കൊച്ചി: ജീവന് രക്ഷാമരുന്നുകള്‍ക്ക് 80 ശതമാനം വിലക്കുറവില്‍ പ്രധാനമന്ത്രി ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോറുകള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതി പ്രകാരം പ്രവര്‍ത്തിക്കുന്ന മരുന്ന് വില്‍പ്പനാ സംവിധാനമാണിത്. 600ലധികം മരുന്നുകളാണ് ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോറുകള്‍ വഴി കുറഞ്ഞവിലയ്ക്ക് ലഭിക്കുക.
ജില്ലയില്‍ പത്തിടങ്ങളിലാണ് ജന്‍ ഔഷധി പ്രവര്‍ത്തിക്കുന്നത്. കലൂര്‍, പാലാരിവട്ടം, വടുതല, അങ്കമാലി, നോര്‍ത്ത് പറവൂര്‍, തൃപ്പൂണിത്തുറ, കിഴക്കമ്പലം, ആലുവ, കോലഞ്ചേരി, പിറവം എന്നിവിടങ്ങളിലാണവ.
കുറഞ്ഞ നിരക്കില്‍ അലോപ്പതി ജനറിക് മരുന്നുകള്‍ ഇതിലൂടെ കിട്ടും. മരുന്നുകള്‍ ഗുണമേന്മയിലും മികച്ചതാണ്. നാഷണല്‍ അക്രെഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്‍ഡ് കാലിബ്രേഷന്‍ ലാബോറട്ടറീസ്(എന്‍എബിഎല്‍) സാക്ഷ്യപ്പെടുത്തിയ ജെനറിക് മരുന്നുകള്‍ മാത്രമാണ് ജന്‍ ഔഷധി വഴി വില്‍ക്കുന്നത്. ബ്രാന്‍ഡ് നാമമില്ലാത്ത മരുന്നുകളാണ് ജന്‍ ഔഷധി വഴി വിലകുറച്ച് നല്‍കുന്നത്.
520 തരം ജീവന്‍രക്ഷാ മരുന്നുകളും 152 സര്‍ജിക്കല്‍ ഉപകരണങ്ങളും 60 മുതല്‍ 80 ശതമാനം വരെ വിലക്കുറവില്‍ ലഭിക്കും. പൊതുമേഖല കമ്പനികള്‍ ഉത്പാദിപ്പിക്കുന്ന മരുന്നുകളാണ് ജന്‍ ഔഷധി ഷോപ്പുകള്‍ വഴി നല്‍കുന്നത്. പൊതു- സ്വകാര്യ കമ്പനികള്‍ നിര്‍മിക്കുന്ന ജെനറിക് മരുന്നുകള്‍ ഗവണ്മെന്റ് വാങ്ങി ഗുണനിലവാരം പരിശോധിച്ച ശേഷം ‘ജന്‍ ഔഷധി ‘ എന്ന ബ്രാന്‍ഡ് പേരിലാകും വിതരണം.
361 മരുന്നുകളാണ് ജന്‍ ഔഷധി പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ബ്യൂറോ ഓഫ് ഫാര്‍മ പബ്ലിക് സെക്ടര്‍ അണ്ടര്‍ ടേക്കിംഗ് ഓഫ് ഇന്ത്യ (ബിപിപിഐ) അംഗീകാരത്തോടെയാണ് ഓരോ ജന്‍ ഔഷധികളും പ്രവര്‍ത്തിക്കുന്നത്. ബ്രാന്‍ഡഡ് മരുന്നുകളേക്കാള്‍ മൂന്ന് മുതല്‍ പതിനാല് മടങ്ങ് വരെ വിലക്കുറവുണ്ട് ഇവിടെ. ബ്രാന്‍ഡ് നാമത്തിലുള്ള മരുന്നുകളുടെ അതേ ഗുണനിലവാരം ഇവയ്ക്കുമുണ്ട്.
പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍ തുടങ്ങിയ ജീവിതശൈലീ രോഗങ്ങള്‍ക്ക് ഉള്‍പ്പെടെയുള്ള മരുന്നുകള്‍ ഈ കേന്ദ്രങ്ങള്‍വഴി കിട്ടും.
പ്രമേഹരോഗ ചികിത്സയ്ക്കുള്ള മെറ്റ്ഫോര്‍മിന്‍ ഹൈഡോക്ലോറൈഡിന് ഒരു മില്ലി ഗ്രാമിന്റെ പത്ത് എണ്ണത്തിന് ജന്‍ ഔഷധിയില്‍ 29 രൂപ 70 പൈസ വാങ്ങുമ്പോള്‍ മറ്റ് മെഡിക്കല്‍ സ്റ്റോറുകളില്‍ എഴുപത് രൂപ മുതല്‍ എണ്‍പത് രൂപ വരെ വാങ്ങുന്നുണ്ട്.
ആസ്പിരിന്‍ ഗുളിക പത്ത് എണ്ണത്തിന് നാലു രൂപ അന്‍പത് പൈസയാണ് വില. പുറമെ പത്ത് രൂപയാണ് വില. പാരസ്റ്റമോള്‍ ഒരെണ്ണത്തിന് വെറും നാല്പത്തിയഞ്ച് പൈസയാണ് വില. കാന്‍സര്‍ രോഗ ചികിത്സക്കായി ഉപയോഗിക്കുന്ന ഓക്സാലി പ്ളാറ്റിന് 500 മില്ലി ഗ്രാമിന്റെ ഗുളികയ്ക്ക് 430 രൂപയാണ് വില. ഇതിന് മറ്റ് മെഡിക്കല്‍ സ്റ്റോറുകളില്‍ 900 രൂപ വരെയാണ് വാങ്ങുന്നത്. കൊളസ്ട്രോള്‍ ചികിത്സയ്ക്കുള്ള റോസു വസ്റ്റാലിന് 20 മില്ലിഗ്രാമിന് 27.50 രൂപയാണ് വില. നാപ്കിന്, ഗ്ലൗസ്, ഇന്ജക്ഷന് സൂചി, തുടങ്ങിയ സര്‍ജിക്കല്‍ ഉപകരണങ്ങളും പകുതി വിലയില്‍ ലഭിക്കും.
…..ജന്‍ ഔഷധിയില്‍ നിന്ന് ലഭിക്കുന്ന മരുന്നുകള്‍ക്ക് ബ്രാന്‍ഡ് പേര് ഉണ്ടാകില്ല. ജനറിക് (രസതന്ത്രനാമത്തില്‍) പേരുകളാണുള്ളത്. എന്നാല്‍ ഡോക്ടര്‍മാര്‍ നല്കുന്ന കുറുപ്പടിയില്‍ ബ്രാന്‍ഡ് പേരുകളാണ് രേഖപ്പെടുത്തുന്നത്. ഇത് ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. മരുന്നുകളുടെ ജനറിക് പേരുകള്‍ നിര്‍ദ്ദേശിക്കുകയാണെങ്കില്‍ രോഗികള്‍ക്ക് ഒരേ മരുന്നിന്റെ വിവിധ ഉത്പാദകരില്‍നിന്ന് വില, ഗുണനിലവാരം നോക്കി തിരഞ്ഞെടുക്കാം. അതു ചെയ്യാതെ സ്വന്തം ഇഷ്ടത്തിലുള്ള മരുന്നു കമ്പനികളുടെ ഉല്പന്നത്തിലേക്ക് രോഗിയെ നിര്‍ബന്ധപൂര്‍വം കൊണ്ടെത്തിക്കുന്നതാണ് ഡോക്ടര്‍മാരുടെ മരുന്നെഴുത്ത് തന്ത്രം. മരുന്നുകള്‍ കുറിക്കുമ്പോള്‍ ജനറിക് പേരുകള്‍ കൂടി (അവയുടെ ലഭ്യതയനുസരിച്ച്) എഴുതണമെന്ന് നിലവില്‍ നിബന്ധനയുണ്ട്. എന്നാല്‍ ഒരു ഡോക്ടറും ഈ നിബന്ധനക്ക് ഒരു വിലയും കല്പിക്കാറില്ല. മരുന്നിന്റെ ബ്രാന്‍ഡ് നെയിം മാത്രമാണ് മിക്ക ഡോക്ടര്‍മാരും എഴുതുന്നത്. മരുന്നുകമ്പനികളുടെ ചൂഷണത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ ജന്‍ ഔഷധിക്കാവൂമെന്ന് കലൂരിലെ കടയുടമ ആര്. രാജേഷ് പറയുന്നു.
…….ഒരു മരുന്ന് തന്നെ പല കമ്പനികള്‍ പല പേരിലായി ഇറക്കുന്നുണ്ട്. കൂടാതെ ഒരു കമ്പനിതന്നെ ഒരു മരുന്ന് പല ബ്രാന്‍ഡ് പേരുകളില്‍ പല വിലയില്‍ ഇറക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള ഡ്രഗ് കണ്‍ട്രോളറാണ് മരുന്നിന്റെ ഗുണനിവവാരം ടെസ്റ്റ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഗുണനിലവാരവും മെച്ചപ്പെട്ടതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: