കൊച്ചി: ഹൈക്കോടതി ഉത്തരവ് പ്രകാരം ചോറ്റാനിക്കര പഞ്ചായത്തിലെ ഹോട്ടലുകളിലും ലോഡ്ജുകളിലും മാലിന്യ സംസ്കരണ യൂണിറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് അധികൃതര്‍ ഉറപ്പു വരുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. ഹോട്ടലുകളില്‍ നിന്ന് കാനയിലേക്ക് മാലിന്യം ഒഴുക്കിവിടുന്നുണ്ടെങ്കില്‍ കര്‍ശനമായി നിരോധിക്കണമെന്നും ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കമ്മീഷന് ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി. മോഹനദാസ് ഉത്തരവ് നല്കി.
ചോറ്റാനിക്കര ക്ഷേത്രത്തിനു സമീപമുള്ള ലോഡ്ജുകളിലും ഹോട്ടലുകളില്‍ നിന്നുമുള്ള മലിനജലം പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിച്ച കാനയിലേക്ക് ഒഴുക്കിവിടുകയാണെന്ന് പരാതിപ്പെട്ട് എം.ഡി. കുഞ്ചെറിയ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
കമ്മീഷന് ചോറ്റാനിക്കര പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. ചോറ്റാനിക്കര മാലിന്യം സംബന്ധിച്ച് ഹൈക്കോടതിയില്‍ കേസ് നിലവിലുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2017 ജനുവരി 27ന് കാനയിലെ സ്ലാബുകള്‍ തുറന്ന് പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ മാലിന്യം ഒഴുക്കുന്നതിനായി കാനയിലേക്ക് സ്ഥാപിച്ചിട്ടുള്ള പൈപ്പുകള്‍ അടച്ചതായി വിശദീകരണത്തില്‍ പറയുന്നു.
ആരോപണ വിധേയരായ ഹോട്ടലുകളോട് സ്വന്തമായ മാലിന്യ സംസ്കരണ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്ഥാപനങ്ങള്‍ സ്വന്തമായ മാലിന്യ സംസ്കരണ സംവിധാനം ഒരുക്കുന്നതിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ഇക്കാര്യം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നേരിട്ട് പരിശോധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: