നടപ്പുരകളിലും പൂരപ്പന്തലുകളിലും കൊട്ടിത്തിമര്‍ക്കുന്ന പഞ്ചവാദ്യത്തിന്റെ നായകനിരയിലേക്ക് കാലം എത്തിച്ച ചോറ്റാനിക്കര സുഭാഷ് കലാകേരളത്തിന്റെ പരമോന്നതമായ അംഗീകാരം നേടുകയാണ്. നടപ്പു പഞ്ചവാദ്യനിരയിലെ സുസമ്മതനായ ഈ താരം പ്രശസ്തിയില്‍ നിന്നും പ്രശസ്തിയിലേയ്ക്കു കുതിക്കുകയാണ്.
പുകള്‍പെറ്റ പൂരം പൂത്തുലയുന്ന മഠത്തില്‍ വരവിന്റെ പൂമുഖത്തേക്ക് തിമിലയുമായി ചെന്നത് അവിചാരിത നേരത്ത്. ഏവരും മോഹിക്കുന്ന ആ വഴിയില്‍ നിരക്കാനായത് കൊട്ടിന്റെ ഗൗരവം അറിഞ്ഞവരുടെ മോഹപ്രകാരം. മുന്‍ ഗാമികള്‍ പതിറ്റാണ്ടുകള്‍ മുമ്പ് നിലയുറപ്പിച്ച സ്ഥാനത്ത് ചോറ്റാനിക്കരയിലെ സുഭാഷ് ചെന്നെത്തി. അതറിഞ്ഞവര്‍ അത്ഭുതപ്പെട്ടു. ഒരാളും അത് ചിന്തിച്ചിരുന്നില്ല. പക്ഷേ, വേദമന്ത്രോച്ചാരണംകേട്ടു വളര്‍ന്ന മുത്തച്ഛനാലിന്‍ ചുവട്ടില്‍ പതികാല താളവട്ടത്തിലേയ്ക്ക് സുഭാഷ് ലയിച്ചു ചേര്‍ന്നു.
തിമിലയിലെ പരക്കാരനില്ലാത്ത സുവര്‍ണ്ണതാരം ചോറ്റാനിക്കര നാരായണമാരാര്‍ എന്ന അച്ഛനും, തിമിലയില്‍ അഗ്രഗണ്യനായ കുഴൂര്‍ കുട്ടപ്പമാരാര്‍ എന്ന മുത്തച്ഛനും അറിഞ്ഞനുഗ്രഹിച്ച സുഭാഷ് നിറവാര്‍ന്നതാരമാണ്. വീറും വാശിയും ദീക്ഷിക്കുന്ന കൊട്ടിനുടമയായ ഈ വാദ്യവല്ലഭനെ ശ്രദ്ധിക്കാത്തവരില്ല. മദ്ധ്യകേരളത്തിലെ അരങ്ങുകളില്‍ പൊരുതുവാനായി പിറന്ന ഈ താരത്തിന്റെ വഴിയിലെത്തുവാന്‍ ശ്രമിക്കാത്തവര്‍ കുറവാണ്. ഒട്ടേറെ പ്രശസ്തര്‍ക്കൊപ്പം വളര്‍ന്നതിന്റെ മികവിനാല്‍ തന്നെയാണ് സുഭാഷിനെ ജനങ്ങള്‍ തിരിച്ചറിയാന്‍ ഇടവന്നത്.
ചോറ്റാനിക്കരക്ഷേത്രസോപാനത്തുനിന്നും കൊട്ടികയറിയ ഈ മാരാരുകുട്ടി ഇതൊന്നുമായില്ലെങ്കിലെ അത്ഭുതപ്പെടാനുള്ളൂ. ചെണ്ടയും തിമിലയും ഇടയ്ക്കയും വായിച്ചാണ് വളര്‍ന്നതുത്തന്നെ.
കൗമാരത്തിലെത്തിയപ്പോള്‍ മുതല്‍ ഇടയ്ക്കയില്‍ അറിയപ്പെടാന്‍ തുടങ്ങി. തൃശ്ശൂര്‍ പൂരത്തില്‍ പാറമേക്കാവുവിഭാഗത്തിന്റെ ഇടയ്ക്കക്കാരനായി വന്നപ്പോള്‍ കൂടെ നിന്നിരുന്നത് പല്ലാവൂര്‍ അപ്പുമാരാര്‍, കാക്കൂര്‍ അപ്പുക്കുട്ടമാരാര്‍, ആലിപ്പറമ്പ് ശിവരാമപ്പൊതുവാള്‍ എന്നിവരായിരുന്നു. കാലം കടന്നപ്പോള്‍ ഇടയ്ക്കയുടെ നായകനായി സുഭാഷ് മാറി.
പില്ക്കാലത്ത് സുഭാഷ് തിമിലക്കാരനായി ചുവടുറപ്പിച്ചു. പാരമ്പര്യത്തിന്റെ വിളിയാലാണ് സുഭാഷില്‍ തിമില ചേക്കേറിയത്. ഇത് ദൈവനിയോഗമായിരുന്നു. പ്രമാണിയായും കൂടെ നിന്നും തിമിലയിലെ വഴികളെല്ലാം കൊട്ടിക്കാണിച്ചപ്പോള്‍ ആസ്വാദകര്‍ക്ക് മറക്കാനാവാത്ത അനുഭവമായി. എവിടേയും സുഭാഷിന്റെ തിമിലവായനകേള്‍ക്കാന്‍ ആള്‍ക്കൂട്ടമുണ്ടാവും. തിമിലയില്‍ വന്നുചേരുന്ന കൊട്ടിന്റെ തീവ്രതയെ ഉറ്റുനോക്കന്‍ സഹപ്രവര്‍ത്തകര്‍ക്കു തന്നെ താല്പര്യമാണ്. പഞ്ചവാദ്യത്തിലെ നായകനായി ഒരു വിട്ടുവീഴ്ചയും ചെയ്യാതെ പൊരുതിക്കയറിയ ചോറ്റാനിക്കര നാരായണമാരാരുടെ പ്രയോഗസിദ്ധി സുഭാഷ് എന്ന മകനിലും നിറഞ്ഞു. കുഴൂര്‍ത്രയത്തിലെ അഗ്രേസരന്‍ ശങ്കരന് എന്ന കുട്ടപ്പന്മാരാര് ചോറ്റാനിക്കര നാരായണമാരാരുടെ ഗുരുവാണ്.
പഞ്ചവാദ്യത്തിലെ എക്കാലത്തേയും ശബ്ദമായ രാമമംഗലത്തിന്റെ പിന്തുടര്ച്ച വഴിയിലൂടെയാണ് ഈ തിമിലക്കാരനും നീങ്ങുന്നത്. പാരമ്പര്യവും കഴിവും ഒരു പോലെ തെളിഞ്ഞു നിന്നതിന്റെ തിളക്കവുമായാണ് സുഭാഷ് പ്രമാണ പദത്തിലെത്തിയത്. വരുംകാല തൃശൂര്‍പൂരത്തിന്റെ മഠത്തില്‍ വരവ് നാകനാവുന്നത് കാത്തിരിപ്പാണ് ആസ്വാദകവൃന്ദം. ചരിത്രഭൂമിയിലെ മഠത്തില്‍ വരവ് വാദ്യ വിശാരദന്മാരുടെ വിഹാര രംഗമായിരുന്നു. അതുപോലെ പ്രശസ്തിയില്‍ എത്തിച്ചേരുകയാണ് പത്തരമാറ്റുള്ള ഈ ചോറ്റാനിക്കര താരം.
കൈവിരലുകളില്‍ കാഴ്ച്ചക്കാര്‍ താളം പിടിച്ചു നില്ക്കുമ്പോള് അവര്‍ക്കു ഹരംപകരാന്‍ ഇദ്ദേഹം മതി. പഞ്ചവാദ്യത്തില്‍ പഴുതുകളടച്ച് മുന്നേറുമ്പോള്‍ ഇരമ്പിയാര്‍ക്കുന്ന ഇടകാലത്തിന്റെ വീരഭാവങ്ങള്‍ കൊട്ടിത്തീര്‍ക്കുന്ന സുഭാഷ് ഒരുക്കുന്ന മുഹൂര്‍ത്തങ്ങള്‍ വിവരണാതീതം തന്നെയാണ്. ചോറ്റാനിക്കരയില്‍ വച്ച് സെപ്തംബര്‍ 10ന് വരുംകാല പൂരനായകനെ വീരശൃംഖല ചാര്‍ത്തുന്നത് കോഴിക്കോടു സാമൂതിരിയാണ്. വാദ്യസമൂഹവും, പൂരസംഘാടകരും വന്നുചേര്‍ന്ന് നടത്തുന്ന ചടങ്ങ് ഒരു ദിനംനീണ്ടുനില്‍ക്കുന്ന പരിപാടികളോടെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: