പച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്തത
2007ലാണ് ഗോത്രാചാര പ്രകാരമുള്ള വിവാഹത്തെ തുടര്‍ന്ന് ലക്ഷ്മി വഞ്ഞോടെത്തിയത്. പച്ചക്കറി കൃഷി വശമില്ലാതിരുന്ന ഒരു ജനതയെ കൃഷിയില്‍ സ്വയം പര്യാപ്തമാക്കാന്‍ ലക്ഷ്മിക്കായി. സ്വന്തമായുള്ള 76 സെന്റ് സ്ഥലത്തിന് അഞ്ച് അവകാശികളുണ്ട്. വീടിന്റെ പണി പൂര്‍ത്തിയായിട്ടില്ല. ഭര്‍ത്താവ് രാജന്, നാലാം ക്ലാസ്സുകാരി മിഥുന, മൂന്നാം ക്ലാസ്സുകാരി മിഥുല എന്നിവരോടൊപ്പം വഞ്ഞോട് വളവില്‍ ആലക്കല്‍ കുറിച്ച്യ തറവാട്ടിലാണ് താമസം. രോഗം ഇടയ്ക്കിടെ ഭര്‍ത്താവിനെ അലട്ടുന്നതിനാല്‍ കുടുംബത്തിന്റെ ഉത്തരവാദിത്തം മുഴുവന്‍ ലക്ഷ്മിയിലായി. ഭര്‍ത്താവിന്റെ രോഗിയായ വല്ല്യമ്മയെയും കുടുംബത്തിലെ മറ്റൊരമ്മയെയും സംരക്ഷിക്കേണ്ടതും ലക്ഷ്മി കടമയായി കരുതി.
അവരും ലക്ഷ്മിയുടെ വീട്ടില്‍ കഴിയുന്നു. നാലര ഏക്കര്‍ സ്ഥലത്ത് പച്ചക്കറി കൃഷിയും പന്ത്രണ്ടര ഏക്കര്‍ സ്ഥലത്ത് സംഘകൃഷിയും സീതാലക്ഷ്മിയുടെ നേതൃത്വത്തില്‍ ചെയ്തുവരുന്നു. സഹായത്തിന് ബിന്ദു, തേയി, ഗ്രേസി, രാധ തുടങ്ങിയവരുമുണ്ട്. സംസ്ഥാനത്തെ മികച്ച സ്വയംസഹായ സംഘങ്ങളായ ഹരിത, കീര്‍ത്തി, മുദ്ര തുടങ്ങിയവ വഴിയാണ് കൃഷിയിലേക്ക് ഇറങ്ങിയത്. നെല്ല്, വാഴ, ഇഞ്ചി, ചേന, ചേമ്പ്, കപ്പ, പയര്‍, വെള്ളരി, മത്തന്‍, ഇളവന്‍, മുളക്, കാബേജ്, കോളിഫ്ളവര്‍, ക്യാരറ്റ്, ബീറ്റ്റൂട്ട്, മുള്ളങ്കി, തക്കാളി, സവോള, ഉരുളക്കിഴങ്ങ്, പടവലം, പാവക്ക തുടങ്ങി എല്ലാവിധ പച്ചക്കറികളും ഇവിടെ സമൃദ്ധമായി വളരുന്നു.
പശ്ചിമഘട്ട മലനിരകളോട് ചേര്‍ന്ന വഞ്ഞോട് പച്ചക്കറികൃഷികള്‍ക്ക് അന്യമായിരുന്നു. ഇവിടെ എല്ലാവിധ പച്ചക്കറികളും സമൃദ്ധമായി വളരുമെന്ന് സീതാലക്ഷ്മി നാട്ടുകാരെ പഠിപ്പിച്ചു. ഇന്ന് നിത്യവും പച്ചക്കറി ഇവിടെനിന്ന് കയറ്റി അയക്കുന്നു. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ നാല് ക്വിന്റലും മറ്റ് ദിവസങ്ങളില്‍ രണ്ട് ക്വിന്റല്‍ വീതവും പച്ചക്കറി കൊണ്ടുപോകുന്നു. ഓണച്ചന്ത, വിഷുച്ചന്ത തുടങ്ങയവയിലും ഇവരുടെ സംഘങ്ങള്‍ സജീവം. പച്ചക്കറി, നെല്ല് എന്നിവ പൂര്‍ണ്ണമായും ജൈവകൃഷിയാണ്. ഇക്കൊല്ലം രണ്ടായിരം നേന്ത്രവാഴകള്‍ ഇവര്‍ക്ക് സ്വന്തമായുണ്ട്. നെല്‍വയല്‍ ഏക്കര്‍ 20,000 രൂപ നിരക്കില്‍ പാട്ടത്തിനെടുത്താണ് കൃഷി.
പുലര്‍ച്ചെ മൂന്ന് മണിക്ക് ലക്ഷ്മി ഉണരും. പശുക്കറവ കഴിഞ്ഞാല്‍ ഭര്‍ത്താവിനും കുട്ടികള്‍ക്കുമുള്ള ഭക്ഷണം. പിന്നെ വല്ല്യമ്മയ്ക്കും മറ്റ് അമ്മമാര്‍ക്കുമുള്ള പ്രത്യേക ഭക്ഷണം. എട്ട് മണിക്ക് കുട്ടികളെ ഒരുക്കും. പിന്നെ 11 മണിവരെ സ്വന്തം പച്ചക്കറി കൃഷി. 11 മുതല്‍ നാല് മണി വരെ സംഘകൃഷിയുടെ മേല്‍നോട്ടം. നാല് മണിക്ക് പശുക്കറവ.
കോഴി, ആട്, മുയല്, എന്നിങ്ങനെ വളര്‍ത്തുമൃഗങ്ങള്‍ ഉണ്ടായിരുന്നു. ഇവയുടെ പരിപാലനം മഴക്കാലത്ത് ബുദ്ധിമുട്ടായതോടെ ഒരു പശു മാത്രമായി ചുരുങ്ങി. കൃഷി മാത്രമല്ല, തെങ്ങ് കയറ്റം, പവര്‍ ടില്ലര്‍ ഉപയോഗിച്ച് നിലമുഴുകല്‍, മെതിയന്ത്രം പ്രവര്‍ത്തിപ്പിക്കല്‍, കാടുവെട്ട് ഇവയെല്ലാം ലക്ഷ്മിക്ക് വഴങ്ങും. ഇതിനിടെ ഓട്ടോ ഓടിക്കാനും പഠിച്ചു.
ആര്‍ദ്രമീ മാനസം
വിവാഹത്തിനുശേഷം മകള്‍ക്ക് അസുഖം ബാധിച്ചതോടെ ലക്ഷ്മി സങ്കടത്തിലായി. ഇടയ്ക്കിടെ ഫിക്സ് വരുന്ന കുട്ടിയെ എടുത്ത് ആശുപത്രിയിലേക്കുള്ള പാച്ചില്‍. പല സന്ദര്‍ഭങ്ങളിലും ഒരു ടാക്സി വാഹനത്തിനായി കാലുപിടിക്കേണ്ടിവന്നിട്ടുണ്ട്. സ്വന്തമായി ഒരു വാഹനം വാങ്ങണമെന്ന നിശ്ചയദാര്‍ഢ്യം ലക്ഷ്മിയെ ഓട്ടോ ഡ്രൈവിംഗ് പഠിപ്പിച്ചു. ആയിടയ്ക്കാണ് മുന്‍സര്‍ക്കാര്‍ പട്ടികവര്‍ഗ്ഗ യുവതികള്‍ക്ക് ഓട്ടോറിക്ഷ നല്കുന്ന പദ്ധതി നടപ്പാക്കിയത്.
നാട്ടുകാരും വീട്ടുകാരും നിരുത്സാഹപ്പെടുത്തിയെങ്കിലും ലക്ഷ്മി അപേക്ഷ അയച്ചു. ലൈസന്‍സ് ഉള്ളവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാഹനം അനുവദിച്ചത്. അതില്‍ ലക്ഷ്മിയും ഉള്‍പ്പെട്ടു. ഒരുദിവസം ഭര്‍ത്താവിന്റെ ബന്ധുവീട്ടിലേക്ക് കുട്ടികളുമായി പോകുമ്പോള്‍ പ്രായമുള്ള ഒരു വനവാസി സ്ത്രീ കൈകാണിച്ചു. ലക്ഷ്മി വാഹനം നിര്‍ത്തി അവരെ വാഹനത്തില്‍ പിടിച്ചുകയറ്റിയിരുത്തി, ഇറങ്ങിയപ്പോള്‍ 50 രൂപ നല്കി. ലക്ഷ്മി അത് തിരികെ നല്കി. മറുപടി ഒരു പൊട്ടിക്കരച്ചിലായിരുന്നു. ആ വല്ല്യമ്മ തലയില്‍ കൈവെച്ചുപറഞ്ഞു ‘മോളെ നിന്നെ ഈശ്വരന് കാക്കും. മൂന്ന് മണിക്കൂറായി ഞാന്‍ പല വണ്ടിക്കും കൈ കാണിക്കുന്നു, ആരും നിര്‍ത്തിയില്ല, ഞാന്‍ പണം കൊടുക്കില്ലെന്ന് കരുതിയാവും’. അന്നേരം ലക്ഷ്മിയുടെ കണ്ണുകളും ഈറനണിഞ്ഞു. ആര്‍ദ്രമാണ് ലക്ഷ്മിയുടെ മനസ്സ്. മറ്റുള്ളവരുടെ വേദന മനസ്സിലാക്കി, തന്നാലാവുന്ന സഹായം നല്കാന് ലക്ഷ്മി സദാ സന്നദ്ധയാണ്.
പച്ചക്കറി വില്‍ക്കുന്നതിന് സ്വന്തമായി ഒരു ഗുഡ്സ് ഓട്ടോ വേണം. പാതിവഴിയിലായ വീട് പുതുക്കിപ്പണിയണം, കൃഷി കൂടുതല്‍ വ്യാപിപ്പിക്കണം, ഇത്രയൊക്കെയേയുള്ളൂ സദാ പ്രകാശം പരത്തിക്കൊണ്ടിരിക്കുന്ന ലക്ഷ്മിയുടെ മോഹങ്ങള്‍.
ചെറുപ്പത്തില്‍ത്തന്നെ പച്ചക്കറി കൃഷി
കമ്പളക്കാട് ചെറുവടിക്കുന്നില്‍ കേളുവിന്റെയും അമ്മിണിയുടെയും ഏഴ് മക്കളില്‍ അഞ്ചാമത്തെയാളാണ് ലക്ഷ്മി. ഒന്നര ഏക്കര്‍ സ്ഥലമാണ് കുടുംബസ്വത്ത്. അമ്മയുടെയും അച്ഛന്റെയും ദീനം, സ്വന്തം കാലില്‍ നില്ക്കാന് ലക്ഷ്മിയെ പ്രാപ്തയാക്കി.
ചെറുപ്പത്തില്‍തന്നെ പച്ചക്കറി കൃഷി പഠിച്ചു. ഏഴാം ക്ലാസ്സ് മുതല്‍ പച്ചക്കറി വില്‍പ്പന തുടങ്ങി. അഞ്ച് ഏക്കറോളം ഭൂമിയില്‍ വാഴ, നെല്ല് എന്നിവയെല്ലാം ഏഴാംക്ലാസ്സില്‍ പഠിക്കുമ്പോള്‍തന്നെ കൃഷി ചെയ്തിരുന്നു. പഠനചിലവുകളെല്ലാം സ്വയം വഹിച്ചു. ഒപ്പം അച്ഛനെയും അമ്മയെയും ചികിത്സിക്കാനുള്ള ചെലവും ചെറുപ്പത്തില്‍ത്തന്നെ ലക്ഷ്മി കണ്ടെത്തി. കിഡ്നി രോഗം ബാധിച്ച പിതാവിന് ശ്രീചിത്രയിലെ ചികിത്സക്ക് രണ്ട് ലക്ഷം രൂപയും അമ്മയുടെ ഓപ്പറേഷനുവേണ്ട 20,000 രൂപയും ആ ചെറുപ്രായത്തില്‍ ലക്ഷ്മിക്ക് സമാഹരിക്കാനായി. രണ്ട് ലക്ഷം രൂപ ചെലവില്‍ തറവാട് വീട് നിര്‍മ്മിക്കാനും ഇവര്‍ക്കായി.
സഹോദരങ്ങളായ ശിവരാമന്, ശാരദ, ബാബു, കമല, രാമകൃഷ്ണന്, ബിന്ദു എന്നിവരുടെ അകമഴിഞ്ഞ പ്രോത്സാഹനവും ലക്ഷ്മിക്കൊപ്പമുണ്ട്. ഇത് കൃഷിയില്‍ സ്വന്തമായൊരിടം കണ്ടെത്താന്‍ ലക്ഷ്മിയെ സഹായിച്ചു. ലക്ഷ്മിയിലെ കായിക മികവ് കണ്ടെത്തിയ വനവാസി വികാസകേന്ദ്രത്തിലെ നാരായണന്‍ജിയെ ലക്ഷ്മി ഇന്നും ഓര്‍ക്കുന്നു. സംസ്ഥാന വോളിബോള്‍ താരം, 1998 ലെ ജില്ലാ ഷോട്ട്പുട്ട്, ജാവലിന്‍, ഡിസ്ക്കസ് ത്രോ വിജയി, വനവാസി ദേശീയ ആര്‍ച്ചറി, കബഡി, ഷോട്ട്, ഡിസ്ക്കസ് ത്രോ എന്നിവയിലെല്ലാം ലക്ഷ്മി കരുത്ത് കാട്ടി. പത്താം ക്ലാസ് പഠനത്തിനുശേഷം മുണ്ടേരി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കി. പിന്നെ കാര്‍ഷികരംഗത്തേക്ക്.
വനവാസി കര്‍ഷക, ജെഎല്‍ജി, ബ്ലോക്ക്, പഞ്ചായത്ത്തല, ജില്ലാതല, സംസ്ഥാന തല വ്യക്തിഗത അവാര്‍ഡുകളും കഴിഞ്ഞ നാല് കൊല്ലമായി ലക്ഷ്മിക്ക് സ്വന്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: