കോട്ടയം: വെടിയൊച്ചകള്‍ മുഴങ്ങുന്ന കശ്മീരില്‍ നിന്ന് നെഹ്രുട്രോഫിയില്‍ തുഴയെറിയാന്‍ ദാല്‍ തടാകത്തിലെ തുഴച്ചില്‍ക്കാരും. ലോകത്തിലെ എറ്റവും വലിയ ജലമാമങ്കത്തില്‍ ഇതര സംസ്ഥാനക്കാരായ പട്ടാളക്കാര്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും കശ്മീരി യുവാക്കള്‍ ആദ്യമാണ്.
ജലരാജാവായ കാരിച്ചാല്‍ ചുണ്ടനില്‍ ഈ വര്‍ഷം മത്സരിക്കുന്ന കുമരകം ടൗണ്‍ക്ലബ് അംഗങ്ങള്‍ക്കൊപ്പമാണ് ഇവര്‍ പുന്നമടയില്‍ പോരിന് ഇറങ്ങുന്നത്.
ഈ മാസം 12ന് ആണ് നെഹ്രുട്രോഫി. അശാന്തിയുടെ താഴ്വരയില് നിന്ന് എത്തുന്ന ഇവര്‍ തുഴപിടിച്ച് ശീലിച്ചവരാണ്. ശ്രീനഗറിലെ ദാല്‍ തടാകത്തിലെ വാട്ടര്‍ സ്പോര്‍ട്സ് അംഗങ്ങളാണ്. വിദ്യാര്‍ഥികള്‍, കച്ചവടക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തുടങ്ങിയവരാണ് സംഘത്തിലുള്ളത്. തുഴച്ചിലിലെ വേഗതയാണ് സംഘത്തെ എത്തിക്കാന്‍ ക്ലബ് ഭാരവാഹികളെ പ്രേരിപ്പിച്ചത്.
കുമരകം ടൗണ്‍ ബോട്ട് ക്ലബിനൊപ്പം തീവ്രപരിശീലനത്തില്‍ ഏര്‍പ്പെടുന്ന ഇവര്‍ക്ക് ചുണ്ടന് അത്ഭുതമായിരുന്നു. കനോയിംഗ്, കയാക്കിംഗ്, ഡ്രാഗണ്‍ ബോട്ട് എന്നിവയായിരുന്നു ഇവര്‍ പരിശീലിച്ചത്. എന്നാല്‍ പരിശീലകന്റെ നിര്‍ദ്ദേശങ്ങള്‍ മനസ്സിലാക്കിയതോടെ ചുണ്ടനുമായി പൊരുത്തപ്പെട്ടു. തുഴച്ചില്‍ ഒരു പോലെയാണെങ്കിലും ചുണ്ടനില്‍ ഇരിയ്ക്കുന്ന രീതിക്ക് വ്യത്യാസമുണ്ട്.
ഇപ്പോള്‍ പരിശീലനം നല്ല രീതിയില്‍ നടക്കുന്നതായി ടീം ലീഡറിലൊരാളായ ബിലാല്‍ അഹമ്മദ് ലെഡു പറഞ്ഞു. കുമരകത്തെ സ്വകാര്യ ഹോട്ടലിലാണ് താമസം. 30 അംഗ സംഘമാണ് എത്തിയതെങ്കിലും 18 പേരായിരിക്കും ചുണ്ടനില്‍ കയറുക.
കേരളത്തിലേക്ക് യാത്രതിരിക്കും മുമ്പ് ദാല്‍ തടാകത്തില്‍ ദിവസങ്ങളോളം പരിശീലനം നടത്തിയിരുന്നു. ഏറ്റവും വലിയ ജലമേളയ്ക്ക് പുറപ്പെടുന്ന സംഘത്തെ കശ്മീര്‍ മന്ത്രിസഭാംഗമായ ബഷ്റത്ത് അഹമ്മദ് ബുക്കാരിയുടെ നേതൃത്വത്തിലാണ് യാത്രയാക്കിയത്.
നെഹ്രുട്രോഫിയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത് വലിയ അംഗീകാരമായിട്ടാണ് കരുതുന്നതെന്ന് അവര്‍ പറഞ്ഞു. ക്ലബിലെ സഹകളിക്കാരും പരിശീലകരും നല്കുന്ന പ്രോത്സാഹനത്തില്‍ ഇവര്‍ സന്തുഷ്ടരാണ്. കേരളത്തിലെ കാലാവസ്ഥയും ഭക്ഷണവും ഇഷ്ടപ്പെട്ട സന്തോഷവും ഇവര്‍ മറച്ചുവെക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: