ആലപ്പുഴ: അന്യ സംസ്ഥാനത്തു നിന്നു സ്ഥലംമാറ്റ രേഖകള്‍ സഹിതം എത്തിയ വിദ്യാര്‍ത്ഥികളെ അടുത്ത ടേബിള്‍ ടെന്നീസ് റാങ്കിങ് ടൂര്‍ണമെന്റില്‍ പങ്കെടുപ്പിക്കണമെന്നു കേരള ടേബിള്‍ ടെന്നിസ് അസോസിയേഷനോടു (കെടിടിഎ) ഹൈക്കോടതി ഉത്തരവിട്ടു.
ഈ സീസണിലെ ടൂര്‍ണമെന്റുകളില്‍ വിജയിച്ച അന്യസംസ്ഥാനക്കാരായ വിദ്യാര്‍ത്ഥികളെ ഭാവി മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്നു വിലക്കി കെടിടിഎ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പശ്ചിമബംഗാള്‍ സ്വദേശികളും ആലപ്പുഴയില്‍ താമസക്കാരുമായ സെന്റ് മേരീസ് റസിഡന്‍ഷ്യല്‍ സെന്‍ട്രല്‍ സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി സോഹം ഭട്ടാചാര്യ, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ യൂണിവേഴ്സിറ്റി പ്ലസ്ടു വിദ്യാര്‍ത്ഥി സൗമ്യജീത് ബോസ് എന്നിവരെ പ്രതിനിധീകരിച്ച് രക്ഷാകര്‍ത്താവ് സമിത് ഭട്ടാചാര്യ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് പി.ബി. സുരേഷ്കുമാറിന്റെ ഉത്തരവ്.
ജൂലൈ 21നു ചേര്‍ന്ന കെടിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് പശ്ചിമ ബംഗാളില്‍ നിന്നു ആവശ്യമായ അനുമതി രേഖകള്‍ സഹിതം എത്തിയവരെ വിലക്കിയത്.
ആലപ്പുഴ വൈഎംസിഎ സ്റ്റാഗ് ടേബിള്‍ ടെന്നീസ് അക്കാദമിയില്‍ മാസങ്ങളായി പരിശീലനം നേടുന്നവരാണ് ഹര്‍ജിക്കാരായ വിദ്യാര്‍ത്ഥികള്‍. 2017 സീസണിലെ ടൂര്‍ണമെന്റുകളില്‍ ഇവര്‍ വിജയികളായതോടെയാണ് അന്യ സംസ്ഥാനത്തോടു വേര്‍തിരിവു കാണിച്ച് കെടിടിഎ തീരുമാനമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: