അനന്തരം കിഷ്കിന്ധാകാണ്ഡത്തില്‍ പരമഭക്തനായ ഹനുമാനുമായുള്ള സമാഗമം. ഹനുമാന് ഭഗവദ് ഭക്തന്മാരില് അദ്വിതീയനാണ്. ആ വായു പുത്രന് ആത്മഭാവത്തില്‍ അദ്വിതീയ വസ്തുവായ അവിടുന്ന് തന്നെയായും ജീവഭാവത്തില്‍ അവിടുത്തെ അംശമായും ദേഹബോധത്തില്‍ അവിടുത്തെ ദാസനായും വര്‍ത്തിക്കുന്നു.
ബാലി വധത്തിനുശേഷം, ഭഗവാന് ബാലി പത്നിയായ താരക്ക് ഭക്തിയുടെ അത്യുന്നത ഭാവമായ സ്വരൂപാനുസന്ധാനം ഉപദേശരൂപേണ അരുളിച്ചെയ്തു. തുടര്‍ന്ന് സുഗ്രീവന്റെ രാജ്യാഭിഷേകവും ലക്ഷ്മണനായിക്കൊണ്ടുള്ള ക്രിയാമാര്ഗ്ഗോപദേശവും. ക്രിയായോഗത്തിന് സൂത്രകാരനായ പതഞ്ജലി മഹര്‍ഷി ”തപസ്യാദ്ധ്യായേശ്വര പ്രണിശാനാനി ക്രിയായോഗം” എന്നാണ് വ്യാഖ്യാനിച്ചിരിക്കുന്നത്.
ഇതില്‍ തപസ്സെന്നാല്‍ കൃച്ഛ്രചാന്ദ്രകനാതി വൃതങ്ങളാണെന്നും സ്വാധ്യായമെന്നത് പ്രണവ ദിവ്യമന്ത്രങ്ങളുടെ ജപവും മോക്ഷശാസ്ത്രഗ്രന്ഥങ്ങളുടെ പാരായണവും ഈശ്വരപ്രണിധാനമെന്നത് ഈശ്വരപൂജയുമാണ് എന്ന് യോഗസൂത്രഭാഷ്യകാരനായ വേദവ്യാസ മഹര്‍ഷി തന്റെ യോഗസൂത്രഭാഷ്യത്തില്‍ വ്യക്തമാക്കുന്നു. ഇവിടെ ലക്ഷ്മണനായ്ക്കൊണ്ട് ഭഗവാന് അരുളിച്ചെയ്ത ക്രിയമാര്ഗ്ഗോപദേശവും ഇതില്‍നിന്നും തുലോം ഭിന്നമല്ല.
തപസ്വാധ്യായങ്ങളെ അപേക്ഷിച്ച് ഈശ്വര പ്രണിധാനത്തിന് പ്രാധാന്യം കല്‍പ്പിച്ചിരിക്കുന്നു എന്നേയുളളൂ. ‘സ്വയം-പ്രദാ’ സ്തുതി അത്യന്തം മനോഹരമാണ്. രാമദര്‍ശനം കൊണ്ട് തന്റെ സര്വകാംക്ഷിതവും പൂര്‍ത്തിയാക്കി എന്ന സ്വയംപ്രഭ ഭഗവദ് സമക്ഷം അറിയിക്കുകയും
”യത്രകുത്രാപി വസിക്കിലും ത്വത്പാദ
ഭക്തിക്കിളക്കമുണ്ടാകാതിരിക്കണം
ത്വദ് പാദഭക്തദൃത്യേഷു സംഗം പുന
രുള്പ്പൂവിലെപ്പോഴുമുണ്ടാകയും വേണം.”
അത്രയും മാത്രമല്ല പ്രാകൃതന്മാരായ ജനങ്ങളില്‍ ഒരിക്കല്‍പ്പോലും സംഗമുണ്ടാകാതിരിക്കണമെന്നും മാനസേ രാമരാമേതി ജപിക്കായ് വരേണമെന്നും രാമപാദത്തില്‍ മാനസം രമിക്കേണമെന്നും ചാപബാണ സന്നദ്ധനായിരിക്കുന്ന നിന്തിരുവടിയോട് അപേക്ഷിക്കുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: