പുനലൂര്‍: കേരള തമിഴ്നാട് അതിര്‍ത്തിയായ ആര്യങ്കാവില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ 10 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. തമിഴ്നാട് രാമന്ത സ്വദേശി ജാബര്ഹസനാണ് പിടിയിലായത് ആര്യങ്കാവില്‍ എഴുകോണ്‍ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് പണം പിടിച്ചത്. തെങ്കാശിയില്‍ നിന്നും പുനലൂരിലേക്ക് വന്ന കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരെ ദേഹപരിശോധന നടത്തുന്നതിനിടയില്‍ വയറ്റില്‍ പണം കെട്ടിവച്ച നിലയിലാണ് കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്തതില്‍ ചെന്നെയില്‍ നിന്നും ഏറ്റുമാനൂരിലേക്ക് കൊണ്ടുവന്ന പണമാണെന്ന് പറഞ്ഞു. എഴുകോണ്‍ എക്സൈസ് റെയിഞ്ച് ഇന്‍സ്പെക്ടര്‍ ടോണി ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. തുടരന്വേഷണത്തിനായി ഇയാളെ തെന്മല പോലീസിന് കൈമാറി. തമിഴ്നാട്ടില്‍ നിന്നും ആര്യങ്കാവ് ചെക്ക്പോസ്റ്റ് വഴി വന്‍തോതില്‍ ലഹരി ഉല്‍പ്പന്നങ്ങള്‍ കടത്തുന്നു എന്ന വിവരത്തെതുടര്‍ന്നാണ് എക്സൈസ് പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: