തിരുവല്ല: ജനപങ്കാളിത്തത്തോടെ ആറുകളും തോടുകളും വൃത്തിയാക്കി സൂക്ഷിക്കുന്നതിന് കൃഷി, ജലസേചന, റവന്യു വകുപ്പുകള്‍ ചേര്‍ന്ന് കൂട്ടായി ചര്‍ച്ച ചെയ്ത് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു.
ജലസേചന വകുപ്പിന്റെ പല തോടുകളും വീതികുറഞ്ഞ് വെള്ളം ഒഴുകിപ്പോകാന്‍ പോലും കഴിയാത്തവിധമായി. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വ്യാപകമായി തോടുകളില്‍ തള്ളുന്ന സ്ഥിതി തടയാന്‍ നടപടി വേണം. വഴിയോര കച്ചവടക്കാരും മറ്റും നിരോധിച്ച പ്ലാസ്റ്റിക് കവറുകള്‍ വ്യാപകമായി ഉപയോഗിച്ചിട്ടും അധികൃതര്‍ നടപടി സ്വീകരിക്കാത്തതും വിമര്‍ശനമുയര്‍ത്തി. കുറ്റപ്പുഴ ആറ്റുചിറ തോടിന്റെ വശങ്ങളില് താമസിച്ചിരുന്ന മൂന്നുകുടുംബങ്ങളെ അപകടഭീഷണിയെതുടര്‍ന്ന് തിരുമൂലപുരം കമ്മ്യുണിറ്റി ഹാളിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. റവന്യു അധികൃതര്‍ പുറമ്പോക്ക് ഭൂമി കണ്ടെത്തി നല്കിയാല് ഈ കുടുംബങ്ങള്‍ക്ക് വീട് നിര്മ്മിച്ചുനല്കാന് തയ്യാറാണെന്ന് പൊലീസും ചെങ്ങരൂര്‍ സ്കൂള്‍ അധികൃതരും യോഗത്തില്‍ സന്നദ്ധത അറിയിച്ചു.
തിരുവല്ല ഗവ. ആശുപത്രിയില്‍ പൊലീസ് സര്‍ജനെ അടിയന്തിരമായി നിയമിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുണ്ടായി. നിലവില്‍ പൊലീസ് സര്ജന് ഇല്ലാത്തതിനാല്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലാണ് പോകുന്നത്. തിരുവല്ല കൃഷി ഓഫിസിന്റെ ശോച്യാവസ്ഥകള്‍ കണക്കിലെടുത്ത് പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കൃഷി വകുപ്പ് ഡയറക്ടര്‍ ആവശ്യപ്പെട്ടു.
റോഡുകളില്‍ രൂപപ്പെട്ടിട്ടുള്ള മഴക്കുഴികള്‍ അടയ്ക്കാനും ഓടകള്‍ വൃത്തിയാക്കാനും അടിയന്തിര നടപടി സ്വീകരിക്കണമെന്നും ആവശ്യമുണ്ടായി. ബി.പി.എല്‍ ലിസ്റ്റിലെ അനര്‍ഹരെ കണ്ടെത്തി ഒഴിവാക്കുന്നതിന് മൂന്നു കൗണ്ടറുകള്‍ ഉള്‍പ്പെടുത്തി രണ്ടു സെന്ററുകളില്‍ അദാലത്ത് ഉടന്‍ സംഘടിപ്പിക്കും. നഗരസഭാ ചെയര്മാന് കെ.വി.വര്‍ഗീസ് അധ്യക്ഷത വഹിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: