മുത്തച്ഛന് പകര്‍ന്ന് നല്കിയ കൃഷി പാഠങ്ങള്‍ ആദ്യ അറിവ്. ചെറുപ്പത്തില്‍ മൊട്ടിട്ട ഈ താല്പര്യം അവറാച്ചനൊപ്പം വളര്‍ന്നു. ഡിഗ്രി പൂര്‍ത്തിയാകിയ ശേഷം കൃഷിയിലേക്ക് തിരിയാന്‍ മനസ്സ് ആഗ്രഹിച്ചു. ആഗ്രഹമറിഞ്ഞപ്പോള്‍ പലരും പിന്തിരിപ്പിച്ചു.
കൃഷിയുമായി നടന്നാല്‍ പെണ്ണ് കിട്ടില്ല എന്ന് വരെയായി അഭിപ്രായങ്ങള്‍. ഒടുവില്‍ നിര്‍ബന്ധത്തിന് വഴങ്ങി എംബിഎ പഠനത്തിന് പോയി. അപ്പോഴും വീട്ടില്‍ നിന്ന് പോയി വരാന്‍ കഴിയുന്ന കോളേജ് അവിരാച്ചന് തിരഞ്ഞെടുത്തു.
കോളേജ് വിട്ടെത്തിയ ശേഷം ബാക്കി സമയം കൃഷിയിടത്തില്‍ ചെലവഴിച്ചു. എംബിഎ പഠനവും പൂര്‍ത്തിയായ ശേഷം പിന്നീട് മറ്റൊന്നു ആലോചിച്ചില്ല. ജോലി വേണ്ട കൃഷി മതി എന്ന തീരുമാനമെടുത്തു. കര്‍ഷകരായ മാതാപിതാക്കളുടെ പിന്തുണ മാത്രമായിരുന്നു ഏക പ്രതീക്ഷ.
മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ ചേന്നാട് ഐക്കര വീടൊരു സ്വര്‍ഗ്ഗമാണ്.
അവറാച്ചന്റെ മണ്ണില്‍ പണികഴിപ്പിച്ച സ്വര്‍ഗ്ഗം. 13 ഏക്കറിലായി 10ലധികം കൃഷികളാണ് ഇവിടുള്ളത്. സീസണില്‍ വീടിന് സമീപമുള്ള ഗ്രാമ്പു മരങ്ങളുടെ സുഗന്ധം വീട്ടിലെത്തുന്നവ അതിഥികള്‍ക്ക് സ്വീകരണം നല്‍കും. പേര, റബര്‍, തെങ്ങ് കൊക്കോ, ജാതി, കശുമാവ്, തെങ്ങ്, കവുങ്ങ്, വാഴ എന്നിവയെല്ലാം ചേര്‍ന്നുള്ള കാര്‍ഷിക തോട്ടമാണ് പരിസരത്തുള്ളത്. റോബസ്റ്റ, അറബിക്കാ ഇനത്തില്‍പ്പെട്ട കാപ്പിയും പുരയിടത്തെ ആകര്‍ഷകമാക്കുന്നു.
പ്രധാന കൃഷികളിലൊന്നായ ഗ്രാമ്പുവിന്റെ 40 മരങ്ങളാണ് പുരയിടത്തിലുള്ളത്. ഒരുവര്‍ഷം ശരാശരി 100 കിലോയാണ് വിളവ്. ഇതിനായി പ്രത്യേക വളപ്രയോഗമില്ല. സ്പൈസസ് ബോര്‍ഡിന്റെ കൊച്ചിയിലെ കേന്ദ്ര ഓഫീസിലാണ് വില്‍പ്പന. ശബരിമല സീസണിലാണ് കച്ചവടം അധികവും നടക്കുന്നത്.
വിളവെടുപ്പും സ്വയം നടത്തുന്നതിനാല്‍ കിട്ടുന്നത് ലാഭമാണെന്നാണ് അവിരാച്ചന്റെ പക്ഷം. പിന്നെയുള്ളത് മൂന്നു തരം കുരുമുളകിന്റെ കൃഷിയാണ്. കരിമുണ്ട എന്ന ഇനമാണ് കൂട്ടത്തില്‍ ഏറെയുമുള്ളത്. വര്‍ഷത്തിലൊരിക്കല്‍ ചാണകം മാത്രമാണ് വളം. 500 കിലോ കുരുമുളകാണ് ഒരു വര്‍ഷം ശരാശരി ലഭിക്കുന്നത്.
ഇതിനൊക്കെ പുറമേ 15 അടി നീളവും 13 അടി വീതിയുമുള്ള വീട്ടുമുറ്റത്തെ ജലസംഭരണിയില്‍ ജയന്റ് ഗൗരാമി മത്സ്യത്തെ വളര്‍ത്തുന്നുണ്ട്. ചേമ്പിലയാണ് ഇവയുടെ മുഖ്യഭക്ഷണം. 10 കിലോയിലധികം തൂക്കംവരുന്ന രുചിയേറിയ രോഗങ്ങളധികമില്ലാത്ത ഇനമാണിത്.
വീട്ടാവശ്യത്തിനെടുക്കുന്നതിനൊപ്പം ആവശ്യക്കാര്‍ക്കും നല്‍കുന്നുണ്ട്. കുളത്തിനു സമീപത്തെ കൂടുകളില്‍ വിവിധ ഇനം നാടന്‍ മുയലുകളെയും വളര്‍ത്തുന്നുണ്ട്. പുരയിടത്തിലെ വ്യത്യസ്തമായ ഇലകളാണ് ഇവയുടെ ഭക്ഷണം. വീടിനു സമീപത്തെ ഷെഡ്ഡുകളിലും മറ്റും തൂക്കിയിട്ടിരിക്കുന്ന കുടങ്ങളിലും, പെട്ടികളിലും തേനീച്ച കൃഷിയുമുണ്ട്.
വര്‍ഷം 25 കിലോ ചെറുതേന്‍ ഇതില്‍ നിന്നും ലഭിക്കുന്നു. ഒരു കുപ്പിക്ക് 2000 രൂപ നിരക്കിലാണ് വില്പന. പുരയിടത്തിലെ മാങ്ങ, കപ്പ, ചേമ്പ്, ചേന, കാച്ചില്, ചെറുകിഴങ്ങ് എന്നിവയെല്ലാം സമൃദ്ധമായ വിളവു നല്കുന്നു. മുരിങ്ങ, മുട്ടച്ചീര, ചുവന്നചീര, പയര്‍, പാവയ്ക്ക, വഴുതന തുടങ്ങി വിവിധതരം പച്ചക്കറികളും ജൈവരീതിയില്‍ വിളയിക്കുന്നുണ്ട്. ഇതിനൊപ്പം മുഴുത്ത കശുവണ്ടി ലഭിക്കുന്ന നാടന്‍ കശുമാവുമുണ്ട്.
സ്വന്തം പുരയിടത്തിലെ കൃഷിക്ക് പുറമേ കട്ടപ്പന നെടുങ്കണ്ടം കല്‍കൂന്തലിലെ 15 ഏക്കര്‍ ഏലത്തോട്ടത്തിലും അവിരാച്ചന് കൈയൊപ്പുണ്ട്. ഏലം റീപ്ലാന്റ്ചെയ്യുന്നതിനൊപ്പം മാലിമുളകും നട്ടിട്ടുണ്ട്. മുളകുപൊടിക്ക് എരിവുകൂട്ടാനായി ഉപയോഗിക്കുന്നവയാണിവ. 75 തൈകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ വച്ചു. ആഴ്ചയില്‍ 10 കിലോ മുളകു ലഭിക്കുന്നു.
കിലോയ്ക്ക് 240 രൂപ വരെയാണ് വില. ഇവയ്ക്ക് പ്രത്യേക വളപ്രയോഗമോ പരിചരണമോ ആവശ്യമില്ല. നാല് ഏലച്ചുവടുകള്‍ക്ക് നടുവില്‍ ഒന്നെന്ന രീതിയിലാണ് മാലിമുളക് നട്ടത്. ഏലത്തോട്ടങ്ങള്‍ക്കു നടുവിലുള്ള പാഴ്മരങ്ങളില്‍ പടര്‍ത്തിയിരിക്കുന്ന കുരുമുളകും മികച്ച വിളവു നല്കുന്നു.
ഏലംകൃഷിക്കു വരുന്ന ചെലവ് കുരുമുളകില്‍ നിന്നു ലഭിക്കുന്നുണ്ടെന്ന് അവിരാച്ചന് പറയുന്നു. തോട്ടത്തിലെ നാലുകുളങ്ങളിലും ജലം സമൃദ്ധമായതിനാല്‍ വേനല്‍ക്കാലത്തും കൃഷി സുഗമമായി നടത്താന്‍ കഴിയുന്നുണ്ട്. അവറാച്ചന് വീട്ടിലെ കൃഷി നോക്കുന്ന സമയങ്ങളില്‍ 100 കിലോമീറ്റര്‍ അകലെയുള്ള കല്‍കൂന്തലിലെ ഏലത്തോട്ടത്തിന്റെ മേല്‍നോട്ടം അച്ഛനായ തോമസ് എബ്രഹാമിനാണ്.
എംബിഎയ്ക്ക് ശേഷവും കൃഷിയുമായി ഉപജീവനം നടത്തുന്ന 27 വയസ്സുകാരനായ അവിരാച്ചന്റെ വാക്കുകള്‍ : നമ്മുടെ കാര്യം നമ്മുക്ക് തന്നെ തീരുമാനിക്കാം എന്നതാണ് കൃഷിയിലൂടെ കിട്ടിയ ഏറ്റവും വലിയ ആത്മസംതൃപ്തി. മനഃസുഖം വേണ്ടുവോളമുണ്ട്. വൈകിട്ട് കട്ടിലില്‍ കിടന്ന് സുഖമായി ഉറങ്ങാം, യാതൊരുവിധ ടൈന്‍ഷനുമില്ലാതെ. ജീവിക്കാനുള്ള വരുമാനവും കൃഷിയില്‍ നിന്നും ലഭിക്കുന്നുണ്ട്. കൃഷിക്ക് പുറമേ സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതിയും ചെറിയ രീതിയില്‍ അവിരാച്ചന് ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: