കൊച്ചി: ലോക തേനീച്ച ദിനമായ ഇന്ന് സിഎംഎഫ്ആര്‍ഐയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം (കെവി കെ) ബോധവല്‍ക്കരണ ശില്പശാല സംഘടിപ്പിക്കും. ഭക്ഷ്യഭദ്രത ഉറപ്പ് വരുത്തുന്നതിനും സുസ്ഥിര കാര്‍ഷിക വികസനത്തിനും തേനീച്ചകളുടെ പങ്ക് ബോധ്യപ്പെടുത്തുകയും തേനീച്ച വളര്‍ത്തലിലും സംരക്ഷണത്തിലും കര്‍ഷകര്‍ക്ക് പരിശീലനം നല്‍കുകയുമാണ് ലക്ഷ്യം. കോതമംഗലം സംസ്കാര ഓഡിറ്റോറിയത്തില്‍ രാവിലെ 10ന് ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.
മനുഷ്യന് കഴിക്കുന്ന ഭക്ഷണത്തിന്റെ മൂന്നിലൊരു ഭാഗം ഉല്പാദിപ്പിക്കാന് സഹായകരമാകുന്നത് തേനീച്ചകളുടെ പരാഗണമാണെന്നാണ് കൃഷിവിജ്ഞാന കേന്ദ്രത്തിലെ വിദഗ്ധര്‍ പറയുന്നത്. ഇവയുടെ പരാഗണത്തിലൂടെ കാര്‍ഷിക വിളകളില്‍ വര്‍ധനവുണ്ടാകുമെന്നാണ് ശാസ്ത്രപക്ഷം. എന്നാല്‍ തേനീച്ചകളുടെ ഇത്തരം ധര്‍മ്മങ്ങളെക്കുറിച്ച് ഭൂരിഭാഗം പേരും അജ്ഞരാണെന്ന് എറണാകുളം കെവികെ മേധാവി ഡോ. ഷിനോജ് സുബ്രമണ്യന്‍ പറഞ്ഞു. ഭക്ഷ്യോത്പാദനത്തില്‍ തേനീച്ചകളുടെ പങ്കിനെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധമുണ്ടാക്കുന്നതിനും ഇവയെ വളര്‍ത്തുന്നതിനും സംരക്ഷിക്കുന്നതിനും പരിശീലനം നല്കുന്നതിനുമാണ് ലോക തേനീച്ച ദിനത്തില്‍ കെ വി കെ ശില്പശാല നടത്തുന്നത്. ചെറുതേനീച്ചകളുടെ കോളനി സ്ഥാപിക്കല്‍, തേനീച്ച കോളനികളുടെ കൊഴിഞ്ഞുപോക്ക് തടയല്‍ എന്നീ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസ്സുകള്‍ നയിക്കും. എറണാകുളം ജില്ലയിലെ ഔദ്യോഗിക തേനീച്ചദിനാചരണ ചടങ്ങാണിത്.
എല്ലാ വര്‍ഷവും ആഗസ്റ്റ് മാസം അവസാന ശനിയാഴ്ചയാണ് ലോക തേനീച്ച ദിനമായി ആചരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: