കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമര്‍ശനവുമായി സിപിഐ നേതാവ് രംഗത്ത്. ഇടയ്ക്കിടെ പേടിച്ച് പനി വരുന്നയാളാണ് മുഖ്യമന്ത്രിയെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി. രാജു പറഞ്ഞു. കെഎസ്ആര്‍ടിസിയിലെ കൂട്ട സ്ഥലംമാറ്റത്തിനെതിരെ എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ എഐടിയുസി സംഘടിപ്പിച്ച സമരത്തില്‍ സംസാരിക്കുകയായിരുന്നു.
പേടിച്ചു പനി വരുന്നയാളെന്ന് മുഖ്യമന്ത്രിയെ വിശേഷിപ്പിച്ച ജില്ലാ സെക്രട്ടറി, മുഖ്യമന്ത്രിയുടെ ഉപദേശകരെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. മന്ദബുദ്ധികളായ ചിലര്‍ മുഖ്യമന്ത്രിയുടെ ഉപദേശകരായി കൂടിയിട്ടുണ്ട്. അവരുടെ ഉപദേശം കേട്ടാല്‍ കേരളം തകരും.
തിരുവനന്തപുരത്ത് സംഘര്‍ഷങ്ങളുണ്ടായപ്പോള്‍ ഗവര്‍ണറെ കണ്ട മുഖ്യമന്ത്രിയുടെ നടപടിയേയും രാജു പരിഹസിച്ചു. എന്നെ കാണണം എന്ന് ഗവര്‍ണര്‍ ഒരു തമ്പുരാനെ പോലെ പറയുമ്പോള്‍, കാണാന്‍ പറ്റില്ലെന്ന് ആര്‍ജവത്തോടെ പറയുവാന്‍ മുഖ്യമന്ത്രിക്ക് സാധിക്കണമായിരുന്നു.
താന്‍ പോയി കുമ്മനത്തെ കാണണം, താന്‍ പോയി ആര്‍എസ്എസ് നേതാക്കളെ കാണണം എന്നെല്ലാം ഗവര്‍ണര്‍ ആജ്ഞാപിക്കുമ്പോള്‍, പോയി പണി നോക്ക് എന്നായിരുന്നു പിണറായി പറയേണ്ടിയിരുന്നതെന്നും രാജു പറഞ്ഞു.
ഗവര്‍ണര്‍ വിളിച്ചുവരുത്തിയതിലും, മാധ്യമപ്രവര്‍ത്തകരോട് ‘കടക്ക് പുറത്ത്’ എന്നു പറഞ്ഞ വിഷയങ്ങളിലും സി.പി.എമ്മിനെതിരെ സി.പി.ഐ സംസ്ഥാന നേതൃത്വം രംഗത്തുവന്നതിന് പിറകേയാണ് സിപിഐയുടെ ജില്ലാ സെക്രട്ടറിയും വിമര്‍ശനം നടത്തിയിരിക്കുന്നത്. അതേസമയം, മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രാജുവിനോട് വിശദീകരണം തേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: