പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ നഗരസഭയെ മാലിന്യമുക്ത നഗരസഭയാക്കി മാറ്റുന്നതിനുള്ള വിവിധ പദ്ധതികള്‍ പെരുമ്പാവൂര്‍ സുഭാഷ് മൈതാനത്ത് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ഹരിത കേരളം പ്രതിജ്ഞയും മന്ത്രി ചൊല്ലിക്കൊടുത്തു. ശുചിത്വ പ്രതിജ്ഞ പ്രഖ്യാപനം, അയുതം ഹരിത ഭവനം പദ്ധതി, സീറോ വേസ്റ്റ് പദ്ധതി എന്നിവയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. ഹരിത ശ്രേഷ്ഠ പുരസ്കാര വിതരണവും നടന്നു. നഗരസഭയിലെ 12 വിദ്യാലയങ്ങളില്‍ നിന്നും 1000 വിദ്യാര്‍ഥികളെ തിരഞ്ഞെടുത്ത് ഓരോരുത്തര്‍ക്കും 10 വീടുകളില്‍ കേന്ദ്രീകൃത ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി ആറു മാസത്തിനുള്ളില്‍ ഈ വീടുകളെ ഹരിത ഭവനങ്ങളാക്കി മാറ്റുന്നതാണ് അയുതം പദ്ധതി. അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി അധ്യക്ഷനായി. നഗരസഭ ചെയര്‍പേഴ്സണ്‍ സതി ജയകൃഷ്ണന്, ടെല്‍ക്ക് ചെയര്മാന് അഡ്വ. എന്‍.സി. മോഹനന്, കേരള ഫാമിംഗ് കോര്പ്പറേഷന് ചെയര്മാന് കെ.കെ. അഷ്റഫ്, വൈസ് ചെയര്‍പേഴ്സണ്‍ നിഷ വിനയന്, കൗണ്‍സിലര്‍മാരായ വി.പി. ബാബു, സുലേഖ ഗോപാലകൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു. വിപുലമായ മാലിന്യ സംസ്കരണ യജ്ഞത്തിന്റെ ഭാഗമായുള്ള ഗാര്‍ഹിക മാലിന്യ സംസ്കരണ വിലയിരുത്തല്‍ സര്‍വേയ്ക്ക് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് തുടക്കം കുറിച്ചു. ഹരിത കേരളം മിഷന്റെ ഭാഗമായുള്ള സമഗ്ര ശുചിത്വ പരിപാലന പദ്ധതിയാണിത്. പെരുമ്പാവൂര്‍ റയോണ്പുരത്തുള്ള കൂറ്റായി വീട്ടില്‍ അബ്ദുള്‍ ഖാദറിന്റെ വീട്ടിലായിരുന്നു പരിപാടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: