നടന് ദിലീപ് ജയിലില്കിടക്കുന്നതാണ് കേരളത്തിലെ ഏറ്റവുംവലിയ പ്രശ്നമെന്ന നിലയില്‍ നടന്നിരുന്ന ചര്‍ച്ചകള്‍ക്കും വാര്‍ത്തകള്‍ക്കും ഒരുമെരുക്കമൊക്കെയായി. ഇനി അയാള്‍ക്കു ജാമ്യം കിട്ടിയാലെന്ത് കിട്ടിയില്ലെങ്കിലെന്ത് എന്ന നിലവരെയായെന്നുതോന്നുന്നു ജനം. കാരണം നടന് അത്രത്തോളം അനുഭവിച്ചു.
സൂപ്പര്‍താരമെന്ന അഹങ്കാരം ചീട്ടുകൊട്ടാരംപോലെ തകര്‍ന്നുവീണത് ജനംകണ്ടു. മാളികമുകളേറിയ മന്നന്റെ…എന്നത് സത്യമാണെന്നും പൊതുജനത്തിനു മനസിലായി. ദിലീപിനെ ആരും തിരിഞ്ഞുനോക്കുന്നില്ല. മറ്റുള്ളവരെപ്പോലെ ഒരാള്‍ എന്നുമാത്രം. പോലീസ് നടനെ പുറത്തുകൊണ്ടുവരുമ്പോഴൊക്കെ ജനം മത്സരിച്ചുകൂവുന്നതിനു ശമനമായി. അത്രത്തോളം അനുഭവിക്കുന്നുണ്ടല്ലോ ഇനി എന്തിനെന്ന ഭാവം.
എന്തായാലും സിനിമാലോകത്തിനു ജനം പണികൊടുത്തു. എത്രനല്ല സിനിമ എന്നുപറഞ്ഞാലും ഹൗസ്ഫുള്ളാകുന്നില്ല. ചിലപടങ്ങള്ക്ക് മുപ്പതും നാല്‍പ്പതും ആളുകളാണ് ഒരുഷോയ്ക്കുള്ളത്. ചില ചിത്രങ്ങള്‍ വന്നുപോയത് അറിഞ്ഞില്ല. സൂപ്പര്‍ താരങ്ങളുടെപോലും ഓണച്ചിത്രങ്ങള്‍ക്ക് എന്തു സംഭവിക്കുമെന്ന ആശങ്കയാണുള്ളത്. സിനിമാക്കാരെ ഇങ്ങനെയങ്കിലും കുറച്ചു നന്നാക്കിയെടുക്കാന്‍ സാധിക്കുമോയെന്നായിരിക്കും ഒരുപക്ഷേ ജനം അറിയാതെപോലും തീരുമാനിച്ചത്.
കേരളത്തില്‍ നീറുന്ന നൂറുകണക്കിനു പ്രശ്നങ്ങളുണ്ട്. അതെല്ലാം ഒരുതാരത്തിന്റെ പേരില്‍ കാണാതെപോകയോ ചര്ച്ചചെയ്യാതെപോകയോ ഉണ്ടായിട്ടുണ്ട്. സര്‍ക്കാരും പൊതുജനവും അടിയന്തര ശ്രദ്ധചെലുത്തേണ്ട എത്ര പ്രശ്നങ്ങളുണ്ടിവിടെ. ദിലീപ് പ്രശ്നംവന്നപ്പോള്‍ പലതും നിസാരമായി. സിനിമ മറ്റു വിനോദങ്ങളെപ്പോലെ ഒന്നുമാത്രമാണ്. സിനിമയുടെ ഗ്ളാമറാകാം അതിനു പ്രാധാന്യം നല്കുന്നതെന്നുവേണമെങ്കില് പറയാം.
സിനിമയെ ഇപ്പഴും ഒരുവിനോദം എന്നനിലയില്‍ കാണുന്നവര്‍ തന്നെയാണ് ഇന്നും മലയാളികള്‍. മറിച്ചു ഗൗരവമായികാണുന്നവരും കണ്ടേക്കാം. അതുപക്ഷേ ന്യൂനപക്ഷമാകാം. എന്നാല്‍ സിനിമാക്കാരല്ല ആരും പൊതുസമൂഹത്തിനു പ്രശ്നമാകുന്നതു ചെയ്താല്‍ അതിനെ ഗൗരവമായിത്തന്നെ കാണുന്നവരാണ് ജനം. അതാണ് മലയാള സിനിമ ഇന്നനുഭവിക്കുന്ന പ്രതിസന്ധി.
തമിഴനെക്കാള്‍ സിനിമാഭ്രാന്തനായി മാറുന്നുണ്ടോ മലയാളി. ഇന്നലെ വഴിപോക്കനായയാള് സിനിമയില്‍ കയറിനിന്നാള് ഒന്നിരുട്ടി വെളുക്കും മുന്‍പ് അയാള്‍ സമൂഹത്തിലെ മഹാനായി മാറുന്നത് മലയാളി എന്ന പ്രേക്ഷകന്റെ മാനുഷിക നിലവാരത്തിലുള്ള ഇടിവാണ്.
സമൂഹത്തിനുവേണ്ട ജീവിതം സമര്‍പ്പിച്ച് രാപകലില്ലാതെ സേവനം ചെയ്യുന്ന ആയിരക്കണക്കിനു പൊതുപ്രവര്ത്തകര്ക്കുമുന്നില് സിനിമാക്കാര് ആരെന്ന് ഒരുനിമിഷം ചിന്തിച്ചാല്‍ തോന്നില്ലേ. ഒരുപക്ഷേ ഇത്തരം പൊതുപ്രവര്‍ത്തകര്‍ ആ പേരുംപെരുമയും ആഗ്രഹിക്കുന്നുണ്ടാവില്ല. വിദേശങ്ങളില്‍ പൊതുവിടങ്ങളിലും ജനമനസുകളിലും സിനിമാക്കാര്‍ക്കുള്ള സ്ഥാനം മുന്നിലല്ല, പിന്നില്‍ തന്നെയാണ്. വളരെ പിന്നില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: