സംസ്ഥാനത്തെ ക്രമസമാധാനനില താറുമാറായ സാഹചര്യത്തില്‍ പരിഹാരം തേടി ഒരിക്കല്‍ക്കൂടി സര്‍വകക്ഷിയോഗം ചേര്‍ന്നു. രാഷ്ട്രീയ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഇത്തരം യോഗങ്ങള്‍ കേരളത്തില്‍ പുത്തരിയല്ല. ഉഭയകക്ഷിയോഗവും സര്‍വകക്ഷിയോഗവും ചേര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ അതിലെ തീരുമാനങ്ങള്‍ അപ്രസക്തമാകുന്നതാണ് അനുഭവം.
രാഷ്ട്രീയ സംഘട്ടനങ്ങളോ കൊലപാതകങ്ങളോ ഉണ്ടാകുമ്പോള്‍ സ്വാഭാവികമായി നടക്കുന്ന ചടങ്ങുമാത്രമായിപ്പോലും ഇത്തരം സമാധാനയോഗങ്ങള്‍ വിലയിരുത്തപ്പെട്ടു. തലശ്ശേരിയില്‍ രാഷ്ട്രീയ കൊലപാതകങ്ങളുടെ തുടര്‍ച്ച ഉണ്ടായപ്പോള്‍ ആര്‍എസ്എസിന്റെയും സിപിഎമ്മിന്റെയും ദേശീയ നേതൃത്വങ്ങള്‍ മുന്‍കൈയെടുത്ത് നടത്തിയ ചര്‍ച്ചയായിരുന്നു അതിനൊരപവാദം. പക്ഷേ, ആ ചര്‍ച്ചയും ഉദ്ദേശിച്ച ഫലംകാണുകയോ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ എന്നെന്നേക്കുമായി ഇല്ലാതാക്കാന്‍ സഹായിക്കുകയോ ചെയ്തില്ല. അതിനുശേഷം ഇപ്പോഴാണ് ഗൗരവത്തിലുള്ള സമാധാന ചര്‍ച്ചയ്ക്ക് കേരളം സാക്ഷ്യം വഹിക്കുന്നത്.
തിരുവനന്തപുരത്ത് വ്യാപകമായി നടന്ന സംഘര്‍ഷവും ആര്‍എസ്എസ് കാര്യവാഹിന്റെ കൊലപാതകവുമാണ് ചര്‍ച്ചയിലേക്ക് നയിച്ച അടിയന്തര സംഭവം. ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവത്തിന്റെ അവസരോചിതമായ ഇടപെടല്‍ ചര്‍ച്ചയ്ക്ക് വഴിതെളിച്ചുവെന്നത് സത്യമാണ്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് തുടര്‍ച്ചയായി നടക്കുന്ന കൊലപാതകങ്ങള്‍ ദേശീയതലത്തില്‍ തന്നെ സിപിഎമ്മിന്റെ മുഖം നഷ്ടപ്പെടുത്തിയതും സമാധാന ശ്രമങ്ങള്‍ നടത്താന്‍ അവരെ പ്രേരിപ്പിച്ചു. എന്നും സമാധാനശ്രമങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുകയും മുന്നിട്ടിറങ്ങുകയും ചെയ്യുന്ന ആര്‍എസ്എസും ബിജെപിയും അതേ നിലപാട് എടുത്തതോടെ ഒരുപക്ഷേ കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും പൂര്‍ണ്ണ വിരാമമുണ്ടാകാനുള്ള അവസരമാകും ഒരുങ്ങുക.
തിരുവനന്തപുരത്തും കോട്ടയത്തും കണ്ണൂരിലും ബിജെപി-സിപിഎം ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയശേഷമാണ് ഇന്നലെ സര്‍വകക്ഷിയോഗം വിളിച്ചത്. കേരളത്തില്‍ ആകെ കുഴപ്പമാണന്ന പ്രചാരണത്തില്‍ ആശങ്കയുണ്ടെന്നാണ് യോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞത്. അത്തരമൊരു ആശങ്കതന്നെയാണ് യോഗം വിളിക്കാന്‍ പ്രേരിപ്പിച്ചതെന്ന് വ്യക്തം. കേരളത്തില്‍ ഉന്മൂലന സിദ്ധാന്തം പയറ്റുമ്പോള്‍ കേന്ദ്രത്തില്‍ ആദര്‍ശവാദികളുടെയും സമാധാനകാംക്ഷികളുടെയും വേഷത്തിലായിരുന്നു കമ്മ്യൂണിസ്റ്റ് നേതൃത്വം. ബംഗാളിലെ തകര്‍ച്ചയ്ക്കുശേഷമാണ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്മുഖം രാജ്യം കണ്ടത്.
കേരളത്തില്‍ – ആര്‍എസ്എസ് ബിജെപി പ്രര്‍ത്തകര്‍ മുന്‍പ് നിരവധി തവണ കൊല്ലപ്പെട്ടിട്ടുണ്ട്. അന്നൊന്നും അത് ദേശീയതലത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടില്ല. അതുകൊണ്ടുതന്നെ സിപിഎമ്മിന്റെ ഭീകരമുഖം പുറത്തറിഞ്ഞുമില്ല. പക്ഷേ, അടുത്തകാലത്തുനടന്ന കൊലപാതകങ്ങള്‍ രാജ്യവ്യാപകമായി ചര്‍ച്ചചെയ്യപ്പെട്ടു. കേരളത്തിലെ ചെറിയ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ പോലും പാര്‍ലമെന്റില്‍ ചര്‍ച്ചയായി. അത് ദൈവത്തിന്റെ നാടെന്ന കേരളത്തിന്റെ പെരുമയ്ക്ക് കോട്ടംവരുത്തി. നിക്ഷേപങ്ങളേയും വികസന പരിപാടികളേയും രാഷ്ട്രീയ അക്രമങ്ങള്‍ ബാധിക്കുന്നതിനാല്‍ അവസാനിപ്പിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. അതിനോട് ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടാകുമെന്ന് തോന്നുന്നില്ല.
സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയും നേതൃത്വം നല്കുന്ന മുഖ്യമന്ത്രിയുമാണ് മുന്നിട്ടിറങ്ങേണ്ടതെന്നുമാത്രം. ഇന്നലെ സംസ്ഥാനത്തുണ്ടായിരുന്ന കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റിലിയും ഇതുതന്നെയാണ് ആവശ്യപ്പെട്ടത്. മുന്‍പുണ്ടായ സംഘര്‍ഷങ്ങളുടെ പട്ടികയോ മരിച്ചവരുടെ എണ്ണമോ നിരത്തുകയല്ല, മറിച്ച് കൊലപാതകത്തെ കൊലപാതകമായി കണ്ട് നടപടിയെടുക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രഥമ കടമയെന്ന് ജെയ്റ്റ്ലി വ്യക്തമാക്കി. ആ കടമ നിര്‍വഹിക്കുന്നതില്‍ കേരളം മാറിമാറി ഭരിച്ച സര്‍ക്കാരുകള്‍ വീഴ്ചവരുത്തിയെന്ന ജെയ്റ്റ്ലിയുടെ ആരോപണത്തിന് മറുപടിയില്ല.
സിപിഎം-ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ ഒന്നിച്ചിരുന്നതിനെ എതിര്‍ക്കുന്നവരുമുണ്ട്. കോണ്‍ഗ്രസും സിപിഐയും എതിര്‍പ്പു പരസ്യമാക്കി. അവരുടേത് മുട്ടനാടിനെ തമ്മിലിടിപ്പിച്ച് രക്തം കുടിക്കുന്ന ചെന്നായയുടേതാണെന്ന് ആര്‍ക്കുമറിയാം. സര്‍വകക്ഷിയോഗം സര്‍വാണി സദ്യ എന്നുപറഞ്ഞ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഹസനും ഇന്നലെ സദ്യകഴിക്കാനെത്തി എന്നത് സന്തോഷകരം. അക്രമംകൊണ്ടല്ല, നിലപാടുകളും ആദര്‍ശവുംകൊണ്ടാണ് എതിര്‍പാര്‍ട്ടികളെ ഇല്ലാതാക്കേണ്ടത്. രാജ്യത്താകമാനം അത് നടന്നുകൊണ്ടിരിക്കുകയാണ്. ആദര്‍ശം ചോര്‍ന്ന പ്രസ്ഥാനങ്ങള്‍ അപ്രസക്തമായിക്കൊണ്ടിരിക്കുന്നു.
ആദര്‍ശത്തിന്റെ അടിത്തറയില്‍ കെട്ടിപ്പടുത്ത രാഷ്ട്രീയ പ്രസ്ഥാനം രാജ്യത്തിന്റെയും സംസ്ഥാനങ്ങളുടെയും ഭരണച്ചുമതല ഒന്നൊന്നായി ഏറ്റെടുക്കുന്നു. കേരളത്തില്‍ സമാധാനാന്തരീക്ഷം ഉണ്ടാകാതിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഭയക്കുന്നത് ഇതാണ്. രാഷ്ട്രീയത്തിന് മുന്നിലാണ് രാഷ്ട്രം എന്ന ചിന്തയില്‍ സമാധാനാന്തരീക്ഷത്തിന് സാഹചര്യമൊരുക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ആരുടെ ഭാഗത്തുനിന്നാണെങ്കിലും പ്രശംസനീയമാണ്. അതിനെ ഒളിഞ്ഞും തെളിഞ്ഞും എതിര്‍ക്കുന്നവരെ ഒറ്റപ്പെടുത്താനുള്ള ബാധ്യത എല്ലാവര്‍ക്കുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: