ആലപ്പുഴ: ഭീകര സംഘടനയായ ഐഎസുമായി ബന്ധമുെണ്ടന്ന് കണ്ടെത്തിയ ആലപ്പുഴ ജില്ലാക്കോടതി വാര്‍ഡില്‍ മുല്ലശ്ശേരി ബേസില്‍ ഷിഹാബി(25)ന്റെ വീട്ടില്‍ അപരിചതര്‍ തങ്ങുമായിരുന്നെന്ന് പരിസരവാസികള്‍ പറയുന്നു. തമിഴ്നാട്ടില്‍ കൂടെ പഠിച്ചിരുന്നവരാണെന്നാണ് പറഞ്ഞിരുന്നത്, അതിനാല്‍ സംശയം തോന്നിയില്ലെന്നും അവര്‍ പറയുന്നു.
ഇയാള്‍ എന്‍ഐഎ കസ്റ്റഡിയിലായതോടെ ഞെട്ടലിലാണ് സുഹൃത്തുക്കളും, പരിസരവാസികളും. എല്ലാവരോടും മാന്യമായി ഇടപഴകിയിരുന്നതിനാല്‍ ആര്‍ക്കും സംശയം ഉണ്ടായിരുന്നില്ല.
സ്കൂളില്‍ പഠിക്കുന്ന കാലയളവില്‍ ഇടതുപക്ഷത്തോടായിരുന്നു ആഭിമുഖ്യം, പിന്നീട് എന്‍ജിനീയറിങ് പഠനത്തിനായി തമിഴ്നാട്ടില്‍ പോയ ശേഷമാണ് ഷിഹാബ് മതഭീകര സംഘടനകളുമായി ബന്ധം പുലര്‍ത്തി തുടങ്ങിയതെന്നാണ് കരുതുന്നത്.
ഷിഹാബിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ മുഴുവന്‍ അടുത്തകാലത്തായി തീവ്രമത ചിന്താഗതി പുലര്‍ത്തുന്നതായിരുന്നു. ഫേസ്ബുക്ക് സുഹൃത്തുക്കള്‍ പലരും ഇയാളെക്കാള്‍ തീവ്രചിന്തകളാണ് പങ്കുവെച്ചിരുന്നതെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഭീകരവാദ സംഘടനകളുമായുള്ള ആശയവിനിമയം സംബന്ധിച്ച വ്യക്തമായ എല്ലാ വിവരങ്ങളും ശേഖരിച്ച ശേഷമാണ് എന്‍ഐഎ കസ്റ്റഡിയിലെടുത്തത്.
അതിനിടെ ഇതുവരെ ഭീകരവാദ സ്വാധീനമുള്ള സ്ഥലങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടാതിരുന്ന ആലപ്പുഴ ജില്ല ഇത്തരക്കാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ വളക്കുറുള്ള പ്രദേശമാണെന്ന സൂചന പലവിധത്തില്‍ നേരത്തെ തന്നെ വ്യക്തമായിരുന്നു. എന്നാല്‍ സംസ്ഥാന പോലീസും, രഹസ്യാന്വേഷണവിഭാഗവും അലംഭാവം കാട്ടുകയായിരുന്നു. വര്‍ഷങ്ങള്‍ മുന്‍പ് ഇടുക്കിയിലെ ഒരു റിസോര്‍ട്ടില്‍ നിന്ന് പിടികൂടിയ ഭീകര ബന്ധമുള്ള കശ്മീരി യുവാവ് ആലപ്പുഴ സന്ദര്‍ശിച്ചതായി മൊഴി നല്‍കിയിരുന്നെങ്കിലും തുടരന്വേഷണം ഉണ്ടായില്ല.
കഴിഞ്ഞ വര്‍ഷം വിവാദ മതപ്രഭാഷകന് സക്കിര്‍ നായിക്കിനെ അനുകൂലിച്ചും മുസ്ലിം മതവികാരം ഇളക്കിവിടുന്നതുമായ ഫ്ളക്സ് ബോര്‍ഡുകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വഹ്ദത്തെ ഇസ്ലാമി ഹിന്ദ് എന്ന സംഘടനയുടെ പേരിലാണ് ആലപ്പുഴ നഗരത്തിലടക്കം ഫ്ളക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. ഒരേ സമയം തന്നെ നിരവധി സ്ഥലങ്ങളില്‍ ഇത്തരം ബോര്‍ഡുകള്‍ സ്ഥാപിച്ചതില്‍ നിന്നു തന്നെ വ്യക്തമായ ആസൂത്രണം ഇതിന് പിന്നിലുണ്ടെന്ന് വ്യക്തമായിരുന്നു.
മുസ്ലിംലീഗും മറ്റു ചില തീവ്ര നിലപാടുകള്‍ ഉള്ള മുസ്ലിം സംഘടനകളും പരസ്യമായിത്തന്നെ സക്കിറിനെ അനുകൂലിച്ചിരുന്നു. എന്നാല്‍ വഹ്ദത്തെ ഇസ്ലാമി ഹിന്ദ് എന്ന സംഘടനയെ കുറിച്ച് അന്വേഷിക്കാന്‍ പോലും പോലീസും രഹസ്യാന്വേഷണ വിഭാഗങ്ങളും തയ്യാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: