ചാവക്കാട്: എടക്കഴിയൂരില്‍ കഴിഞ്ഞ ദിവസം ഹോട്ടലുടമയെ ഓട്ടോറിക്ഷയിടിപ്പിച്ച് വധിക്കാന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ എടക്കഴിയൂര്‍ മേഖലയില്‍ കടകളടച്ച് ഹര്‍ത്താല്‍ ആചരിച്ചു.
എടക്കഴിയൂര്‍ തെക്കെ മദ്രസ്സയ്ക്കു സമീപമുള്ള മോഡേണ്‍ ഹോട്ടല്‍ ഉടമയും മര്‍ച്ചന്റ്സ് അസോസ്സിയേഷന് ജനറല്‍ സെക്രട്ടറിയുമായ മോഡേണ്‍ ബഷീറി (47) നു നേരെയാണ് വധശ്രമമുണ്ടായത്.
ഞായറാഴ്ച രാത്രി 10.30 നായിരുന്നു സംഭവം. ഹോട്ടലിലെ തൊഴിലാളിയായ പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് തഞ്ചില്‍ ഹോസ (38)നെ ഹോട്ടല്‍ മുറ്റത്ത് വെച്ച് മര്‍ദ്ദിക്കുന്നതു കണ്ട് കാരണമന്വേഷിക്കാന്‍ ചെന്ന ബഷീറിനെ അക്രമി ഓട്ടോയിടിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
തോളെല്ലിന് പരിക്കേറ്റ ബഷീറിനെ മുതുവട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹോട്ടലിലെ അഴുക്കു വെള്ളവുമായി ബന്ധപ്പെട്ടാണ് വിഷയമെന്ന് പറയപ്പെടുന്നു.
പ്രതി ഒളിവിലാണെന്നും അന്വേഷണം പുരോഗമിക്കുന്നുവെന്നും എസ്.ഐ. എം. കെ. രമേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: