2017 ആഗസ്റ്റ് 11 കര്‍ക്കിടകം 26. ഉത്രട്ടാതി നക്ഷത്രം
ഞാന്‍ സ്വന്തം അനിയനായി വിശ്വസിക്കുന്ന എംടിയുടെ ശതാഭിഷേകം. 1000 പൂര്ണചന്ദ്രന്മാരെ കണ്ട അനുഭൂതി. ജീവിതത്തില്‍ പല ഘട്ടങ്ങളിലും ആരോഗ്യനില മോശമായി എന്തു സംഭവിക്കുമെന്ന ആശങ്കാകുലമായ ദിവസങ്ങള്‍… അതെല്ലാം വര്‍ഷങ്ങള്‍ക്ക് പിറകിലാണ്. ആരാധകരുടെയും വേണ്ടപ്പെട്ടവരുടെയും പ്രാര്‍ത്ഥന കേട്ട സര്വേശ്വരന് ഈ ശുഭമുഹൂര്‍ത്തത്തിലേക്ക് അനിയനെ കൂട്ടിക്കൊണ്ടുവന്നു. ആ സര്വേശ്വരനുമുന്പില് ഈ ഓപ്പോളുടെ ലക്ഷോപലക്ഷം പ്രണാമം… ഭഗവാനോടുള്ള അപ്രമേയമായ ഭക്തിയുടെ വരദാനം.
കഴിഞ്ഞുപോയ ഇന്നലെകളുടെ സ്മരണ പുതുക്കാന്‍ ഒരവസരമാണിത്.
വലിയമ്മാമന്റെ നാല് ആണ്മക്കളില് ഒടുക്കത്തെ മകന്. മൂത്ത ജ്യേഷ്ഠന് എം.ടി. ഗോവിന്ദന് നായര്‍ (അവാര്‍ഡ് ജേതാവായ അധ്യാപകന്) ബാലേട്ടന് (എംടിബി) ഫോട്ടോഗ്രാഫര്‍, കൊച്ചുണ്യേട്ടന്‍ (എംടിഎന്) സാഹിത്യകാരന്- വിവര്ത്തകന്. ഒടുവിലത്തെ മകന് പിറക്കുന്നതിന് മുന്‍പ് അമ്മായിയുടെ ആഗ്രഹം ഒരു പെണ്‍കുഞ്ഞിന്റെ ജനനമാണ്. വളരെ പ്രാര്‍ത്ഥിച്ചു. പക്ഷേ അവരുടെ പ്രതീക്ഷയ്ക്കു വിപരീതമായി പിറന്ന മകന്-എം.ടി. വാസുദേവന്‍ നായര്‍ കീര്‍ത്തി ധാവള്യം പരത്തുമെന്ന നേരിയ അവബോധം അന്നുണ്ടായില്ല. ആരോഗ്യം കുറവായ മെലിഞ്ഞ കുട്ടി.ആ ചെറിയ മകനോട് എല്ലാവര്ക്കും വാത്സല്യമുണ്ടായിരുന്നു. (ശാഠ്യക്കാരനും കര്‍ക്കശ സ്വഭാവിയുമായാലും)
കഥയും പൊരുളും കൂട്ടിച്ചേര്‍ത്തു എഴുതുന്നു. ആദ്യകാലത്ത് കൂടല്ലൂരിലും ഇടയ്ക്ക് അച്ഛന്റെ വീടായ പുന്നയൂര്‍ക്കുളത്തും വന്നു താമസിക്കാറുണ്ട്. എന്നേക്കാള്‍ മൂന്ന് നാലു വയസ്സു കുറവായ വാസുവും ഞാനും പഠിച്ചത് കുമരനെല്ലൂര്‍ ഹൈസ്കൂളില്‍ ഒരേ ക്ലാസിലാണ്. വാസുവിന് പ്രാഥമികവിദ്യാലയത്തില്‍ അധികകാലം ഇരിക്കാന്‍ യോഗമുണ്ടായില്ല. കഷ്ടിച്ച് ഒരു കൊല്ലം മലമല്‍ക്കാവ് പ്രൈമറിയില്‍- പിന്നെ നേരിട്ടു കുമരനെല്ലൂര്‍ ഹൈസ്കൂളില്‍-അത്രയും കൂര്‍മ്മബുദ്ധിയും അദ്ധ്വാനശീലവും അനിയനെ മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തനാക്കി. അധ്യാപകര്‍ക്കെല്ലാം കണ്ണിലുണ്ണിയാണ്. ഓരോ ക്ലാസിലും ഒന്നാമനായിരുന്നു.
അന്നും വായന ഒരു തീവ്രയജ്ഞമായിരുന്നു. ലൈബ്രറിയിലെ പുസ്തകങ്ങള്‍ക്കു പുറമെ അക്കിത്തത്ത് മനക്കലെ പുസ്തക ശേഖരത്തില്‍നിന്നും കൊണ്ടുവന്നു വായിക്കും. അക്കിത്തം അന്ന് പത്താം ക്ലാസിലാണ്. അന്ന് ആരംഭിച്ച ആ സൗഹൃദം ഇന്നും അവിരാമം തുടരുന്നു.
എന്നില്‍ വായനാശീലം വളര്‍ന്നതും ആ കാലഘട്ടത്തിലാണ്. കൊണ്ടുവരുന്ന പുസ്തകങ്ങള്‍ ഞാന്‍ ഒഴിവാക്കാറില്ല.
സ്കൂളിന്റെ അടുത്തുള്ള വാടകവീട്ടില്‍, അമ്മായിയും (വാസുവിന്റെ അമ്മ) സഹായത്തിന് വേലക്കാരന് ചാത്തുനായരും ഉണ്ടായിരുന്നു. സന്ധ്യക്കുശേഷം അത്താഴം കഴിഞ്ഞാല്‍ അക്ഷരശ്ലോകം ചൊല്ലുന്ന പതിവുണ്ട്. അതില്‍ വാസുവും കൊച്ചുണ്യേട്ടനും പങ്കെടുക്കും. തോല്‍ക്കാതിരിക്കാന്‍ ധാരാളം ശ്ലോകങ്ങള്‍ ഹൃദിസ്ഥമാക്കാറുണ്ട്. സാഹിത്യമഞ്ജരി, ശിഷ്യനും മകനും, ഉമാ കേരളം ഇതൊക്കെ അതില്‍പ്പെടും. ഇന്ന് ആ ബാല്യകാലസ്മരണയില്‍ വറ്റാത്ത ഉറവുകളായ ആ പദ്യശകലങ്ങള്‍ ബഹിര്‍ഗമിക്കാറുണ്ട്. (പല ഘട്ടത്തിലും).
കുട്ടിക്കാലത്ത് തന്നെ ചിരിക്കാത്ത, കര്ക്കശസ്വഭാവക്കാരനെന്ന് പരാമര്‍ശിക്കപ്പെടുന്ന കുട്ടി മുതിര്‍ന്നപ്പോള്‍ ആര്‍ദ്രതയും അലിവും മുഖമുദ്രയാക്കി. വെറുതെയല്ല സുഹൃത്തുക്കള്‍ അലിവിന്റെ അക്ഷയഖനി എന്ന് വിളിച്ചത്. കഷ്ടപ്പെടുന്നവര്‍ക്കായി പലതും ചെയ്തു. കൊട്ടിഘോഷിക്കാനല്ല,സന്മനസ്സും സ്നേഹവും ആ വലിയ മനസ്സിന്റെ വാത്സല്യവും പ്രയോജനപ്പെട്ട സന്ദര്‍ഭങ്ങള്‍ ഈ ഓപ്പോള്‍ക്കു മാത്രമല്ല പലര്‍ക്കും ഉണ്ടായിട്ടുണ്ട്. ഇന്നും വാവന്നൂരില്നിന്ന് അമ്പലത്തില്‍ വരാറുള്ള കളമെഴുത്തുകാരന്‍ അച്യുതക്കുറുപ്പിന്റെ പിന്‍ഗാമികള്‍ക്ക് അദ്ദേഹത്തിന് ലഭിച്ച അവശ കലാകാരന്മാര്ക്കുള്ള സഹായനിധിയെ ക്കുറിച്ചുപറയുമ്പോള്‍ വാസുവിനോടുള്ള ഉപകാര സ്മരണകൊണ്ട് കണ്ണുനിറയാറുണ്ട്. അത് നേടിയെടുത്തത് വാസുവിന്റെ ശ്രമം.
വ്യക്തിയില്‍നിന്നു പ്രസരിക്കുന്ന കാന്തശക്തിയാണ് നിരവധി ആരാധകരെ അനിയനിലേക്ക് അടുപ്പിച്ചത്. ആത്മനിഷ്ഠമായ കഥകളിലൂടെ തന്റേതായ പ്രപഞ്ചം സൃഷ്ടിച്ച്,ആദരവും ജനപ്രീതിയും നേടിയതും അതു തന്നെ. മലയാളികളുടെ ഗൃഹാതുര സംഗമമാണ് വാസുവിന്റെ കഥകള്‍-രചനകള്‍-എല്ലാവര്ക്കും ഇണങ്ങുന്ന-സ്വീകരിക്കാവുന്ന വാക്കുകള്‍… വിദ്യാഭ്യാസം നേടാത്തവര്‍ക്കുപോലും സ്വീകരിക്കാവുന്ന വാക്കുകള്‍, നാലുകെട്ടിലെ അപ്പുണ്ണിയുടെ ”വളരും, വലുതാകും, തല ഉയര്‍ത്തിപ്പിടിച്ച് ആരുടെ ചോദ്യത്തിനും ശങ്കിക്കാതെ മറുപടി പറയാറായി….” ഈ വരികള്‍ ഏതു തലമുറയിലെയും യുവാക്കള്ക്കായിട്ടുള്ള ഒരു നിര്‍ദ്ദേശമാണ്.
വൈകാരികമായ അടുപ്പം എല്ലാ കൃതികളിലുമുണ്ട്. എംടിയുടെ സാഹിത്യ, ചലച്ചിത്ര രംഗത്തേയ്ക്ക് പ്രവേശിക്കുന്നില്ല. പല പ്രമുഖന്മാരും എഴുതിയിരിക്കുന്നതിനാല്‍ ആവര്‍ത്തിക്കുന്നില്ല. വ്യക്തിപരമായ ചില വിശേഷതകള്‍ മാത്രമേ ഉദ്ദേശിക്കുന്നുള്ളൂ.
സിലോണില്‍നിന്ന് അച്ഛന് കൂട്ടിക്കൊണ്ടുവന്ന ‘ലീല’ എന്ന പെണ്‍കുട്ടി. (നിന്റെ ഓര്‍മ്മയ്ക്ക്) വാസുവിന്റെ മനസ്സില്‍ സഹോദരീ സ്നേഹം വളര്‍ത്തിയത് ഒരു പ്രത്യേകതയാണ്. സ്വന്തം സഹോദരികളില്ലാത്ത ഘട്ടത്തില്‍ അച്ഛന് കൊണ്ടുവന്ന ആ കുട്ടിയോടുള്ള വാത്സല്യം ആര്‍ദ്രമായ മനസ്സിന്റെ പ്രതീകമാണ്. തിരിച്ചുപോയപ്പോഴുള്ള ശോകവും.
എസ്എസ്എല്‍സി കഴിഞ്ഞ് ഒരു കൊല്ലം വീട്ടില്‍ ഇരുന്ന കാലത്താണ് ഞാന്‍ അടുത്തുള്ള സ്കൂളില്‍ ജോലി കിട്ടി അവിടെ താമസിച്ചത്. നാലഞ്ചുകൊല്ലം അവിടെ താമസിക്കാന്‍ ഭാഗ്യമുണ്ടായി. 1953 ല്‍ അമ്മായി, (വാസുവിന്റെ അമ്മ) മരിക്കുന്നവരെ നാലുകെട്ടില്‍ താമസിച്ചു. ആ കാലഘട്ടം വായനയുടെ സുവര്‍ണ്ണ കാലം. വായിക്കാന്‍ ധാരാളം പുസ്തകങ്ങള്‍. പുസ്തകപ്രേമികളായ, വായന ഉപാസനയായി കരുതിയിരുന്ന സഹോദരന്മാരുടെ കുടുംബത്തില്‍ ചെന്നു പെട്ടപ്പോള്‍ ഞാനും ഉപാസകയായി. ധാരാളം വായിച്ചു. മലയാളം മാത്രമല്ല, ഇംഗ്ലീഷും ഹിന്ദിയും.
ബിരുദം എടുക്കാനായിരുന്നു അടുത്ത യത്നം. അതില്‍ എന്നെ സഹായിച്ച് വിജയിപ്പിച്ചത് സന്മനസ്സുള്ള എന്റെ ഈ അനിയനാണ്. പിന്നെ എന്റെ ഇച്ഛാശക്തിയും. അധ്യാപകവൃത്തിയോട് ആദ്യം മുതല്‍ താല്‍പ്പര്യമുള്ള വാസുവിന്റെ, ആദ്യത്തെ ശ്രദ്ധാലുവായ ശിഷ്യ ഒരുപക്ഷേ ഈ ഓപ്പോള് ആവാം. ബിരുദം നേടാനുള്ള എന്റെ തീവ്രമായ അഭിരുചി മനസ്സിലാക്കി രണ്ട് ഷേക്സ്പിയര് നാടകങ്ങളും ആ ഒഴിവുകാലങ്ങളില്‍ എനിക്ക് മനസ്സിലാക്കിത്തന്നു. ഇന്നും ആ സന്ദര്‍ഭം ഓര്‍മ്മയില്‍ തെളിയുന്നു. ഒഥല്ലോ, മാക്ബത്ത് എന്നിവയായിരുന്നു അന്ന് ബിഎയ്ക്ക് പഠിക്കാനുണ്ടായിരുന്നത്. അന്നാണ് ഒരു യഥാര്‍ത്ഥ, ആത്മാര്‍ത്ഥതയുള്ള അദ്ധ്യാപകന്റെ കഴിവും മികവും അറിഞ്ഞത്. അത് എനിക്ക് മാര്‍ഗ്ഗദീപം.
പില്ക്കാലത്ത് പട്ടാമ്പി, ചാവക്കാടു ഗവണ്മെന്റ് ഹൈസ്കൂളുകളിലും പഠിപ്പിക്കാനുള്ള പശ്ചാത്തലം വാസുവിന് ആദ്യമായി ലഭിച്ചതും ആ അവസരത്തില്‍ നിന്നായിരിക്കാം.
ചങ്ങമ്പുഴയുടെ രമണന് ഇറങ്ങിയ കാലം അവിസ്മരണീയം. അതിന്റെ ഒരു കോപ്പി കിട്ടാന്‍ അഞ്ചാറു കിലോമീറ്റര്‍ നടന്നുപോയി. പിറ്റേദിവസം തന്നെ ഉടമസ്ഥനെ ഏല്പ്പിക്കേണ്ടതുകൊണ്ട് മണ്ണെണ്ണ വിളക്കിന്റെ പുകയുള്ള നേരിയ നാളത്തില്‍ രാത്രി വൈകുന്നതുവരെ പകര്‍ത്തി എഴുതി. പിറ്റേന്ന് ഉടമസ്ഥനെ തിരിച്ചേല്‍പ്പിച്ച കഥ അഭിമാനപൂര്‍വം പറയാറുണ്ട്. വായനയുടെ വീഥിയിലെ കടമ്പകള്‍ പലതും കടന്ന്, നിശ്ശബ്ദമായി പ്രശസ്തിയുടെ ഉത്തുംഗശൃംഗത്തിലെത്തിയ വാസു-അനിയന് മറ്റുള്ളവരില്‍ ഉണ്ടാക്കിയ ഒരവബോധം ഇതാണ്- ”സംസ്കാര സമ്പന്നമായ വാക്ക് മാത്രമേ വ്യക്തിയെ അലങ്കരിക്കൂ. ബാഹ്യാലങ്കാരങ്ങളെല്ലാം നശ്വരങ്ങളാണ്”
പുന്നയൂര്‍ക്കുളത്ത് അച്ഛന്റെ വീട്ടില്‍ വന്നു താമസിക്കുമ്പോള്‍ ഇവിടുത്തെ ഏക്കര്‍ കണക്കിന് വിസ്തൃതിയുള്ള ചിറ, എലിയങ്ങാട് കോവിലകം, പരദേവതയെ പ്രതിഷ്ഠിച്ച കാവ് ഇതെല്ലാം ഇടയ്ക്കിടെ പോയി കാണും. അതൊരാനന്ദാനുഭൂതിയായിരുന്നു. ഒരു ലേഖനത്തില്‍ ഇതെല്ലാം സ്പര്‍ശിച്ചിട്ടുണ്ട്. അതിലെഴുതിയ കുരുത്തോല പട്ടകളുടെ മര്മ്മരം യഥാര്‍ത്ഥത്തില്‍ ശ്രദ്ധിച്ചത് വായനയ്ക്കുശേഷമാണ്. ചിറയില്‍ അക്കാലത്ത് രണ്ട് മുതലകള്‍- ചെമ്പന്‍, കാരി. ഇവ രണ്ടും ”ഉച്ചക്കാനത്തിന്കരയില് കയറിക്കിടക്കും” അതിസൂക്ഷ്മമായി ഇതുവിവരിക്കുമ്പോള് ആ മുതലകളുടെ ചിത്രം മനസ്സില്‍ മായാതെ പതിയുന്നു. ആ രണ്ട് ജീവികളും കോവിലകത്തെ പരദേവത-വേട്ടയ്ക്കൊരുമകന്റെ സ്വന്തമാണെന്ന ധാരണ തദ്ദേശീയരില്‍ ദൃഢമാണ്.
വാസുവിന്റെ അച്ഛന് സാഹിത്യപ്രവര്ത്തനത്തോടു ആദ്യം മുതല്‍ താല്‍പ്പര്യമില്ല. അത് പലപ്പോഴും സൂചിപ്പിക്കാറുണ്ട്. അതറിഞ്ഞിട്ടും ലോകകഥാ മത്സരത്തില്‍ ലഭിച്ച പുരസ്കാരം അച്ഛനെ ഏല്‍പ്പിച്ചു. അന്ന് അഞ്ഞൂറു രൂപ വലിയ ഒരു നേട്ടമാണ്. അമ്മാമന് സിലോണില്‍ നിന്ന് നാട്ടില്‍ സ്ഥിരവാസമാക്കിയതിനാല് സാമ്പത്തികപരാധീനതകളും ഉണ്ടായിരുന്നു.
സ്നേഹം, ആര്‍ജ്ജവം, ക്ഷമ, ദാക്ഷിണ്യം, സജ്ജന പ്രീതി ഇവയിലെല്ലാം സമര്ത്ഥരായവരിലേ ലോകം നിലനില്‍ക്കൂ എന്ന പ്രമാണം ഈ അനുഭവം കൊണ്ടറിയാം.
മൗനം കൊണ്ടു വാക്കിനെയും സമത്വചിന്തകൊണ്ട് മനസ്സിനെയും ഉപശമം കൊണ്ട് ബുദ്ധിയെയും അടക്കിയവര്‍ക്ക് ആത്മസ്വരൂപേണ തന്നില്‍ താനായി ആരാധിക്കാന്‍ കഴിവുള്ള സജ്ജനപതിയായ ഭഗവാന്റെ അനുഗ്രഹമുണ്ടാവും! ഈ ഏട്ടത്തിക്ക് അത്രയേ ആശംസിക്കാനുള്ളൂ.
(എം.ടി. വാസുദേവന്‍ നായരുടെ അമ്മായിയുടെ മകളാണ് ലേഖിക)
പ്രതികരിക്കാൻ ഇവിടെ എഴുതുക: