പ്രണയ രതികള്‍ക്ക് വേറിട്ടഭാവം നല്കിയ പത്മരാജന്റെ ചലച്ചിത്രകാവ്യം ‘തൂവാനത്തുമ്പികള്‍’ക്കു മുപ്പതാണ്ട്. മലയാളിയും മലയാള സിനിമയും സ്വകാര്യാഹങ്കാരമായി മനസില്‍ കൊണ്ടു നടക്കുന്ന ഈ സിനിമ 1987-ലാണ് റിലീസായത്. അന്നുവലിയ ഹിറ്റായില്ലെങ്കിലും പറഞ്ഞും കണ്ടും പിന്നീട് പ്രേക്ഷക പ്രീതി നേടിയ സിനിമയാണ് ‘തൂവാനത്തുമ്പികള്‍’.
മോഹന്‍ ലാല്‍,സോമന്,ജഗതി,പാര്‍വതി,സുമലത തുടങ്ങിയ വന്‍നിര താരങ്ങളാല്‍ സമൃദ്ധമാണ് തൂവാനത്തുമ്പികള്‍. ശ്രീകുമാരന്‍ തമ്പി രചിച്ച ഗാനങ്ങള്‍ക്ക് പെരുമ്പാവൂര്‍. ജി.രവീന്ദ്രനാഥാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ജോണ്‍സന്റെ പശ്ചാത്തല സംഗീതം.
പ്രണയത്തിന്റെ ചൂടും രതിയുടെ അഗ്നിയുമാണ് തൂവാനത്തുമ്പികള്‍. പ്രണയിക്കുന്നവര്‍ പരസ്പരം സ്വന്തമാകാതിരിക്കുകയും പ്രണയിക്കാത്തവര്‍ സ്വന്തമാകുകയും ചെയ്യുന്ന മനുഷ്യവിധിയുടെ ചിലപ്പോള്‍ സംഭവിക്കുന്ന വൈരുദ്ധ്യമാണ് സിനിമയുടെ കേന്ദ്രബിന്ദു.
ജയകൃഷ്ണന് എന്ന മോഹന്‍ ലാല്‍ പ്രണയിക്കുന്ന ക്ളാര എന്ന സുമലത ഒടുവില്‍ സാധാരണ സംഭവിക്കും പോലെ വിവിധ പ്രശ്നങ്ങളാല്‍ അയാളെ വിട്ടുപോകുന്നു. ആ വിരഹത്തിനിടയില് എല്ലാം അറിഞ്ഞുകൊണ്ട് രാധ എന്ന പാര്‍വതി ജയകൃഷ്ണനായി കാത്തിരിക്കുകയും അവള്‍ക്ക് അയാള്‍ സ്വന്തമാകുകയും ചെയ്യുന്നു.
പ്രണയത്തിന്റെയും കാമത്തിന്റെയും ചൂടു പകര്‍ന്നു തന്ന ക്ളാരയെ ജയകൃഷ്ണനു മറക്കാനാവുന്നില്ല. ഭര്‍ത്താവ് മോനി ജോസഫും കുട്ടിയുമായി ജയകൃഷ്ണനെ കണ്ട്് ഒരിക്കല്‍ക്കൂടി യാത്രപറയാന്‍ വന്ന ക്ളാരയില്‍ നിന്നും എന്നന്നേയ്ക്കുമായി രാധയിലേക്കു മടങ്ങിപ്പോകുകയാണ് ജയകൃഷ്ണന്.
പ്രണയവും കാമവും എന്നും കൃത്രിമമായി അവതരിപ്പിക്കപ്പെടുന്ന മലയാള സിനിമയില്‍ ഇതുരണ്ടും സ്വാഭാവികതയോടെ കൈകാര്യം ചെയ്യുന്നുണ്ട് പത്മരാജന്. സഭ്യതയുടെ അതിര്ത്തികടക്കാതെയാണ് ഇതിന്റെ നിര്‍വഹണം. മലയാളത്തിലെ എക്കാലത്തേയും മികവുറ്റ പ്രണയ സിനിമയാണ് തൂവാനത്തുമ്പികള്‍.
മനുഷ്യമനസിലേയും ശരീരത്തിലേയും പ്രണയ-കാമ-ഭാവങ്ങളെ പ്രകൃതിയുമായി ചേര്‍ത്തിണക്കിയാണ് പത്മരാജന്റെ രചനയും സംവിധാനവും. പ്രണയത്തിന്റെയും രതിയുടേയും ചിഹ്നമായി കൊഴുത്ത മഴയും വിരഹമായി വെയിലും ഇഴപിരിയുന്നുണ്ട് ചിത്രത്തില്‍. ഗ്രാമത്തില്‍ പാവവും നഗരത്തില്‍ എന്തിനും പോന്ന ആളായും ഇരട്ട വ്യക്തിത്വമാണ് ജയകൃഷ്ണന്റേത്.
രണ്ടും മോഹന്‍ലാലില്‍ ഭദ്രമാണ്. അതുപോലെ തന്നെ പാര്‍വതിയുടെ രാധയും സുമലതയുടെ ക്ളാരയും ഗംഭീരമാണ്. പത്മരാജന്റെ തന്നെ നോവല്‍ ‘ഉദകപ്പോള’യാണ് തൂവാനത്തുമ്പികളായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: