മാനന്തവാടി: ആദിവാസി ഭൂമി കയ്യേറി കൃഷി നശിപ്പിച്ച് റോഡ് വെട്ടിയതായി പരാതി. മാനന്തവാടി പിലാക്കാവ് പഞ്ചാരകൊല്ലി വേങ്ങണ ചന്തുവിന്റെ സ്ഥലം കയ്യേറിയാണ് റോഡ് നിര്‍മ്മിച്ചത്. ഞായറാഴ്ച്ച രാവിലയോടെ വിളകള്‍ നശിപ്പിച്ചു കൊണ്ട് ഒരു സംഘം ആളുകള്‍ ബലമായി റോഡ് വെട്ടിയത്. ഇത് തടയാന്‍ ശ്രമിച്ച ചന്തുവിന്റെ മകന് കേളുവിന് പരിക്കേറ്റതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഞ്ചാര കൊല്ലി വെങ്ങണ ചന്തുവിന്റെ സ്ഥലത്ത് കൂടി റോഡ് വെട്ടുന്നതുമായി ബന്ധപ്പെട്ട് നേരത്തെ നിരവധി പരാതികള്‍ മാനന്തവാടി പോലീസില്‍ നല്‍കിയിരുന്നു. എന്നാല്‍ പോലീസ് നടപടി സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്.
ഈ ഭൂമിയില്‍ കൂടി നിലവില്‍ നടപാത ഉണ്ടായിരുന്നു. ഇതിലൂടെ റോഡ് വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് തര്‍ക്കമുണ്ടായപ്പോള്‍ സ്ഥലമുടമ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് പരാതി പരിഹരിക്കാമെന്ന പോലീസ് സബ്ബ് ഇന്‍സ്പെക്ട്ടറുടെ ഉറപ്പ് നിലനില്‍ക്കെയാണ് വിളകള്‍ നശിപ്പിച്ച് ഒരു സംഘം ആളുകള്‍ ബലമായി റോഡ് വെട്ടിയത്.
മുപ്പതോളം കവുങ്ങുകള്‍, കപ്പി, മറ്റു മരങ്ങള്‍ എന്നിവ വെട്ടിനശിപ്പിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഇരുവിഭാഗങ്ങളെയും സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു. റോഡ് വെട്ടിയതുമായി ബന്ധപ്പെട്ട് ഇരു വിഭാഗത്തെയും ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: