ബിന്ദു സുരേഷിന്റെ ഹൃദയം നിറയെ ശുദ്ധ സംഗീതമാണ്. ഇരിട്ടിയിലും കേളകത്തും കല്ല്യാണി സ്ക്കൂള് ഓഫ് മ്യൂസിക്കിലും സംഗീതം പഠിക്കാനെത്തുന്നവരിലെ സംഗീത വാസനയും താല്പര്യവും വ്യക്തമായി തിരിച്ചറിഞ്ഞ ശേഷമേ പ്രവേശനം നല്‍കാറുള്ളൂ. കാരണം സംഗീതം ഒരു ജന്മവാസനയാണ് . മറ്റുള്ളവരുടെ താല്പര്യത്തിനനുസരിച്ച് അത് ആരിലും തിരുകിക്കയറ്റാനാവില്ലെന്നതാണ് സത്യം. പണം മാത്രം ലക്ഷ്യം വെച്ചുള്ള ഒരു ബിസിനസ് സ്ഥാപനമാക്കി മാറ്റാന്‍ ഒരിക്കലും തന്റെ ഈ സംഗീത വിദ്യാലയത്തെ ഉപയോഗപ്പെടുത്തില്ലെന്ന് ബിന്ദു സുരേഷ് പറയുന്നു.
പേരിനും പ്രശസ്തിക്കും പിന്നാലെ പോകാന്‍ ബിന്ദു തയ്യാറല്ല. പാലക്കാട് ചെമ്പൈ മെമ്മോറിയല്‍ ഗവ. സംഗീത കോളേജില്‍ നിന്നുമാണ് ബിന്ദു ഗാനഭൂഷണം നേടിയത്. ഇന്നത്തെ തലമുറയില്‍ പലരും കുറുക്കു വഴികളിലൂടെയും ചെപ്പടി വിദ്യകളിലൂടെയും പ്രശസ്തിയുണ്ടാക്കി ഈ രംഗത്ത് വിരാജിക്കുമ്പോള്‍, അര്‍ഹതയുള്ള ഗായകരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് ബിന്ദു പറയുന്നു. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ ഉയര്‍ന്നു വന്ന ജോബി ജോണും, സൂര്യ സിംഗറിലൂടെ കേരളത്തിലെ ഒരു കൊച്ചു വാനമ്പാടിയായി മാറിയ ശ്രേയാ ജയദീപും ഉദാഹരണം. ചെമ്പൈ സംഗീത കോളേജില്‍ നിന്ന് കര്‍ണ്ണാടക സംഗീതത്തിന്റെ ഹൃദയം തൊട്ടറിഞ്ഞ ബിന്ദു സുരേഷിന്റെ ശിക്ഷണത്തിലൂടെയാണ് ഇവര്‍ക്ക് രണ്ടുപേര്‍ക്കും ഇന്നറിയപ്പെടുന്ന ഗായകരാവാന്‍ സാധിച്ചത്.
പ്രശസ്തരായ നിരവധി സംഗീതജ്ഞരുടെ ശിഷ്യത്വം സ്വീകരിക്കാന്‍ കഴിഞ്ഞതും അവരുടെ അനുഗ്രഹം നേടാനായതും വലിയ ഭാഗ്യമായി ഇവര്‍ കരുതുന്നു.എന്‍ .എച്ച് . രാമസ്വാമി, വയ്യങ്കര മധുസൂദനന്, ആയാംകുടി മണി, കാവുംപട്ടം വാസുദേവന്‍, പാലാ സി.കെ. രാമചന്ദ്രന് തുടങ്ങി ഇന്ന് ജീവിച്ചിരിക്കുന്നവരും മണ്മറഞ്ഞവരുമായ പ്രശസ്ത സംഗീതജ്ഞരുടെ ഒരു നിരതന്നെയുണ്ട് ഇതില്‍.
ഇരിട്ടി തൈവളപ്പില്‍ കുഞ്ഞിക്കണ്ണന്റെയും സരസ്വതിയുടെയും അഞ്ചുമക്കളില്‍ മൂത്തയാളാണ് ബിന്ദു. സംഗീതത്തില്‍ ഏറെ തല്പരനായിരുന്ന പിതാവടക്കം കുടുംബത്തിലുള്ളവര്‍ക്കെല്ലാം സംഗീതവും കലയുമായി ബന്ധമുണ്ട്. സഹോദരനായ സുജേഷ് (ഉരാസു ) ആണ് ‘സണ്‍ഡേ ഹോളിഡേയ്സ്’ എന്ന സിനിമയ്ക്ക് കഥ എഴുതിയത്. കുടുംബത്തിലെ കലാ പാരമ്പര്യം ബിന്ദുവിനെയും സംഗീതലോകത്തേക്ക് എത്തിച്ചു എന്ന് പറയാം.
കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളേജിലെ പ്രൊഫസര്‍ എം.പി. ജോസഫും കലാതല്‍പ്പലരായ ചിലരും ചേര്‍ന്ന് 1980 കളില്‍ ഇരിട്ടിയില്‍ കലാക്ഷേത്രം എന്ന പേരില്‍ ഒരു സ്ഥാപനം നടത്തി വന്നിരുന്നു. സംഗീതം കൂടാതെ വിവിധ സംഗീതോപകരണങ്ങള്‍ വായിക്കുന്നതിലും ശാസ്ത്രീയ നൃത്തങ്ങളിലും മറ്റും ഇവിടെ പരിശീലനം നല്കിവന്നിരുന്നു. ഇന്ന് ഈ മേഖലയില്‍ പ്രശസ്തരായ പലരും കലാക്ഷേത്രവുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുള്ളവരാണ്. തലശ്ശേരി ചിറക്കര ഗവ. ഹൈസ്കൂളിലും, പിന്നീട് ചാവശ്ശേരി ഗവ. ഹൈസ്കൂളിലും സംഗീതാദ്ധ്യാപകനനായിരുന്ന പി. രാജന് മാസ്റ്റര്‍ ആയിരുന്നു കലാക്ഷേത്രത്തിലെ അക്കാലത്തെ സംഗീത അദ്ധ്യാപകന്. ബിന്ദുവിന്റെ ആദ്യ ഗുരുവും രാജന് മാസ്റ്ററായിരുന്നു.
ചെമ്പൈ സംഗീത കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കാറായ നാളുകളിലായിരുന്നു മലയാള ചലച്ചിത്ര സംഗീത ലോകത്ത് തിളങ്ങി നിന്നിരുന്ന കെ. രാഘവന് മാസ്റ്റര്‍ ഒരുദിവസം പാലക്കാട് എത്തുന്നത്. ചലച്ചിത്ര ഗാനശാഖയ്ക്ക് അദ്ദേഹം നല്കിയ സംഭാവനകള്‍ കണക്കിലെടുത്തു രാഘവന് മാസ്റ്ററെ ആദരിക്കുന്ന ചടങ്ങായ ‘സഹസ്ര പൂര്‍ണ്ണിമ പ്രതിഭാ പ്രണാമം’ എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ആയിരുന്നു എത്തിയത്. അദ്ദേഹത്തിന് മുന്നില്‍ മാസ്റ്റര്‍ തന്നെ സംഗീതം നല്കിയ രമണനിലെ കാനനച്ഛായയില്‍ ആടുമേയ്ക്കാന്‍ എന്ന ഗാനം പാടിയ ബിന്ദുവും അന്ന് ശ്രദ്ധിക്കപ്പെട്ടു. സിനിമാലോകത്തെയും ചലച്ചിത്ര ഗാനരംഗത്തേയും നിരവധി പ്രമുഖര്‍ പങ്കെടുത്ത ചടങ്ങ് . പാട്ടുകേട്ടിരുന്ന രാഘവന് മാസ്റ്റര്‍ അടുത്തിരുന്ന വി.ടി. മുരളിയോട് ചോദിച്ചു,
പി. ലീലയുടെ ശബ്ദമാധുരിയുള്ള ആ കുട്ടി ആരാണെന്ന്. മാഹിയില്‍ കലാഗ്രാമം തുടങ്ങിയിട്ടു ഏറെനാള്‍ ആയിരുന്നില്ല. അതിന്റെ അമരക്കാരനായിരുന്ന രാഘവന് മാസ്റ്റര്‍ ബിന്ദുവിനെ കലാഗ്രാമത്തിലേക്ക് ക്ഷണിച്ചു. തുടര്‍ന്ന് ഇവിടെ സംഗീത അദ്ധ്യാപികയായി. ഇവിടെ 10 വര്‍ഷക്കാലം തുടര്‍ന്നു. കലാഗ്രാമത്തിലെ വാസത്തിനിടയിലാണ് 2002 ല്‍ ജര്‍മ്മനിയിലെ മേയറായിരുന്ന ബെര്‍ണര്‍ സ്പെക്ക് കലാഗ്രാമം സന്ദര്‍ശിക്കുന്നത്. ഇവിടുത്തെ വിവിധ തരത്തിലുള്ള നൃത്തവും, പാട്ടും, വിവിധ കലാ പരിപാടികളും കണ്ട മേയര്‍ക്ക് ഇവയൊക്കെ തന്റെ നാട്ടില്‍ കൊണ്ടുപോയി അവതരിപ്പിക്കണം എന്ന ആഗ്രഹമുണ്ടായി. അങ്ങനെ ജര്‍മ്മനിയിലെ ഹെര്‍മ്മന്‍ ഹെസ്സെ ഫെസ്റ്റിവലിലേയ്ക്ക് ക്ഷണിക്കുകയും എം. വി. ദേവന്, കെ.കെ. മാരാര്‍ തുടങ്ങി നിരവധി പ്രശസ്തരുടെ കൂടെ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് ജര്‍മ്മനിയില്‍ പോയി നിരവധി പരിപാടികള്‍ അവതരിപ്പിച്ചു.
കലാഗ്രാമത്തിലെ സേവനത്തിന് ശേഷം കോഴിക്കോട് സില്‍വര്‍ ഹില്‍സ് ഹൈസ്കൂളില്‍ 5 വര്‍ഷത്തോളം സംഗീതാദ്ധ്യാപികയായി ജോലി നോക്കി. എം.ടി. വാസുദേവന്‍ നായരുടെ പത്നി സരസ്വതി ടീച്ചര്‍ കോഴിക്കോട് നടത്തി വന്നിരുന്ന നൃത്താലയത്തില്‍ എംടി യുടെ മകള്‍ അശ്വതിയുടെയും മറ്റും നൃത്ത പരിപാടികളില്‍ പാടുവാനും സാധിച്ചു. ഇവിടെ വച്ചാണ് റിയാലിറ്റി ഷോകളിലെ താരങ്ങളായ ജോബി ജോണിനേയും, ശ്രേയ ജയദീപിനെയും പരിശീലിപ്പിക്കുവാനുള്ള ഭാഗ്യം ബിന്ദുവിന് ലഭിച്ചത്. ഇതോടെ അധ്യാപികയും ശ്രദ്ധിക്കപ്പെട്ടു.
ജന്മനാട്ടില് തന്നെ തിരിച്ചെത്തി അവിടെ ഒരു സംഗീത വിദ്യാലയം സ്ഥാപിച്ച് സ്വന്തം നാട്ടിലെ കുട്ടികളെ പരിശീലിപ്പിക്കണമെന്ന അതിയായ ആഗ്രഹം ഉള്ളില്‍ ഉദിച്ചതോടെയാണ് ഇരിട്ടിയില്‍ തന്നെ തിരിച്ചെത്തി കല്ല്യാണി എന്ന സ്ഥാപനം തുടങ്ങിയത്. സംഗീതത്തില്‍ തന്നെ ഏറെ പ്രോത്സാഹിപ്പിച്ച തന്റെ പിതാവിന്റെ അമ്മയുടെ പേരായ കല്ല്യാണി എന്ന നാമം തന്നെ ഈ സ്ഥാപനത്തിന് നല്കാന് രണ്ടുവട്ടം ആലോചിക്കേണ്ടി വന്നില്ല എന്ന് ബിന്ദു പറയുന്നു. ഒപ്പം കര്‍ണ്ണാടക സംഗീതത്തിലെ ഏറെ പ്രിയപ്പെട്ട രാഗം എന്ന നിലയിലും ഈ നാമത്തിനു ഏറെ വിശുദ്ധിയുണ്ടെന്നാണ് ബിന്ദുവിന്റെ അഭിപ്രായം. ശ്രേയ ജയദീപാണ് ഇതിന്റെ ഉദ്ഘാടനം നടത്തിയത്.
ഇരിട്ടിയില്‍ കൂടാതെ മലയോര മേഖലയിലെ പ്രധാന പട്ടണമായ കേളകത്തും ഇതേപേരില്‍ സംഗീത വിദ്യാലയം നടത്തി വരുന്നു. നൂറിലേറെ വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ ഈ സ്ഥാപനങ്ങളില്‍ സംഗീതം പഠിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം കണ്ണൂര്‍ മുനീശ്വരന്‍ കോവിലില്‍ നവരാത്രി നാളില്‍ പരിപാടി അവതരിപ്പിക്കുവാനുള്ള അവസരം തനിക്കും ഈ സംഗീത വിദ്യാലയത്തിനും കൈവന്നതും അനുഗ്രഹമായി കരുതുന്നു. ഇത്തവണ ഗുരുവായൂരില്‍ നടക്കുന്ന ചെമ്പൈ സംഗീതോത്സവത്തില്‍ പാടാനുള്ള ക്ഷണവും കൈവന്നിട്ടുണ്ട്.മക്കളായ അര്‍ജ്ജുനും , ദേവികയും സംഗീതത്തില്‍ പ്രാവീണ്യം നേടിയവരും വിവിധ കലകളില്‍ കഴിവ് തെളിയിച്ചവരുമാണ്.
‘കല ദൈവം മനുഷ്യന് അറിഞ്ഞു നല്കുന്ന വരമാണ് . അത് എല്ലാവര്ക്കും ലഭിക്കണമെന്നില്ല . സംഗീതമെന്നത് കലകളുടെ അമ്മയാണ്. ദൈവം എനിക്ക് അനുഗ്രഹിച്ചു നല്കിയ കഴിവിനെ പരിപോഷിപ്പിക്കാന്‍ ഞാന്‍ ആവോളം ശ്രമിച്ചു. പ്രഗത്ഭരായ ഗുരുക്കന്മാരുടെ കൈയില്‍ നിന്നുതന്നെ അത് എനിക്ക് സ്വായത്തമാക്കാന്‍ കഴിഞ്ഞു. ഇവരുടെ അനുഗ്രഹം ഇന്നും എനിക്ക് തുണയായി നില്ക്കുന്നു. എനിക്ക് കിട്ടിയ കഴിവിനെ മറ്റുള്ളവര്‍ക്കു പകര്‍ന്നു നല്‍കുക എന്ന പുണ്യകര്‍മ്മമാണ് ഞാന്‍ ഇപ്പോള്‍ നിര്‍വഹിക്കുന്നത്. ജോബിയെ പോലെ, ശ്രേയയെപ്പോലെ കാലം വിളക്കുവെച്ചു പൂജിക്കുന്ന നല്ല കലാകാരന്മാരായി ഇവരൊക്കെ വളരണം എന്ന ഒരാഗ്രഹം മാത്രമേ എനിക്കുള്ളൂ. അതിനുവേണ്ടിയുള്ള പരിശ്രമത്തിലാണ് ഞാന്‍’ ബിന്ദു പറഞ്ഞുനിര്‍ത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: