കൊഴിഞ്ഞാമ്പാറ:ആഫ്രിക്കന്‍ മുഷി പിടികൂടിയ സംഭവത്തില്‍ മൂന്നാം ദിവസവും നടപടിയില്ലാതായതോടെ മത്സ്യങ്ങ്ള് സൂക്ഷിച്ചിരിക്കുന്ന ബസ് സ്റ്റാന്റിലും പരിസരത്തും ദുര്‍ഗന്ധം രൂക്ഷം.
രണ്ട് വാഹനങ്ങളിലായി ബസ് സ്റ്റാറ്റാന്റിനകത്ത് നിറുത്തിയിട്ടിരിക്കുന്നതില് പാതിയോളം കഴിഞ്ഞ ദിവസം തന്നെ ചത്തിരുന്നു. ഇത് മൂലം ബസ് സ്റ്റാന്റിലെത്തുന്ന യാത്രക്കാര്‍ക്കും സമീപത്തെ കച്ചവടക്കാര്‍ക്കും കടുത്ത ദുര്‍ഗന്ധമാണ് അനുഭവപ്പെടുന്നത്. വെള്ളിയാഴ്ച്ച രാവിലെ കൊഴിഞ്ഞാമ്പാറ പോലീസ് മുഷി കടത്ത് വാഹനങ്ങള്‍ പിടികൂടിയത് മുതല്‍ മൂന്ന് ദിവസമായിട്ടും നശീകരണമുള്‍പ്പെടെയുള്ള ഒരു നടപടിയും കൈക്കൊള്ളാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം.
വെള്ളിയാഴ്ച മുതല്‍തന്നെ പോലീസും ഫിഷറീസ് വകുപ്പും പഞ്ചായത്തുകളുടെ സഹകരണത്തോടെ പിടികൂടിയ ആഫ്രിക്കന്‍ മുഷി നശിപ്പിക്കാന്‍ നീക്കം ആരംഭിച്ചെങ്കിലും കൊഴിഞ്ഞാമ്പാറ, വടകരപ്പതി പഞ്ചായത്തുകളുടെ നിസ്സഹകരണം മൂലം നശീകരണം എങ്ങുമെത്തിയില്ല. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ മുഷി കൈപ്പറ്റിയെങ്കിലും വെള്ളിയാഴ്ച്ച രാത്രി മുതല്‍ പോലീസ് സംരക്ഷണത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലെ മേനോന് പാറയില്‍ കൃഷി ചെയ്ത് തമിഴ് നാട്ടിലേയ്ക്ക് വില്‍പ്പനയ്ക്കായി കൊണ്ടു പോകവേ വടകരപ്പതി പഞ്ചായത്തിലെ അനുപ്പൂരു വച്ചാണ് പോലീസ് 2 മിനിലോറികള്‍ പിടികൂടിയത്.
വെള്ളിയാഴ്ച്ച കാലത്ത് ഒഴലപ്പതിയ്ക്ക് സമീപം അനുപ്പൂരുവച്ചാണ് മുഷി കൊണ്ടുപോവുകയായിരുന്ന രണ്ട് വാഹനങ്ങള്‍ പിടികൂടിയത്. കൊഴിഞ്ഞാമ്പാറ എസ്ഐ എസ്.സജികുമാറും സംഘവുമാണ് 2 മിനി ലോറികളിലായി കടത്തുകയായിരുന്ന അഫ്രിക്കന്‍ മുഷി പിടികൂടിയത്. മേനോന് പാറയ്ക്ക് സമീപം കോരയാറിന്റെ തീരത്ത് പ്രവര്‍ത്തിക്കുന്ന മുഷി വളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്ന് തമിഴ്നാട്ടിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു. 5000 കിലോയിലധികം തൂക്കം വരുന്ന നിരോധിത മത്സ്യങ്ങളെയാണ് പിടികൂടിയത്.
പിടികൂടിയ മത്സ്യങ്ങള്‍ പിന്നീട് ഫിഷറീസ് വകുപ്പിന് കൈമാറി. ഇത് നശിപ്പിക്കുവാന്‍ ഫിഷറീസ് വകുപ്പ് ജീവനക്കാര്‍ വടകരപ്പതി പഞ്ചായത്തിനെ സമീപിച്ചെങ്കിലും മുഷി വളര്‍ത്തല്‍ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത് കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലായതിനാല്‍ നശിപ്പിക്കേണ്ടത് അവരുടെ ഉത്തരവാദിത്വമാണെന്ന് പറഞ്ഞ് കയ്യൊഴിയുകയായിരുന്നു.
പിന്നീട് ഫിഷറീസ് വകുപ്പ് കൊഴിഞ്ഞാമ്പാറ പഞ്ചായത്തിനെ സമീപിച്ചെങ്കിലും പിടികൂടിയത് വടകരപ്പതിയില്‍ വച്ചാണെന്ന കാരണം ചൂണ്ടിക്കാട്ടി ആവശ്യം നിരസിച്ചു.
പിന്നീട് കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഏറ്റെടുത്തെങ്കിലും വകുപ്പ് കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് നാട്ടില്‍ പോയതു കാരണം പിടിച്ച വാഹനങ്ങള്‍ കൊഴിഞ്ഞാമ്പാറ ബസ്റ്ററ്റ് പരിസരത്ത് സൂക്ഷിച്ചിരിക്കുകയാണ്.
മത്സ്യങ്ങള്‍ ചത്ത് ദുര്‍ഗന്ധം സഹിക്കവയ്യാതെ നാട്ടുകാര്‍ യാത്രക്കാരും ബുദ്ധിമുട്ടിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: