ജോസ് പ്രകാശിനെക്കുറിച്ച് പറഞ്ഞതിനൊരു തുടര്‍ച്ചയാകാം. സത്യനും പ്രേംനസീറും സിനിമയിലേയ്ക്കു കടന്നുവന്ന വര്‍ഷംതന്നെയാണ് ഇദ്ദേഹത്തിന്റെയും ചലച്ചിത്രപ്രവേശം. അവരിരുവരും കാലയവനികയ്ക്കു പിന്നില്‍ മറഞ്ഞശേഷവും ജോസ് പ്രകാശ് രംഗത്തു തുടര്‍ന്നു. ഗായകനായി വന്നു; അഭിനയരംഗത്തേയ്ക്കു ചുവടുമാറി. ആ നിലയില്‍ ദീര്‍ഘകാലം മലയാള സിനിമയിലെ സാന്നിധ്യമായി.
സിനിമയില്‍ എത്തിപ്പെടുന്നതിനു മുന്‍പ് അദ്ദേഹം സൈനിക സേവനത്തിനിറങ്ങി. ഇന്ത്യാ വിഭജനകാലത്തും അതേത്തുടര്‍ന്നുണ്ടായ കലാപനാളുകളിലും അദ്ദേഹം കല്‍ക്കത്തയിലാണ് സേവനമനുഷ്ഠിച്ചിരുന്നത്.
ജീവിതത്തില്‍ താനാടിയ ഒരു വേഷം, രംഗം, ഒരു ലോകവിശ്രുത സിനിമയില്‍ സ്ക്രീനില്‍ മറ്റഭിനേതാക്കളാടി കാണുവാനുള്ള ഭാഗ്യം ജോസ്പ്രകാശിനുണ്ടായി. ആറ്റന്‍ബറോയുടെ ‘ഗാന്ധി’ സിനിമയില്‍ കല്‍ക്കത്തയില്‍ ചോരപ്പുഴയൊഴുക്കിയ വര്ഗ്ഗീയകലാപത്തില്നിന്നും തീവ്രവാദികളെയും മതവൈരികളെയും പിന്തിരിപ്പിക്കുവാന് വേണ്ടി ഗാന്ധിജി സുഹുര്‍വര്‍ദ്ധിയുടെ വീട്ടില്‍ നിരാഹാരസമരം നടത്തുന്ന ഒരു രംഗം യഥാര്ത്ഥത്തിന്പടി ചിത്രീകരിച്ചിരുന്നു.
സുഹുര്‍വര്‍ദ്ധിയുടെ വീടിനു ചുറ്റും പട്ടാളം. അന്നത്തെ ആര്‍മി സര്‍വ്വീസ് കോറിലെ ഏറ്റവും മിടുക്കരായ ഏഴുപേരെ തിരഞ്ഞെടുത്തു. അവര്‍ക്കാണ് ഗാന്ധിജി ഉപവാസമിരിക്കുന്ന മഞ്ചത്തിന് ചുറ്റുമുള്ള ഗാര്‍ഡ് ചുമതല നല്‍കിയിരിക്കുന്നത്. ഗാന്ധിജിയുടെ ജീവനു വലിയ അപകട സാധ്യതയുണ്ട്.
പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം ജവഹര്‍ലാല്‍ നെഹ്റു ഗാന്ധിജിയെ അനുനയിപ്പിച്ച് സത്യഗ്രഹത്തില്നിന്നും പിന്തിരിപ്പിക്കുവാന് വേണ്ടി വെപ്രാളപ്പെട്ട് ഓടിയെത്തുന്നതാണ് രംഗം. ഈ ഏഴു ഗാര്‍ഡുകളും ആ നിമിഷത്തിനു സാക്ഷികളാണ്- ചരിത്രത്തിലും സിനിമയിലും.
‘ഗാന്ധി’ സിനിമയുടെ ഒരു പ്രിവ്യൂ എറണാകുളത്തെ സരിതാ തിയേറ്ററില്‍ നടന്നു. ക്ഷണിക്കപ്പെട്ട സദസ്സ്. അക്കൂട്ടത്തില്‍ ചലച്ചിത്രനടനായ ജോസ് പ്രകാശുമുണ്ടായിരുന്നു. മകന് രാജന് ജോസഫ് (കൂടെവിടെ, ഈറന്‍ സന്ധ്യ, ഉപഹാരം തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവ്) സഹോദരീപുത്രനായ ഡെന്നീസു (ഡെന്നീസ് ജോസഫ്, പിന്നിട് തിരക്കഥാകൃത്തും സംവിധായകനും)മുണ്ടിവിടെ.
ചിത്രത്തിന്റെ രണ്ടാംപകുതിയില്‍ ഈ രംഗം വന്നപ്പോള്‍ വികാരാധീനനായി അവരുടെ അച്ചായന് (ജോസ്പ്രകാശ്) അരികിലിരുന്ന തന്റെ കൈത്തണ്ടയില്‍ ബലമായി അമര്‍ത്തിപ്പിടിച്ചതും പിന്നീട് കൈലേസുകൊണ്ട് കണ്ണുനീര് തുടച്ചതും ഡെന്നീസിന്റെ ഓര്‍മ്മയിലുണ്ട്.
ആ രംഗത്ത് ഉപവാസയജ്ഞത്തിനു മഞ്ചത്തിലിരുന്ന ഗാന്ധിജി (ബെന്കിംഗ്സിലി)യുടെ ചുറ്റും ഗാര്‍ഡ് നിന്ന യൂണിഫോമണിഞ്ഞ സൈനികരെക്കൊണ്ടാണ് അച്ചായന് വികാരാധീനനായത്. അതിനുകാരണം അന്നേയ്ക്കു മുപ്പത്തിമൂന്ന് വര്‍ഷം മുന്‍പ് സുഹൂര്വര്ദ്ധിയുടെ വീട്ടില്‍ ആ നിമിഷം ചരിത്രത്താളുകളില്‍ നിവര്ത്തിതമാകുമ്പോള് അതിനു സാക്ഷ്യം വഹിച്ച യൂണിഫോമണിഞ്ഞ ആ ഏഴു സായുധഗാര്ഡുകളിലൊരാളായ കോട്ടയത്തുകാരന് കുന്നേല്‍ ഔസേപ്പച്ചന്റെ മകന് ബേബി ഈ അച്ചായനായിരുന്നതുകൊണ്ടാണെന്ന് ഡെന്നീസോ രാജനോ അന്നു മനസ്സിലാക്കിയിരുന്നില്ലല്ലോ!
ബേബി 17-ാം വയസ്സില്‍ സൈനികസേവനത്തിനു പോയപ്പോള്‍ കുന്നേല്‍ ഔസേപ്പച്ചന് എതിര്‍ക്കാതിരുന്നത് മകന്റെ ജീവിതത്തില്‍ പട്ടാളച്ചിട്ടകള്‍ ഒരു ക്രമവും അച്ചടക്കവും കൊണ്ടുവരുമെന്ന ഉറപ്പിലാണ്. ആ പ്രതീക്ഷ ഏതായാലും തെറ്റിയില്ല. ജീവിതത്തില്‍ ഒരിക്കലും ബേബിയുടെ ചുവടുകള്‍ പിഴയ്ക്കാതിരുന്നതിനും മക്കളെല്ലാം എത്തേണ്ടിടത്ത് എത്തിയതിനും പിന്നില്‍ ആ ജീവിതം സമ്മാനിച്ച ചിട്ടകള്‍ക്കു വലിയൊരു പങ്കുണ്ട്.
ചെറുപ്പത്തിലേ അല്പം കലാവാസനയുണ്ടായിരുന്നു ബേബിക്ക്. ഒന്നും ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ല. എങ്കിലും പാടും. അല്പം അഭിനയവുമുണ്ട്. കേട്ടുപഠിച്ചും പാടിയുറപ്പിച്ചും സ്വായത്തമാക്കിയ സംഗീതം പട്ടാള ജീവിതത്തിലെ ഏഴുവര്‍ഷവും തനിയ്ക്കൊരു പിന്ബലമായിരുന്നുവെന്നു ബേബി ഓര്‍ക്കുന്നു. ഒരു യോദ്ധാവായിട്ടല്ല കലാകാരനായിട്ടാണ് മേലുദ്യോഗസ്ഥന്മാരും സഹപ്രവര്‍ത്തകരും എല്ലാം അദ്ദേഹത്തെ കണ്ടിരുന്നതും പ്രോത്സാഹിപ്പിച്ചിരുന്നതും.
സ്വാതന്ത്ര്യസമരത്തിന്റെ അലകള്‍ അതിശക്തമായി ആഞ്ഞടിച്ചിരുന്ന നാളുകളില്‍ റോയല്‍ ഇന്ത്യന്‍ ആര്‍മി സര്‍വ്വീസ് കോറില്‍ ഹവില്‍ദാറായി കല്‍ക്കത്തയില്‍ ചെലവഴിച്ച നാളുകള്‍ ബേബിയുടെ ഓര്‍മ്മയിലെന്നും തെളിഞ്ഞുനില്ക്കുന്നു. ഏദന്‍ ഗാര്‍ഡന്‍സില്‍ പതിവായി ചേര്‍ന്ന യോഗങ്ങള്‍. ഒഴിവുവേളകളിലെ നഗരനടത്തയ്ക്കിടയില് ബേബി മൈതാനത്തിലെ ആള്‍ക്കൂട്ടത്തോടൊപ്പം ചേരും.
ഒരു നാള് അക്കാലത്തെ സ്റ്റാര്സിംഗറായ ജഗന്മാനിമിത്ര ജഗമോഹന്റെ ദേശഭക്തി ഗാനങ്ങള്‍ ഇരമ്പിനിന്ന വേദിയില്‍ ഒരു പാട്ടുപാടുവാന്‍ ബേബിയ്ക്കൊരവസരം ലഭിച്ചു. ഒരു ഹിന്ദിഗാനമാണ് അന്നു പാടിയത്. അറിയാവുന്നതേറെയും ഹിന്ദിഗാനങ്ങളാണ്. പാട്ടു കേട്ടിഷ്ടപ്പെട്ട ജഗമോഹന്‍ കല്‍ക്കത്തയിലെ റേഡിയോ നിലയത്തില്‍ പരിചയപ്പെടുത്തിക്കൊടുത്തതും ഒരു ബംഗാളിഗാനം പാടുവാന്‍ അവസരം കിട്ടിയതും നിറം മങ്ങാത്ത ഓര്‍മ്മ. വരികള്‍ ഇപ്പോഴും ഓര്‍മ്മയില്‍ തെളിയുന്നു…..
”ജിബോം മേം…. ജാലെ ചൂബു
ദാവംഗെ മിലെ…”
റോയല്‍ ആര്‍മി അധികൃതര്‍ ഹവില്‍ദാര്‍ ബേബിയുടെ കലാപ്രവര്‍ത്തനത്തിലെ ദേശഭക്തിസ്വഭാവം ഭാഗ്യത്തിന് അറിഞ്ഞില്ല. ഏദന്‍ ഗാര്‍ഡനില്‍ നെഹ്റു പ്രസംഗിക്കുവാന്‍ വന്നപ്പോള്‍ മുന്പില് കടലിരമ്പും പോലെ ജനക്കൂട്ടം. അദ്ദേഹത്തിന്റെ പ്രസിദ്ധമായ സംബോധന കേട്ടുനിന്ന ജനലക്ഷങ്ങളെ കോരിത്തരിപ്പിച്ചു. അവരിലൊരാളായി നിന്ന ബേബിയേയും.
”ഭായിയോം…ഔര്‍ ബഹനോം……”
പക്ഷെ, പിന്നീട് നെഹ്റു പറഞ്ഞതൊരക്ഷരം കേള്‍ക്കാനായില്ല. അതിനിടയില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ കടന്നുകൂടിയിരുന്ന കലാപകാരികള്‍ സ്പീക്കറിലേക്കുള്ള കേബിളുകള്‍ രഹസ്യമായി മുറിച്ചുതള്ളിയിരുന്നു. സ്വാതന്ത്ര്യം നേടിക്കഴിഞ്ഞയുടനെയുള്ള നാളുകളില്‍ സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയായശേഷം അതേ ഏദന്‍ ഗാര്‍ഡനില്‍ പ്രസംഗിക്കാനെത്തി.
മുന്‍ അനുഭവംവെച്ച് രഹസ്യപോലീസിനെ ആള്‍ക്കൂട്ടത്തിനിടയില്‍ വിന്യസിപ്പിച്ചിരുന്നു. കേബിളുകളത്രയും അണ്ടര്ഗ്രൗണ്ടിലൂടെയാക്കി. നെഹ്റുവിന്റെ പ്രസംഗത്തിനു സംഭവിച്ച ദുര്യോഗം പട്ടേലിനുണ്ടായില്ല. എന്നിട്ടും പ്രസംഗമദ്ധ്യേ ഒരു വിഭാഗം അപശബ്ദമുയര്‍ത്തി. നെഹ്റുവിനെപ്പോലെ സൗമ്യപ്രകൃതിയല്ലായിരുന്നു പട്ടേല്‍. വീറോടെ തിരിച്ചടിച്ചുകൊണ്ടാണ് പട്ടേല്‍ പ്രതികരിച്ചത്.
”തും ലോഗ് പാക്കിസ്ഥാന് മാംഗ്തേ ഥെ!
തൊ ദേ ദിയാ…
ഫിര്‍….ക്യോം യഹാം ബൈഠ്താ ഹോ?
ജാവോ….അപ്നേ പാക്കിസ്ഥാന്മേ…ം!
ജപ്പാന് സൈന്യത്തിന്റെ ബോംബ് വര്‍ഷത്തിനിടയില്‍ മണിപ്പൂരിലേക്ക് തിരിച്ച ഗൂര്‍ഖ റെജിമെന്റില്‍ പുറമെനിന്നുള്ള ഏക അംഗം ബേബിയായിരുന്നു. റസ്റ്റ് ക്യാമ്പിലെത്തി അന്വേഷിക്കുമ്പോള്‍ ബാഗ്ഗേജ് മുഴുവന്‍ നഷ്ടപ്പെട്ടിരിക്കുന്നു. പോക്കറ്റില്‍ സൂക്ഷിച്ചിരുന്നതുകൊണ്ട് പേ ബൂക്ക് മാത്രം നഷ്ടപ്പെട്ടിട്ടില്ല. കൂടെയുണ്ടായിരുന്ന റെജിമെന്റ് യാത്ര തുടര്‍ന്നു. ബേബി റസ്റ്റ് ക്യാമ്പില്‍ തങ്ങി. ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
പകലസ്തമിച്ചാല് പിന്നെ ഒരു തീപ്പെട്ടിക്കൊള്ളിപോലും ഉരയ്ക്കുവാന്‍ പാടില്ല. പെട്ടെന്ന് എയര്‍ റെയ്ഡ് അലാറം മുഴങ്ങിയാല്‍ ആ നിമിഷം ട്രെഞ്ചിലേക്കോടണം. കൂട്ടത്തില്‍ എടുക്കാവുന്നത് വാട്ടര്‍ ബോട്ടിലിലെ വെള്ളവും അവിടെ ലഭ്യമായ ശകര്പാര ബിസ്ക്കറ്റും മാത്രം. രാത്രിയും പകലും ട്രെഞ്ചില്‍ കഴിച്ചുകൂട്ടേണ്ടി വന്നിട്ടുണ്ട്; അതും ഏകനായി, തല പൊന്തിച്ചു പുറത്തേക്ക് നോക്കുവാന്‍ വയ്യ.
ആ നിമിഷം ഷെല്ലാക്രമണത്തില്‍ തല ചിന്നിച്ചിതറാം. ട്രെഞ്ചിലെ നീറിപ്പിടിക്കുന്ന തണുപ്പ്. കൂട്ടിന് ചെത്തിമുറിച്ച വേരുകള്‍ക്കരികില്‍ നിന്നെത്തിനോക്കുന്ന മണ്ണിരകളും നീളനുറുമ്പുകളളും മാത്രം. അതു വല്ലാത്തൊരനുഭവമായിരുന്നുവെന്നു ബേബി ഓര്‍ക്കുന്നു. അവിടത്തെ ഏകാന്തതയില്‍ നിന്നും അതുണര്‍ത്തുന്ന വിഹ്വലതകളില്‍ നിന്നും രക്ഷപ്പെടുവാന്‍ അന്ന് ബേബിക്ക് തുണയായത് ഇഷ്ടഗായകനായ മുഹമ്മദ് റഫിയാണ്. റഫിയുടെ ഗാനങ്ങള്‍ ബേബി ഉറക്കെ ഉറക്കെ പാടും.
”മേരി കഹാനി…
ട്രെഞ്ചിനകത്തെ മണ്‍ഭിത്തികളില്‍ തട്ടി ഗാനത്തിന്റെ അലകള്‍ സ്വന്തം കാതില്‍ തിരികെ ധ്വനിച്ചെത്തും. കേള്വിക്കുകൂട്ട് നേരത്ത സൂചിപ്പിച്ച നീളനുറുമ്പുകളും മണ്ണിരകളും…
സീപത്തുള്ള യൂറോപ്യന്‍ യൂണിറ്റില്‍നിന്നും വേറെ യൂണിഫോറം വരുത്തിയാണ് ഒടുവില്‍ ബേബി ക്യാമ്പില്‍നിന്നും പോകുന്നത്.
സ്വാതന്ത്ര്യപ്രാപ്തിയോടെ റോയല്‍ ഇന്ത്യന്‍ ആര്‍മി സര്‍വീസ് കോര്‍, ഇന്ത്യന്‍ ആര്‍മി സര്‍വീസ് കോറായി. ബാംഗ്ലൂരില്‍ നിന്നാണ് സേവനമവസാനിപ്പിച്ചു ബേബി പിരിയുന്നത്. അന്ന് പിരിയുമ്പോള്‍ ഒരു ജീപ്പോ വാനോ വേണമെങ്കില്‍ അടുത്തൂണായി വാങ്ങാം. അല്ലെങ്കില്‍ പകരം പണം. കുന്നേല്‍ ഔസേപ്പച്ചന് പറഞ്ഞു ജീപ്പും വാനുമൊന്നും വേണ്ടെന്ന്. ബേബി അടുത്തൂണ്‍ പണമായി വാങ്ങി.
ഇരുപത്തിനാലാമത്തെ വയസ്സില്‍ നാട്ടില്‍ മടങ്ങിയെത്തി. ഇനി ഏതുവഴി സ്വീകരിക്കണം എന്നായി ആലോചന. സൈനിക സേവനത്തിന്റെ പിന്‍ബലം പോലീസ് ഡിപ്പാര്ട്ടുമെന്റില് കയറിക്കൂടാന്‍ സഹായകമാകും. പക്ഷെ അടുത്ത ബന്ധു കൂടിയായ ഒരു പോലീസ് ഓഫീസര്‍ നിരുത്സാഹപ്പെടുത്തി.
”ബേബിയെ കാക്കിയിലേക്ക് പറഞ്ഞുവിടണ്ട.”
ബിസിനസ്സിലേക്ക് തിരിയാമെന്നായി ചിന്ത. ഔസേപ്പച്ചന് എതിര്‍പ്പില്ല. ഹോട്ടല്‍ രംഗത്തായാലോ…? വേണ്ട. അന്ന് സൈക്കിളാണ് സാധാരണക്കാരന്റെ അഭിമാന വാഹനം. ഒരു സൈക്കിള്‍ വ്യാപാരം… ഔസേപ്പച്ചന് അതും സമ്മതമല്ല. പകരം തേയില വ്യാപാരമാണ് മകനിണങ്ങുക എന്ന് ആ പിതാവ് നിര്‍ദ്ദേശിച്ചു.
അങ്ങനെ പട്ടാളക്കാരന് ബേബി തേയിലക്കടക്കാരന് ബേബിയായി. മനസ്സിലെപ്പോഴും ഒരു ഗായകനും അതിന്റെ മറവില്‍ ഒരു നടനും ഇരുന്നു തിക്കുമുട്ടുന്നുണ്ട്. ആ അഭിരുചി മനസ്സിലാക്കി പ്രോത്സാഹിപ്പിക്കുവാനൊരു കൂട്ടുകാരനെ ഒത്തുകിട്ടി. കോട്ടയം ജോസഫ്. ജോസഫിന് ഉച്ചഭാഷിണികള്‍ വാടകയ്ക്കു കൊടുക്കുന്ന ബിസിനസ്സാണ്. കോട്ടയത്തെ അംബാസിഡര്‍ ഹോട്ടലിന്റെ എതിര്‍വശത്തായുള്ള ഇരുനിലകെട്ടിടത്തിന്റെ മുകളിലാണ് ജോസഫിന്റെ കട.
തേയിലക്കടയില്‍ നിന്ന് ഒഴിവുസമയം കിട്ടുമ്പോള്‍ ബേബി, ജോസഫിന്റെ അടുത്തെത്തും. ബേബി വരുമ്പോഴൊക്കെ ജോസഫ് രണ്ടും കല്പ്പിച്ചൊരു കുസൃതി കാണിക്കും. കോളാമ്പി സ്പീക്കറൊരെണ്ണം കടയുടെ പുറത്തേക്കു തിരിച്ച് കണക്ഷന് കൊടുത്തുവയ്ക്കും.
മൈക്ക് ബേബിയുടെ കയ്യില്‍ കൊടുത്ത് ബേബിയെക്കൊണ്ട് അകത്തിരുത്തി ഹിന്ദിപ്പാട്ടുകള്‍ പാടിക്കും. ആള്വെട്ടത്തില് പ്രത്യക്ഷപ്പെടാത്തതുകൊണ്ട് സങ്കോചത്തിന്റെ പ്രശ്നവുമില്ല. അംബാസിഡര്‍ ഹോട്ടലില്‍ ഇടസേവയ്ക്കെത്തുന്നവര്ക്കു ബേബിയുടെ പാട്ട് അന്ന് ഒരു പശ്ചാത്തല ലഹരിയാകും!
ആയിടയ്ക്കാണ് തിരുനക്കര മൈതാനത്തു സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ഒരു വന്‍സമ്മേളനം നടക്കുന്നത്. റാം മനോഹര്‍ ലോഹ്യ പ്രസംഗിക്കാനെത്തുന്നു. ജോസഫിന്റേതാണ് ശബ്ദസംവിധാനം. ആ ബന്ധംവച്ച് ജോസഫ് ശ്രമപ്പെട്ട് യോഗസ്ഥലത്ത് ഒരു പാട്ടുപാടുവാനുള്ള അവസരം ബേബിക്കുണ്ടാക്കി. ബേബിക്കു പക്ഷേ പേടി.
വലിയ പുരുഷാരമായിരിക്കും. അവിടെ ചെന്നു പാടാന്‍ ഒരു ഭയം! ജോസഫ് ധൈര്യം പകര്‍ന്നു. ഹിന്ദിപാട്ടല്ലേ പാടുന്നത്. ആരും കുന്നേല്‍ ഔസേപ്പച്ചന്റെ മകനാണ് പാടുന്നതെന്ന് തിരിച്ചറിയുവാന്‍ പോകുന്നില്ല. ആ ധൈര്യത്തില്‍ രണ്ടും കല്പിച്ചു സ്റ്റേജില്‍ കയറി ഒരു ഹിന്ദി ദേശഭക്തിഗാനം പാടി:
”വതന്‍ കി രാഹ്മേ…
വതന്‍ കി നൗ ജവാന്
ഹീദ് ഹോ…….”
പ്രതികരിക്കാൻ ഇവിടെ എഴുതുക: