ഒറ്റപ്പാലം: സിവില്‍ സപ്ലൈസിന്റെ റേഷനരി വിതരണത്തില്‍ ഗുരുതര ക്രമക്കേടെന്ന് ആരോപണം. ചെര്‍പ്പുളശ്ശേരിയിലെ വാടക ഗോഡൗണില്‍ നിന്നും റേഷകന്‍ കടകളിലേക്കു സിവില്‍ സപ്ലൈസ് നടത്തി വരുന്ന അരി വിതരണത്തിലാണ് ക്രമക്കേട് കണ്ടെത്തിയതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്.
റേഷന്‍ വാതില്‍പടി വിതരണത്തിനായി എത്തുന്ന ഓരോചാക്കിലും അമ്പതര കിലോ അരി ഉണ്ടായിരിക്കണമെന്നാണ് നിയമം. എന്നാല്‍ ചെര്‍പ്പുളശ്ശേരിയില്‍ നിന്നും വിതരണത്തിന് റേഷന്‍ കടകളിലെത്തുന്ന
ഓരോ ചാക്കിലും നാല്‍പ്പതു മുതല്‍ നാല്‍പ്പത്തി രണ്ടുകിലോ അരിമാത്രമാണുള്ളെതെന്നു പറയുന്നു. ഗോഡൗണില്‍ സൂക്ഷിച്ചിരിക്കുന്ന അരി ചാക്കുകളില്‍ നിന്നുമാണ് അരി ചോര്‍ച്ച ഉണ്ടാകുന്നതെന്ന സംശയവും നിലനില്ക്കുന്നു.റേഷന്‍ കടകള്‍ വഴി വിതരണത്തിനായെത്തുന്ന അരി ചാക്കുകള്‍ സൂക്ഷിച്ചിരിക്കുന്നഗോഡൗണിലെ ഓരോചാക്കുകളില് നിന്നും എട്ടു മുതല്‍ പത്ത് കിലോ അരി വരെ നഷ്ടമാകുന്നതായും പറയുന്നു.
ഇത് റേഷന്‍ വിതരണത്തെ പ്രതികൂലമായി ബാധിച്ച അവസ്ഥയാണ്. നല്ലയിനം അരികള്‍ നിറച്ചിരിക്കുന്ന ചാക്കുകളില്‍ നിന്നാണു അരി ചോര്‍ച്ച ഉണ്ടാകുന്നത്. മറ്റ് ചാക്കുകളില്‍ കൃത്യമായി അമ്പതര കിലോ അരി ഉണ്ടെന്നും പറയുന്നു.
കുറവുകാരണം കഴിഞ്ഞ തവണ എപിഎല്‍ കാര്‍ഡുടമകള്‍ക്ക് ഓരോ കിലോ അരി വീതമാണ് റേഷന്‍കടയിലൂടെ വിതരണം ചെയ്തത്.കഴിഞ്ഞ മാസത്തെ വിതരണത്തില്‍ എ.പി.എല്‍ ഉടമകള്‍ക്ക് അഞ്ച് കിലോ അരി വീതം വിതരണം ചെയ്യാന്‍ സപ്ലൈകോ അനുമതി നല്‍കിയെങ്കിലും നാലു കിലോ ഗോതമ്പും ഒരുകിലോ അരിയുമാണ് നല്‍കിയത്.
അരിച്ചാക്കിലെ ചോര്‍ച്ചയാണ് ഇതിനു കാരണമെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ഒറ്റപ്പാലം സപ്ലൈ ഓഫീസിന്റെ പരിധിക്കുള്ളില്‍ ഏകദേശം നൂറോളം റേഷന്‍ കടകളുണ്ട്. ഒരുമാസം ഒരുകടയില്‍ ശരാശരി 150 ചാക്ക് അരി വരുന്നുണ്ട്.
അതില്‍ ഓരോ ചാക്കുകളില്‍ നിന്നും എട്ട് കിലോ അരി വരെ നഷ്ടപ്പെടുമ്പോള്‍ ഏകദേശം ഒന്നേകാല്‍ലക്ഷം കിലോ അരിയാണ് നഷ്ടമാകുന്നത്. ഇത്തരത്തില്‍ ശേഖരിക്കുന്ന അരി പൊതുവിപണിയില്‍ വില്‍പ്പനക്കെത്തുമ്പോള്‍ ഏകദേശം രണ്ടര ലക്ഷം രൂപയോളം കരിഞ്ചന്ത മുതലാളിമാര്‍ക്ക് ലഭിക്കും.
ഇതിനു പുറമെ ഗോതമ്പിന്റെ വിപണനവും നടക്കുന്നുണ്ടെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. നിയമാനുസൃതമായ റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കാത്ത സാഹചര്യമാണെന്നും, റേഷന്‍വിതരണത്തിലെ ചോര്‍ച്ച അവസാനിപ്പിക്കുന്നതിനു വിജിലന്‍സ് അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: