ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രസാദ ഊട്ടിന് ഒരു മാസത്തെ ഇടവേളക്കു ശേഷം വീണ്ടും വാഴയിലയെത്തി. സ്റ്റീല്‍ പ്ലേറ്റിന് പകരം വാഴയില തന്നെയാക്കിയത് പ്രസാദ ഊട്ട് നല്‍കുന്ന അന്നലക്ഷ്മി ഹാളിന് പുത്തനുണര്‍വേകി.
ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രസാദ് ഊട്ട് സ്റ്റീല്‍ പ്ലേറ്റില്‍ കഴിക്കുന്നതിന് ഭൂരിഭാഗം ഭക്തരും എതിരായിരുന്നു. ജൂലായ് ഒന്നു മുതലാണ് പ്രസാദ് ഊട്ട് സ്റ്റീല്‍ പ്ലേറ്റിലാക്കിയത്. ഇതേ തുടര്‍ന്നെത്തിയ പൊതുതാത്പര്യഹരജിയില്‍ സ്റ്റീല്‍ പ്ലേറ്റ് ഉപയോഗിക്കുന്നത് നിറുത്തി വാഴയില തന്നെ ഉപയോഗിക്കാന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.
പ്രസാദഊട്ടിന് ശേഷം വരുന്ന വാഴയില മാലിന്യം നഗരസഭ ശേഖരിക്കില്ലെന്ന കാരണം പറഞ്ഞാണ് ഭരണസമിതി സ്റ്റീല്‍ പ്ലേറ്റാക്കിയത്. എന്നാല്‍ ഇത്തരമൊരു തീരുമാനം നഗരസഭയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നാണ് ചെയര്‍പേഴ്‌സന്‍ പ്രൊഫ പി.കെ.ശാന്തകുമാരി പറഞ്ഞു.
ടി.വി ചന്ദ്രമോഹന്‍ ചെയര്‍മാനായുള്ള കഴിഞ്ഞ ഭരണസമിതിയും പ്രസാദ് ഊട്ട് സ്റ്റീല്‍പ്ലേറ്റിലാക്കാന്‍ ശ്രമം നടത്തിയിരുന്നു. എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനം നടപ്പിലാക്കാനായില്ല.
















