കാക്കനാട്: ആനക്കൊമ്പ് വില്‍ക്കാനെത്തിയ യുവാവ് പിടിയില്‍. പട്ടാമ്പി സ്വദേശിയായ രതീഷ് കുമാര്‍ (31) ആണ് പിടിയിലായത്. രണ്ടേകാല്‍ കിലോ ആനക്കൊമ്പ് എസ്പിസിഎ സംഘം പിടിച്ചെടുത്തു.
ബുധനാഴ്ച പതിനൊന്നരയോടെ പാലാരിവട്ടം പൈപ്പ് ലൈനില്‍ നിന്നാണ്് എസ്പിസിഎ സംഘവും വനം വകുപ്പ് അധികൃതരും ചേര്‍ന്ന് പ്രതിയെ പിടികൂടിയത്. രണ്ടര ലക്ഷം രൂപ വിലവരും. തോള്‍സഞ്ചിയില്‍ ആനക്കൊമ്പുമായി സ്വകാര്യ ബസില്‍ വന്നിറങ്ങിയപ്പോഴായിരുന്നു അറസ്റ്റ്.
കൊടുങ്ങല്ലൂരില്‍ നിന്നാണ് തനിക്ക് ആനക്കൊമ്പ് ലഭിച്ചതെന്ന് യുവാവ് അന്വേഷണ സംഘത്തോട് സമ്മതിച്ചു. ഇയാളെ വനം വകുപ്പ് അധികൃതര്‍ക്ക് കൈമാറി. ആനക്കൊമ്പ് വില്പനയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന റാക്കറ്റിലെ ചെറു കണ്ണി മാത്രമാണ് പിടിയിലായ രതീഷ് കുമാറെന്ന നിഗമനത്തിലാണ് വനം വകുപ്പ്.
രതീഷ് കുമാര്‍ ഒരാഴ്ചയായി നിരീക്ഷണത്തിലായിരുന്നു. എസ്.പി.സി.എ ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാസനലിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. എസ്.പി.സി.എ ഇന്‍സ്പെക്ടര്‍ ടി.എം.സജിത്ത്, വനം വകുപ്പ് ഫ്ലയിംഗ് സ്ക്വാഡ് റെയ്ഞ്ച് ഓഫീസര്‍ ജയചന്ദ്രന്, ഇന്‍സ്പെക്ടിംഗ് അസിസ്റ്റന്റ് കെ.ബി. ഇക്ബാല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: