പലതും നാം മറന്നു തുടങ്ങിയ ഇക്കാലത്ത് സ്വന്തം ശരീരത്തിന്റെ സ്വാഭാവിക ചലനങ്ങള്‍പോലും മറന്നുതുടങ്ങിയാല്‍ എന്തുചെയ്യും. തിരക്കിനിടയില്‍ നാം മറക്കാനും മറന്നുതുടങ്ങിയോ. അല്ലെങ്കില്‍ നടക്കുന്നതു ഫാഷനാക്കിയോ. ഒന്നു നടക്കാന്‍പോയി എന്നു ചിലര്‍ പറയുന്നത് മഹത്തായകാര്യം ചെയ്യുന്നമട്ടുള്ള പൊങ്ങച്ചമോ ഫാഷനോ ആയി മാറിയിട്ടുണ്ട്. സത്യമാണ് ഇത് നടക്കാന്‍ മറന്നകാലമാണ്.
നടപ്പ് എന്നത് മനുഷ്യശരീരത്തെകൂടുതല് ജൈവികമാക്കുന്ന സ്വാഭാവിക പ്രക്രിയയാണ്. മനുഷ്യന് അവന്റെ പൂര്‍വികനില്‍നിന്നും ഇന്നത്തെ സത്തയിലേക്കു വന്നത് നടത്തത്തിലൂടെയാണ്. അവന്റെ ശാരീരിക വളര്‍ച്ചയും ആരോഗ്യവും മാനസിക പക്വതയുമൊക്കെ ഉണ്ടായത് ഇരുകാലുകള്‍ വലിച്ചുവെച്ചു നടക്കാന്‍ തുടങ്ങിയപ്പോഴാണ്.
പക്ഷേ ഇന്ന് മനുഷ്യനു നടത്തം തീരെ കുറഞ്ഞിരിക്കുന്നു. ഒന്നിനും സമയമില്ലാത്തതുകൊണ്ട് എവിടേയും പാഞ്ഞെത്താനുള്ള വാഹനസൗകര്യംഉപയോഗിക്കുന്നതിലാണ് ജനത്തിനു താല്‍പ്പര്യം. പത്തു ചുവട് വെക്കുന്നതിനും വണ്ടിവേണം എന്നായിരിക്കുന്നു. വണ്ടിയില്ലെങ്കില്‍ ജീവിക്കാനാവില്ലെന്നമട്ട്. അതെ,മനുഷ്യന് നടക്കാന്‍ മറന്നുപോയിരിക്കുന്നു. നടക്കുന്നത് നാണക്കേടായിരിക്കുന്നു. നടക്കുന്ന മനുഷ്യനെ കണ്ടാല്‍ ആളുകള്‍ ലജ്ജിക്കുന്നുണ്ടോ. അറിയില്ല.
മനുഷ്യാരോഗ്യത്തിന്റെ പ്രധാനവ്യായാമമാണ് നടപ്പ്. പലവിധത്തിലുള്ള രോഗം വരാതിരിക്കാനും വന്നവയെ മാറ്റാനുമൊക്ക നടപ്പുകൊണ്ടു സാധിക്കുന്നു. ഇന്നത്തെ ജീവിതൈശലീ രോഗത്തിനു വലിയൊരു വ്യായാമ ഔഷധമായി ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത് നടത്തമാണ്. ഹൃദ്രോഗം,പ്രമേഹം,ആസ്ത്മ,കൊളസ്ട്രോള്‍,ക്യാന്‍സര്‍ ഉള്‍പ്പടെയുള്ള രോഗങ്ങളെ നടപ്പിലൂടെ മാറ്റിനിര്‍ത്താനാകും. രാവിലേയും വൈകിട്ടുമുള്ള നടപ്പ് ശരീരത്തിനു ആരോഗ്യം നല്‍കും. മൂവായിരത്തിനും നാലായിരത്തിനുമിടയില്‍ ചുവടുവെക്കുന്ന നടപ്പ് ശരിയായ ആരോഗ്യപ്രവര്ത്തനമാണെന്നു പറയപ്പെടുന്നു.
വാഹന സൗകര്യങ്ങളില്ലാത്ത കാലത്ത് മനുഷ്യന് ജീവിച്ചിരുന്നില്ലേയെന്ന് ഒരു നിമിഷം ആലോചിച്ചുകൂടേ. വണ്ടികള്‍ വന്നിട്ട് എത്രകാലമായി. പണ്ടെത്തെ ആള്ക്കാര് നടന്നാണ് ജീവിച്ചത്. വളരെ പണ്ടൊന്നുമല്ല, നമ്മുടെയാക്കെ മാതാപിതാക്കളുടെ കാലത്തുതന്നെ. വണ്ടി സൗകര്യം ഉണ്ടായ കാലത്തും നടന്നുതെന്നയായിരുന്നു അവരുടെ പോക്കും വരവും. അത്യാവശ്യഘട്ടങ്ങളില്‍മാത്രം വാഹനത്തെ ശരണം പ്രാപിച്ചു. അതിന്റെ ആരോഗ്യം അവര്‍ക്കുണ്ടായിരുന്നു. വേണ്ടാത്ത തിരക്ക് ആവശ്യമില്ലാതിരുന്ന മനുഷ്യര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: