പട്ടാമ്പി: താലൂക്ക് വികസന സമിതി യോഗത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പങ്കെടുക്കാത്തതിനെതിരെ എംഎല്‍എയുടെ രൂക്ഷവിമര്‍ശനം. താലൂക്ക് വികസനസമിതിയോഗങ്ങളെ പ്രഹസനമായി കാണരുതെന്ന് മുഹമ്മദ് മുഹ്സിന് എംഎല്‍എ പറഞ്ഞു. യോഗത്തില്‍ എത്താത്തവരെ സംബന്ധിച്ച് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാനും തീരുമാനിച്ചു.
പട്ടാമ്പി പുലാമന്തോള്‍ റോഡിന്റെ അറ്റകുറ്റപ്പണികള്‍ നീട്ടിക്കൊണ്ട് പോവരുതെന്നും, കേസിന്റെ മറവില്‍ പിഡബ്ല്യുഡി റോഡ് പണി നീട്ടുന്നത് ശരിയല്ലെന്നും, ഈ റോഡ് സ്ഥിരം സംവിധാനത്തോടെ നവീകരിക്കാന്‍ വേണ്ട ശ്രമം കൈക്കൊള്ളാനും യോഗം തീരുമാനിച്ചു.
വിളയൂര്‍ സെന്റര്‍ ,കൂരാച്ചിപ്പടി, പഴയങ്ങാടി, ആമയൂര്‍, വല്ലപ്പുഴയാറം പരിസരം എന്നിവിടങ്ങളിലെ വെള്ളക്കെട്ട് നീക്കം ചെയ്യും. ആനക്കര കുമ്പിടി റോഡിന്റെ തകര്‍ച്ച പരിഹരിക്കും. വല്ലപ്പുഴ മുളയങ്കാവ് റോഡിന്റെ പണി വേഗത്തിലാക്കാനും നിര്‍ദ്ദേശം നല്കി. പട്ടാമ്പി താലൂക്ക് ആശുപത്രിയുടെ പോരായ്മകള്‍ പരിഹരിച്ച് സ്ഥലം ഏറ്റെടുക്കാനുള്ള നടപടി വേഗത്തിലാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്കി.
താലൂക്ക് ആര്‍ടി ഓഫീസില്‍ എല്ലാ മാസവും നാലാമത്തെ ചൊവ്വാഴ്ച ശാരീരിക ബുദ്ധിമുട്ടുള്ളവര്‍ക്ക് മുച്ചക്ര വാഹനം ഓടിക്കാന്‍ വേണ്ട ലൈസന്‍സ് എടുക്കുന്നതിന് സൗകര്യം ഒരുക്കും. എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച താലൂക്ക് ആസ്പത്രിയില്‍ വികലാംഗര്‍ക്ക് വേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ നല്കുന്നതിനു വേണ്ട നടപടി എടുത്ത് കൊടുക്കാനും സൗകര്യം ഒരുക്കും.
മുതുതല ഗ്രാമപഞ്ചായത്തില്‍ റീസര്‍വ്വെയുമായി ബന്ധപ്പെട്ട് നികുതി അടയ്ക്കാന്‍ കഴിയാത്തവര്‍ക്ക് നികുതി അടയ്ക്കാന്‍ സൗകര്യമൊരുക്കാനും യോഗത്തില്‍ തീരുമാനിച്ചു. നാല് വര്‍ഷക്കാലത്തെ റീസര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ നടക്കാനുള്ള താലൂക്കില്‍ കൂടുതല്‍ സര്വ്വയര്മാരെ നിയോഗിച്ച് സര്‍വ്വെ വേഗത്തിലാക്കാന്‍ നടപടികള്‍ കൈക്കൊള്ളും. നമ്പ്രം കിഴായൂര്‍ റോഡിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാനും, വിളയൂരില്‍ കെ.എസ്.ഇ.ബി സബ്ബ് സ്റ്റേഷന് കൊണ്ടുവരാനും, വിളയൂര്‍ കോഴി ചാമുണ്ടി കുടിവെള്ള പദ്ധതി പ്രവര്‍ത്തനം വേഗത്തിലാക്കാനും യോഗത്തില്‍ ചര്‍ച്ചക്ക് വന്നു.
മുഹമ്മദ് മുഹ്സിന് എംഎല്‍എ അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ കെ.ആര്.പ്രസന്നകുമാര്‍, അസി. തഹസില്‍ദാര്‍മാരായ ശ്രീജിത്ത്, ശിവരാമന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമ്മുക്കുട്ടി എടത്തോള്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ നന്ദവിലാസിനി, കെ.മുരളി എന്നിവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: