വാളയാര്‍: പരിശീലന കേന്ദ്രങ്ങളിലെ സ്ഥല പരിമിതി വനം വകുപ്പിന്റെ പരിഷ്കരണ പ്രവര്‍ത്തനങ്ങളെ അവതാളത്തിലാക്കുന്നു.സംസ്ഥാനത്തെ വാളയാറിലും തിരുവനന്തപുരം അരിപ്പയിലുമാണ് നിലവില്‍ പരിശീലന കേന്ദ്രങ്ങളുള്ളത്.
രണ്ടിടങ്ങളിലെ സ്ഥലപരിമിതി പുതിയ പരിഷ്കരണത്തിന് തിരിച്ചടിയായിരിക്കുകയാണ്. ജോലിയില്‍ പ്രവേശിക്കും മുമ്പ് 9 മാസത്തെ പരിശീലനം നല്കി ഉദ്യോഗസ്ഥരെ സജ്ജരാക്കാന്‍ ഈ വര്‍ഷം വകുപ്പുതലത്തില്‍ തീരുമാനമായിരുന്നു. സര്‍വീസില്‍ കയറുന്നവര്‍ക്ക് വിരമിക്കുന്നതിനുമുമ്പ് ഏതെങ്കിലും സമയത്ത് പരിശീലനം നല്‍കുക എന്നതായിരുന്നു ഇതുവരെയുള്ള രീതി.
നിലവില്‍ 55 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്ക് പരിശീലനം പൂര്‍ത്തിയാക്കാനാകാതെ ജോലിയില്‍ പ്രവേശിക്കേണ്ടി വന്നു. ഏപ്രിലില്‍ 109 വനിതകളടക്കം 268 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്കാണ് തൃശ്ശൂര്‍ കേരള പോലീസ് ട്രെയിനിംഗ് അക്കാദമി, വാളയാര്‍, അരിപ്പ എന്നിവിടങ്ങളിലെ സംസ്ഥാന വനം വകുപ്പ് കേന്ദ്രങ്ങളില്‍ പരിശീലനം തുടങ്ങിയത്. ഇവരില്‍ കേരള പോലീസ് ട്രെയിനിംഗ് അക്കാദമിയില്‍ മൂന്ന് മാസത്തെ പരിശീലനം തികച്ച 55 പേരാണ് വയനാട് സൗത്ത്, നോര്‍ത്ത്, വന്യജീവിസങ്കേതം, നിലമ്പൂര്‍ നോര്‍ത്ത്, മലയാറ്റൂര്‍, വാഴച്ചാല്‍, പാലക്കാട്, കണ്ണൂര്‍, കോട്ടയം, കോന്നി, റാന്നി, മണ്ണാര്‍ക്കാട്, തെന്മല, മൂന്നാര്‍, ചാലക്കുടി, തിരുവനന്തപുരം, കോതമംഗലം എന്നീ ഫോറസ്റ്റ് ഡിവിഷനുകീഴില്‍ ജോലിയില്‍ പ്രവേശിച്ചത്.
ഇവര്‍ അരിപ്പയിലോ വാളയാറിലോ ബാക്കി ആറ് മാസം കൂടി പരിശീലനം നേടേണ്ടിയിരുന്നവരാണ്. 130 പേര്‍ക്ക് സൗകര്യമുള്ള വാളയാറിലെ പരിശീലന കേന്ദ്രത്തില്‍ ഇപ്പോള്‍ തന്നെ 135 പേര് ഉണ്ട്.
125 ഏക്കറിലായി കിടക്കുന്ന സ്ഥാപനത്തില്‍ താമസസൗകര്യമൊരുക്കാന്‍ ഭൂമിയുണ്ടെങ്കിലും കെട്ടിടങ്ങളില്ല. മറ്റുവകുപ്പുകളിലുള്ളവര്ക്ക് വനത്തെ സംബന്ധിച്ചും മറ്റും അറിയാന്‍ വാളയാറില്‍ നടത്തിയിരുന്ന ക്ലാസും സ്ഥല സൗകര്യമില്ലാത്തതിനാല്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്. 30 പേര്‍ക്കുമാത്രം സൗകര്യമുണ്ടായിരുന്ന ഇവിടെ 2012 ലാണ് 130 പേര്‍ക്കുള്ള സൗകര്യമൊരുങ്ങിയത്. അരിപ്പയിലും സ്ഥിതി വ്യത്യാസ്തമല്ല.
50 സെക്ഷന്‍ ഫോറസ്റ്റോഫീസര്മാര്ക്കും 25 ട്രെയിനികള്‍ക്കും പരിശീലനം നല്കാന് 1981 ലാണ് 88.64 ഏക്കറില്‍ സ്കൂളായി സ്ഥാപനം തുടങ്ങിയത്. പിന്നീട് ഇതിന്റെ രണ്ടിരട്ടിയോളം പേര്‍ക്ക് പരിശീലനം നല്കാവുന്ന വിധത്തില്‍ മാറി. ജോലിയില്‍ പ്രവേശിക്കും മുമ്പ് പരിശീലനം നല്‍കേണ്ടതിലാണ് പ്രശ്നം വന്നത്.
പരിശീലന കേന്ദ്രങ്ങളില്‍ സൗകര്യമൊരുക്കുന്നത് സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ടെങ്കിലും പരിഹാരമില്ലെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: