രാമായണ മാസം കഴിഞ്ഞു. രാമരാജ്യത്തിന്റെ പ്രഭാവം ഇന്നും ജനമനസുകളില്‍ നിലനില്ക്കുന്നു.
നമ്മുടെ ഭാരതത്തെ വീണ്ടും രാമരാജ്യമാക്കി മാറ്റണമെന്നു തന്നെയായിരുന്നു നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സങ്കല്പം.
ആ സങ്കല്പം നമുക്കു പൂര്‍ത്തീകരിക്കണം. ജനങ്ങളെ സ്നേഹിക്കുന്ന, ജനങ്ങളുടെ കഷ്ടപ്പാടറിയുന്ന, അര്‍പണ ബോധമുള്ള വ്യക്തികളും പ്രസ്ഥാനങ്ങളും തലപ്പത്ത് ഭരണച്ചുമതലകളില്‍ വന്നാല്‍ മാത്രമേ ഈ സങ്കല്പം പൂര്‍ത്തീകരിക്കാനാകൂ. സന്യാസിയെപ്പോലെ മനസുള്ളവരായിരിക്കണം ഭരണാധികാരികള്‍. അവര്‍ ത്യാഗ സന്നദ്ധരാകണം. അതേ സമയം പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടാതെ ധീരമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാകണം.
രന്തി ദേവനേയും രാജാശിബിയേയും പോലെ ദയാവായ്പുള്ളവരാകണം. എങ്കില്‍ മാത്രമേ രാമരാജ്യം സാധ്യമാകൂ എന്ന് മഹാത്മാഗാന്ധിജി വിശ്വസിച്ചിരുന്നു. അദ്ദേഹം ഒരിക്കല്‍ പറഞ്ഞു. ഖലീഫ ഉമ്മറിനെപ്പോലെ ജനങ്ങളെ അറിഞ്ഞ് സ്നേഹിക്കുന്നവര്‍ രാജ്യം ഭരിക്കണമെന്ന് . എന്നാലേ രാമരാജ്യം നടപ്പാകൂ.
മഹാകവി വള്ളത്തോള്‍ മഹാത്മജിയെക്കുറിച്ച് ‘എന്റെ ഗുരുനാഥന്’ എന്ന കവിതയില്‍ പാടിയതു പോലെ
ക്രിസ്തുവിന്റെ ത്യാഗബുദ്ധിയും ശ്രീകൃഷ്ണ ഭഗവാന്റെ ധര്‍മരക്ഷോപായവും ബുദ്ധന്റെ അഹിംസയും ശങ്കരാചാര്യരുടെ ബുദ്ധിശക്തിയും രന്തിദേവന്റെ ദയാവായ്പും ഹരിശ്ചന്ദ്രന്റെ സത്യശീലവും നബിയുടെ സ്ഥൈര്യവും എല്ലാം ഒത്തുചേര്‍ന്ന (മഹാത്മജിയെപ്പോലുള്ള) വ്യക്തി പ്രഭാവത്തിന്റെ ഭരണ സാരഥ്യത്തില്‍ മാത്രമാണ് ഇത് നേടിയെടുക്കാനാവുക.
തന്റെ ഭരണാധികാരം ദൈവീകമായ ഒരു നിയോഗമാണെന്നറിഞ്ഞ് അര്‍പണഭാവത്തോടെ ഭരണാധികാരി പ്രവര്‍ത്തിക്കണം. ശക്തമായ നടപടികള്‍ സ്വീകരിക്കാനുള്ള ധൈര്യവും ജനസ്നേഹവും വേണം.
അത്തരത്തിലുള്ളവര്‍ ഭരണ നേതൃത്വത്തില്‍ വരുന്നത് രാഷ്ട്രത്തിന്റേയും ജനങ്ങളുടേയും ഭാഗ്യം. ക്രിയാത്മകമായ പ്രവര്‍ത്തന ശൈലി വേണം. ഗ്രാമങ്ങളെ സ്നേഹിക്കണം. പ്രകൃതിയെ സ്നേഹിക്കണം. കൃഷിയെയും വ്യവസായത്തേയും പ്രോത്സാഹിപ്പിക്കണം. സാമ്പത്തിക കാഴ്ചപ്പാടു വേണം.
ഋശ്യശൃംഗന്റെ ആഗമനത്തോടെ തന്നെ അംഗരാജ്യം അനുഗ്രഹീതമായി. ഗൗതമ മഹര്‍ഷിയുടെ അധീനതയിലുള്ള പ്രകൃതി (അഹല്യ) കലപ്പ ചെല്ലാതെ കല്ലായിക്കിടന്ന അവസ്ഥയില്‍ നിന്നു മോചിതമാകാനും ജീവസുറ്റതാകാനും ശ്രീരാമന്റെ പാദസ്പര്‍ശം കൊണ്ടു തന്നെ കഴിഞ്ഞു.
എന്നാല്‍ ഭരണാധികാരി മാത്രം നന്നായാല്‍ പോര ത്രേതായുഗത്തിലെപ്പോലെ സത്യധര്മാധികള്ക്കനുസൃതമായി ജീവിക്കുന്നവരായിരിക്കണം ബഹുഭൂരിപക്ഷം ജനങ്ങളും. അവകാശങ്ങളെക്കുറിച്ച് മാത്രമായി ചിന്തിക്കുന്നവരാകരുത് ജനങ്ങള്‍. അവകാശവും പൗരധര്‍മവും ഒരുമിച്ചാണ് പഠിക്കുന്നത്. അവകാശങ്ങളേക്കാള്‍ ഉത്തരവാദിത്വത്തിന് പ്രാധാന്യം കൊടുക്കുന്നവരായിരിക്കണം ജനങ്ങള്‍. എനിക്കെന്തു കിട്ടും എന്നതിനേക്കാള്‍ എനിക്കെന്തു ചെയ്യാനാകുമെന്ന് ചിന്തിക്കുക. സത്യം വദ ധര്‍മം ചര എന്ന ആശയം മനസില്‍ സൂക്ഷിച്ച് അതിനനുസരിച്ചു പ്രവര്‍ത്തിക്കുന്നവരാകണം ജനങ്ങള്‍.
ഇതെല്ലാം ഒത്തുവന്നാല്‍ തീര്‍ച്ചയായും നമുക്ക് ആ രാമരാജ്യം തിരിച്ചു പിടിക്കാനാകും.
പുതുവര്‍ഷത്തിലെങ്കിലും നമുക്കതു നേടിയെടുക്കാനാകട്ടെ! പൊന്നിന് ചിങ്ങപ്പുലരിയില്‍ നമുക്കു വരവേല്‍ക്കാം ഈ പുതുവര്‍ഷത്തിനെ. ആവണിപ്പൊന്‍പുലരി അതിനുള്ള അവസരമൊരുക്കട്ടെ. ഒരുമിച്ചു വരവേല്‍ക്കാം. ഒരുമിച്ചു പരിശ്രമിക്കാം. ഉത്തരവാദിത്വ ബോധത്തോടെ : പൊലിയേ പൊലി ചൊല്ലി നമ്മുടെ കാര്‍ഷികോത്സവം – ഓണം – ആഘോഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: