മട്ടാഞ്ചേരി: അറബിക്കടലിന്റെ തീരത്ത് നിന്ന് മരുഭൂമിയിലെ ഗ്രാമത്തിലേയ്ക്ക് സാഹസിക ഓട്ടോറണ്‍ തുടങ്ങി. തണുത്ത ഭൂമിയെന്ന ആശയവുമായി പ്രകൃതി സംരക്ഷണ സന്ദേശവുമായാണ് യാത്ര.
ദക്ഷിണാഫ്രിക്കയിലെ വനാന്തരങ്ങളിലെ വനവാസികള്‍ക്ക് സഹായം നല്‍കുന്നതും യാത്രാ ലക്ഷ്യമാണ്. ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് രാജസ്ഥാനിലെ ജോദ്പൂരിലേയ്ക്കാണ് സാഹസിക ഓട്ടോറണ്‍.
18 രാജ്യങ്ങളിലെ 220 പേരാണ് 86 ഓട്ടോകളിലായി 14 സംസ്ഥാനങ്ങള്‍ താണ്ടി ആഗസ്റ്റ് 27ന് രാജസ്ഥാനിലെത്തിച്ചേരുക. 40 വനിതകളടങ്ങുന്ന സാഹസിക യാത്രാ സംഘത്തില്‍ ദല്‍ഹിയില്‍ നിന്നുള്ള മീര ഇന്ത്യന്‍ പ്രതിനിധിയായും യാത്രയിലുണ്ട്.
കൊച്ചിയില്‍ നിന്നുള്ള പത്താമത് യാത്രാ സംഘമാണിത്. 86000 പൗണ്ട് തുകയാണ് കാരുണ്യ പ്രവര്‍ത്തനത്തിനായി ശേഖരിക്കുകയെന്ന് റിക്ഷാ റണ്‍ മാനേജര്‍ ആനിറുന് റെയിന്ബെര്ഡ് പറഞ്ഞു.
കൊച്ചിയില്‍ നിന്ന് വാങ്ങിയ ഓട്ടോറിക്ഷകളെ പ്രത്യേകം ചായം പൂശിയാണ് ഉപയോഗിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് കൊച്ചിയിലെത്തിയ സംഘാംഗങ്ങള്‍ ഓട്ടോ ഡ്രൈവിംഗ് പൂര്‍ത്തിയാക്കി താത്കാലിക ലൈസന്‍സും നേടി.
ലക്ഷ്യസ്ഥാനത്തെത്തുന്ന സംഘാംഗങ്ങളില്‍ ചിലര്‍ ഓട്ടോകള്‍ വില്പന നടത്തി തുക ആതുരസേവനത്തിനായി നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: