് ഇന്ത്യന്‍ ജനതയെ അടിയറവച്ച പ്രതിഷേധദിനമാണെന്നും പ്രഖ്യാപിച്ച് കരിദിനമാചരിച്ചവരുടെ പിന്മുറക്കാര് ഭരിക്കുന്ന കേരളത്തില്‍ സര്‍സംഘചാലക് ദേശീയ പതാക ഉയര്‍ത്തിയതിനെ തടയാന്‍ ഭരണാധികാരമുപയോഗിച്ചവരെപ്പറ്റി എന്തുപറയാന്‍! ഞാന്‍ പഠിച്ച തൊടുപുഴ ഗവ.
ഹൈസ്കൂളിന്റെ ഭിത്തിയില്‍ ടാര്‍കൊണ്ട് എഴുതിയിരുന്ന രാജ്യദ്രോഹ സന്ദേശങ്ങള്‍ ചുരണ്ടിക്കളയാന്‍ ഹെഡ്മാസ്റ്റര് പി. കൃഷ്ണന് നമ്പൂതിരിപ്പാടും മുതിര്‍ന്ന വിദ്യാര്‍ത്ഥികളും മണിക്കൂറുകള്‍ ബുദ്ധിമുട്ടേണ്ടിവന്നതോര്ക്കുന്നു.
പാലക്കാട്ട് കുടുംബസഹിതം പോയതിന്റെ മറ്റൊരു ചാരിതാര്‍ത്ഥ്യജനകമായ അനുഭവം വിവരിക്കാനാണ് പേനയുമായി ഇരുന്നത്. കേരളത്തിന്റെ പ്രാന്ത പ്രചാരകനായും ക്ഷേത്രീയ പ്രചാരകനായും പ്രവര്‍ത്തിച്ച് മുതിര്‍ന്ന സ്വയംസേവകന് എസ്. സേതുമാധവന്റെ അഭിവന്ദ്യമാതാവിനെ കാണാന്‍ പോയ അനുഭവം ജന്മഭൂമി വായനക്കാരുമായി പങ്കുവയ്ക്കാനായിരുന്നു അത്. അവരുടേതാണ് പാലക്കാട്ടെ സമ്പൂര്‍ണ്ണ സംഘകുടുംബമെന്നു പറയാം. അമ്മയും സഹോദരിയും രാഷ്ട്രസേവികാ സമിതിയുടെയും സഞ്ചാലികമാരായിരുന്നു.
സേതുമാധവനും ഞാനും ഒരേ വര്‍ഷമാണ് പ്രഥമവര്‍ഷ ശിക്ഷണം കഴിഞ്ഞത്. ഞാന്‍ ഡിഗ്ര കഴിഞ്ഞു ഒരു വര്‍ഷംകൂടി കഴിഞ്ഞിരുന്നുവെങ്കില്‍ അദ്ദേഹം അന്ന് ഒമ്പതിലോ പത്തിലോ പഠിക്കുന്ന ബാല്യം കൈവിടാത്ത പ്രായമായിരുന്നു.
ഗൃഹാതുരത്വമുണ്ടായിരുന്നുവെന്നുതോന്നുന്നു. ചെന്നൈയിലെ ഭക്ഷണത്തില്‍ ചേര്‍ക്കുന്ന എണ്ണയും മറ്റും ശീലമില്ലാത്തതിനാല്‍ വയറ്റില്‍ ഒന്പതാമുത്സവവുമായി ഞാന്‍ ശാരീരികില്‍ പങ്കെടുക്കാന്‍ കഴിയാതെ വിവേകാനന്ദ കോളജിലെ സരസ്വതി മണ്ഡപത്തിന്റെ പടിയില്‍ ഇരിക്കുമ്പോള്‍ ഗൃഹാതുരത്വവും പനിയുമായി ഇരുന്ന ആളെ പരിചയപ്പെട്ടു വിവരങ്ങള്‍ അന്വേഷിച്ചു.
തിരുവനന്തപുരത്തു പ്രചാരകനായിരുന്ന മാധവജിയില്നിന്ന് പാലക്കാട്ടെ സംഘത്തെപ്പറ്റി കേട്ടിരുന്നതേ ഉള്ളൂ. സേതുമാധവന് 1957 ല്‍ ഒരിക്കല്‍ക്കൂടി പ്രഥമവര്‍ഷം ചെയ്തു. അപ്പോള്‍ ഗുരുവായൂരില്‍ പ്രചാരകനായ ഞാന്‍ ദ്വിതീയ വര്ഷത്തിനുണ്ടായിരുന്നു. അദ്ദേഹം അടുത്ത വര്‍ഷം ഉപരിപഠനത്തിന് പോകാതെ പ്രചാരക ജീവിതമാരംഭിച്ചു.
പിറന്നുവീണപ്പോള്ത്തന്നെ അച്ഛന് ശങ്കരേട്ടന്, ആ സമയത്തു വീട്ടിലെത്തിയ ദത്തോപാന്ത് ഠേംഗഡിയുടെ കയ്യിലേക്ക് ഇവന് സംഘത്തിനുള്ളതാണ് എന്നുപറഞ്ഞുകൊണ്ട് ഏല്‍പ്പിച്ചുവെന്നാണ് മാധവജിയും ശങ്കര്‍ശാസ്ത്രിജിയും പറഞ്ഞു ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. പ്രചാരകനായശേഷം പലപ്പോഴും പാലക്കാട്ടുപോയപ്പോള് ശങ്കരേട്ടന് ജോലി ചെയ്തിരുന്ന കടയില്‍ പോയി കണ്ട് രണ്ടുവാക്ക് പറഞ്ഞുപോകുക എന്ന പതിവ് തെറ്റിച്ചിട്ടില്ല എന്നുപറയാം.
ജനസംഘത്തിന്റെ ചുമതല ലഭിച്ച 1967 ലാണ് അവരുടെ വീട്ടില്‍ പോകാനും അമ്മയേയും കുടുംബാംഗങ്ങളെയെല്ലാം പരിചയപ്പെടാനും കഴിഞ്ഞത്. പരമേശ്വര്ജിയുമൊരുമിച്ചായിരുന്നു പോയത്. അമ്മ വിശേഷണങ്ങളും കുടുംബകാര്യങ്ങളും അന്വേഷിച്ചു മനസ്സിലാക്കി.
അങ്ങേയറ്റം ഹൃദയംഗമമായ പെരുമാറ്റം. ആ സംഭാഷണത്തിനിടയിലാണ് എന്റെ അമ്മയുടെയും അവരുടെയും പേര് ഒന്നാണെന്നറിയുന്നത്.സേതുമാധവന്റെ ജ്യേഷ്ഠന് ഭാസ്കരന് (മാസ്റ്റര്‍) പ്രഥമവര്ഷശിക്ഷണത്തിന് ഞാന്‍ ശിക്ഷകനായിരുന്ന ഗണയിലായിരുന്നു. ആദ്യം ഭാസ്കരന് മാസ്റ്ററുടെ അനുജനാണ് പ്രചാരകന് സേതുമാധവന് എന്നു അറിഞ്ഞില്ല.
മറ്റൊരു കാര്യം ഓര്‍മ്മയില്‍ വരുന്നതും രസകരമാണ്. ഞാന്‍ ഗുരുവായൂരില്‍ പ്രചാരകനായ രണ്ടാം വര്‍ഷം സേതുമാധവന് ഗോപിചെട്ടിപ്പാളയം എന്ന സ്ഥലത്തു വിസ്താരകനായി പോയി എന്ന് പ്രാന്തപ്രചാരക് ദത്താജിയുടെ കത്തില്‍നിന്ന് മനസ്സിലായത്. പാലക്കാട്ടുകാരന് സെല്‍വം ആയിരുന്നു അവിടെ പ്രചാരകന്.
അപ്പോള്‍ ഒരു കാര്‍ഡ് എഴുതി അയച്ചു; വിലാസം ശരിയോ എന്നറിയില്ല. രണ്ടുദിവസം കഴിഞ്ഞു ശരിത്തമിഴില് (ലിപി മലയാളം) മറുപടിക്കാര്ഡും കിട്ടി ‘ഊങ്കള്‍ കടിതം കൊടുന്തമിഴായിരുക്കേ എന്ന വാചകം മറന്നിട്ടില്ല; കാര്‍ഡും ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പുവരെ എന്റെ ശേഖരത്തിലുണ്ടായിരുന്നു.
സേതുമാധവന്റെ പ്രചാരകജീവിതത്തിന്റെ തുടക്കം തൊടുപുഴയായിരുന്നു. 59 ലായിരിക്കണം, എന്റെ അമ്മ പരിചയപ്പെട്ടിട്ടുള്ള പ്രചാരകന്മാരില് ഏറ്റവും വാത്സല്യം മറ്റാരോടുമായിരുന്നില്ല. സ്വയംസേവകര്‍ എന്നതുപോലെ അമ്മമാരുടെ ഈ സാധര്‍മ്യവും ഞങ്ങള്‍ക്കിടയിലുള്ള മമതയ്ക്കു ഇഴയടുപ്പമുണ്ടാക്കിയിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു.
ആഗസ്റ്റ് 14 ന് പാലക്കാട്ട് കാര്യക്രമം കഴിഞ്ഞ് ആഹാരശേഷം അമ്മയെ കാണാനുള്ള ആഗ്രഹമറിയിച്ചപ്പോള്‍ സേതുമാധവന് തന്നെ കൂടെവന്നു. ഞങ്ങള്‍ ഭാസ്കരന്മാസ്റ്ററുടെ വീട്ടില്‍ പോയി. ഒരു വശം തളര്‍ന്നു ശയ്യാവലംബിനിയായ അവരുടെ അടുത്തിരുന്നു. അമ്മയേയും എണീപ്പിച്ചിരുത്തി. അവരുടെ ഓര്‍മ്മ തെളിഞ്ഞുവരാന്‍ അല്‍പ്പം സമയമെടുത്തു.
അതിനിടെ നാരായണ്‍ജിയെ ഓര്‍മ്മയില്ലേ” എന്ന മകന്റെ അന്വേഷണത്തോടെ എല്ലാം വ്യക്തമായി. അച്ഛന് മരിച്ചപ്പോഴല്ലേ മുന്‍പു വന്നത് എന്ന് അന്വേഷിച്ചു. ഏതാണ്ടു മുപ്പതുവര്‍ഷമായി ശങ്കരേട്ടന് മരിച്ചിട്ട്. ഭാസ്കരന് മാസ്റ്റര്‍ കല്ലേക്കാട് പ്രശിക്ഷണ കേന്ദ്രത്തിന്റെ ചുമതല വഹിച്ചിരുന്നപ്പോള്‍ അവിടെ ക്ലാസ്സുകളെടുക്കാന്‍ എന്നെ വിളിക്കുകയും, വീട്ടില്‍ കൊണ്ടുവരികയും പതിവായിരുന്നു എന്നുപറഞ്ഞപ്പോള്‍ അതും ഓര്‍മ്മയില്‍ വന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് എറണാകുളത്ത് വന്നപ്പോള്‍ (പച്ചാളത്തെ) വീട്ടില്‍ വന്ന് അവിടത്തെ അമ്മയെ കണ്ട കാര്യവും എന്റെ ശ്രീമതിയോട് പറഞ്ഞു. അവര്‍ എറണാകുളത്തെ ജനസംഘത്തിന്റെയും പിന്നീട് ബിജെപിയിലെയും മഹിളാ വിഭാഗത്തില്‍ സജീവപ്രവര്‍ത്തകയായിരുന്നു.
സംഘപഥത്തിലൂടെ എന്ന ഈ പംക്തിയാണ് ഞായറാഴ്ചത്തെ ജന്മഭൂമിയില് ആദ്യം വായിക്കുക, അതു മുഴുവനും വായിച്ചിട്ടുണ്ട് എന്ന് അത്യധികം താല്‍പ്പര്യത്തോടെ അമ്മ രണ്ടുമൂന്നു തവണ ആവര്‍ത്തിച്ചുപറഞ്ഞു. കേസരിയും ജന്മഭൂമിയും മുടങ്ങാതെ മുഴുവനും വായിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് സേതുമാധവന് പറഞ്ഞു. ഞങ്ങള്‍ക്കൊക്കെ ഗുരുവായൂരപ്പന്റെ ചിത്രവും മധുരവും നല്‍കിയാണ് വിട്ടത്.
ശരീരത്തിന്റെ ഇടതുഭാഗത്തിന്റെ തളര്‍ച്ചയാണ് ആ അമ്മയുടെ പ്രയാസത്തിന്റെ ഹേതു. അതിനു കാരണമായ മസ്തിഷ്കാഘാതം വലതുവശത്തായതിനാല്‍ ആണ് ഓര്‍മ്മയ്ക്കും, കാഴ്ചയ്ക്കും കേള്‍വിക്കും സംസാരത്തിനുമുള്ള ശേഷി നഷ്ടമാകാത്തതത്രെ. എന്റെ അവസ്ഥയും അതുതന്നെയാണെന്ന് പറഞ്ഞു. അത് രൂക്ഷമായ ആഘാതമല്ല.
അതിനാല്‍ അല്‍പ്പം പ്രയാസപ്പെട്ടാണെങ്കിലും നടക്കാനും മറ്റും കഴിയുന്നുവെന്നു മാത്രം. 96-ാം വയസ്സിലും ആര്‍ക്കും പ്രചോദനം നല്കുന്ന ആ അമ്മയുടെ മുന്നില്‍ സാക്ഷാല്‍ മഹാദേവിയെത്തന്നെയാണ് ദര്ശിച്ചതെന്നുതോന്നി. അന്നത്തെ സര്സംഘചാലകന്റെയും മറ്റു സംഘാധികാരിമാരുടെയും അത്താഴത്തിന്റെ ആതിഥേയയും അവരാണ് എന്ന് മനസ്സിലായി.
രണ്ട് വര്‍ഷം മുന്‍പ് തൃശ്ശിവപേരൂരില്‍ ഒരു പരിപാടിക്കു വന്നപ്പോള്‍ അല്‍പ്പം അകലെ ധര്‍മകുളം എന്ന സ്ഥലത്തു താമസിച്ചുവരുന്ന ഒരുമനയൂരിലെ പഴയ സ്വയംസേവകനും മുന്‍ പ്രചാരകനുമായ 94 കാരന് ബാലകൃഷ്ണന് നായരെ കാണാന്‍ പോയ വിവരം ഈ പംക്തിയില്‍ നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ ഓര്‍മ്മകളുടെ അടരുകള്‍ ഓരോന്നായി വിടര്ന്നുവന്നതിനെ ഓര്മ്മിപ്പിക്കുന്നതായിത്തോന്നി സേതുമാധവന്റെ അമ്മയുടെ വര്‍ത്തമാനവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: