പത്തനംതിട്ട: ഉദ്യോഗാര്‍ത്ഥികളെ വഞ്ചിക്കുന്ന പിഎസ്സ്സിയുടെ നടപടിയില്‍ യുവജന പ്രതിഷേധം ഇരമ്പി. കഴിഞ്ഞ 5ന് നടത്തിയ എല്‍ഡിസി പരീക്ഷയില്‍ സിലബസുമായി യാതൊരു ബന്ധവുമില്ലാത്ത ചോദ്യങ്ങള്‍ നിരത്തി ഉദ്യോഗാര്‍ത്ഥികളെ വലച്ചതാണ് ശക്തമായ പ്രതിഷേധത്തിന് കാരണമായത്. ഇന്നലെ ജില്ലാ പിഎസ്സ്സി ഓഫീസ് പടിക്കല്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ നൂറുകണക്കിന് യുവതീ യുവാക്കള്‍ പങ്കെടുത്തു. യുവമോര്‍ച്ച പ്രവര്‍ത്തകരും ഉദ്യോഗാര്‍ത്ഥികളുടെ കൂട്ടായ്മയും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
കൈക്കുഞ്ഞുങ്ങളുമായി അമ്മമാരടക്കം നിരവധി സ്ത്രീകളും പ്രകടനത്തിലും ധര്‍ണ്ണയിലും പങ്കെടുത്തു. ഭാരതത്തെക്കുറിച്ചോ കേരളത്തെക്കുറിച്ചോ പരാമര്‍ശിക്കുന്ന ചോദ്യങ്ങള്‍ക്ക് പകരം ചൈനാ വിപ്ലവം പോലെയുള്ള വിഷയങ്ങളാണ് പരീക്ഷയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
പത്താംക്ലാസ്സ് വിദ്യാര്ത്ഥികള്്ക്കായി പ്രസിദ്ധീകരിച്ച പരീക്ഷാ സഹായിയില്‍ നിന്നും പകര്‍ത്തിയ ചോദ്യങ്ങളും ഉണ്ടായിരുന്നു. ലോകചരിത്രത്തിന് അമിത പ്രാധാന്യം നല്കിയ ചോദ്യപ്പേപ്പര്‍ പിഎസ്സ്സി പ്രസിദ്ധീകരിച്ച സിലബസിനോട് നീതിപുലര്ത്തുന്നതായിരുന്നില്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു. ആനുകാലിക സംഭവങ്ങള്‍ പാടെ ഒഴിവാക്കി ഒരു പാഠഭാഗത്തെ മാത്രം ആസ്പദമാക്കി പതിനഞ്ചിലേറെ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു.യാതൊരു മാനദണ്ഡവും പാലിക്കാതെ തയ്യാറാക്കിയ ചോദ്യങ്ങള്‍ പിഎസ്സ്സി പ്രസിദ്ധീകരിച്ച സിലബസ് അനുസരിച്ച് പഠിച്ച് പരീക്ഷക്കെത്തിയ ഉദ്യോഗാര്‍ത്ഥികളോടുള്ള വഞ്ചനയായി.
പരീക്ഷ എഴുതിയവര്‍ക്ക് നീതി ലഭിക്കാന്‍ കഴിഞ്ഞ പരീക്ഷ റദ്ദാക്കി പുതിയ പരീക്ഷ നടത്തണമെന്നാണ് ആവശ്യം ഉയരുന്നത്. ഇത് ഉന്നയിച്ച് പ്രതിഷേധക്കാര്‍ ജില്ലാ പിഎസ്സി ഓഫീസര്‍ക്ക് പരാതി നല്കി.
യുവമോര്‍ച്ച ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തില്‍ ഓഫീസ് ഉപരോധിച്ചു. ജില്ലാ വൈസ്പ്രസിഡന്റ് ബി.അഭിലാഷ് ഉദ്ഘാടനം ചെയ്തു. കോന്നി നിയോജകമണ്ഡലം പ്രസിഡന്റ്രതീഷ് മാരൂ ര്പാലം അദ്ധ്യക്ഷനായി. ശ്രീജിത്ത്, കലാധരന്‍, ശിവപ്രസാദ്, ശരത്ത് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: