കൊച്ചി: പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് നടക്കും. രാവിലെ 10ന് കോടനാട് പ്രാഥമികാരോഗ്യകേന്ദ്രം അങ്കണത്തില്‍ അഡ്വ. എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയും വൈകിട്ട് 3ന് കുട്ടമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം അങ്കണത്തില്‍ ആന്റണി ജോണ്‍ എംഎല്‍എയും ഉദ്ഘാടനം ചെയ്യും.
ജില്ലയില്‍ 15 കുടുംബാരോഗ്യകേന്ദ്രങ്ങളാണ് ഈ വര്‍ഷം നിലവില്‍ വരിക. ആദ്യഘട്ടത്തില്‍ കോടനാടിനൊപ്പം കുട്ടമ്പുഴയും ആരംഭിക്കും. രണ്ടാം ഘട്ടത്തില്‍ വാഴക്കുളം, പായിപ്ര, ചൊവ്വര, തിരുമാറാടി, എരൂര്‍, ചേരാനെല്ലൂര്‍ എന്നിവിടങ്ങളിലാണ് കുടുംബാരോഗ്യ കേന്ദ്രം വരിക. മൂന്നാം ഘട്ടത്തില്‍ ഗോതുരുത്ത്, നായരമ്പലം, മഞ്ഞപ്ര എന്നിവിടങ്ങളിലും നാലാം ഘട്ടത്തില്‍ മഴുവന്നൂര്‍, ചെല്ലാനം, കരുമല്ലൂര്‍, തൃക്കാക്കര എന്നിവിടങ്ങളിലും കുടുംബാരോഗ്യ കേന്ദ്രം വരും. ഡിസംബര്‍ 31ന് മുമ്പ് ഇവ കുടുംബാരോഗ്യ കേന്ദ്രങ്ങളാകും. പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ വികസനത്തിനായി 2.06 കോടി രൂപ ദേശീയ ആരോഗ്യദൗത്യം അനുവദിച്ചിട്ടുണ്ട്. ഇതിന് പുറമെവിവിധ എജന്‍സികളുടെ ഫണ്ടും ഉപയോഗപ്പെടുത്തുന്നുണ്ട്.
കുടുംബാരോഗ്യകേന്ദ്രമാവുന്നതോടെ തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 മണി വരെയും ഞായറാഴ്ച രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 1.30 വരെയും ഒ.പി. സംവിധാനം ഉണ്ടാകും. എല്ലാത്തരം രോഗങ്ങളുടെയും പ്രാഥമികചികിത്സ ഇവിടെ നടത്തും. വിദഗ്ദചികിത്സ ആവശ്യമുള്ളവരെ റഫര്‍ ചെയ്യും. ഇവരുടെ തുടര്‍ചികിത്സ ചെയ്യുക കുടുംബാരോഗ്യകേന്ദ്രങ്ങള്‍ തന്നെയാവും.
ലാബ്സൗകര്യം രാവിലെ 8മുതല്‍ വൈകിട്ട് 4 വരെയുണ്ടാകും. ലാബ്ടെക്നീഷ്യന്മാര് ഒന്നില്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ പ്രവര്‍ത്തനസമയം ദീര്‍ഘിപ്പിക്കും. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ ഫാര്‍മസി രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെയും ഞായറാഴ്ച രാവിലെ 9മുതല്‍ ഉച്ചയ്ക്ക് 1.30 വരെയും പ്രവര്‍ത്തിക്കും.
ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ വീടുകളില്‍ പോയി ചികിത്സ ലഭ്യമാക്കും. വാര്‍ഷിക കുടുംബാരോഗ്യസര്വെ പൂര്‍ത്തിയാക്കിയതിനുശേഷം ജനങ്ങള്‍ക്ക് നല്‍കേണ്ട ആരോഗ്യസേവനങ്ങളുടെ പദ്ധതികള്‍ ആസൂത്രണം ചെയ്യും. ഇതിനായി ഇ-ഹെല്‍ത്ത് വിവരസങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തും. കുടുംബാരോഗ്യ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ വ്യക്തിക്കും നല്‍കേണ്ട ആരോഗ്യസേവനങ്ങളനുസരിച്ചാണ് ഇനി പദ്ധതികള്‍ തയ്യാറാക്കുക. ഈ രജിസ്റ്റര്‍ ഓരോ വര്‍ഷവും പുതുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: