അങ്കമാലി ഡയറീസിന് ശേഷം മലയാള സിനിമയില്‍ വീണ്ടുമൊരു അങ്കമാലി കഥ. സംവിധാനം ചെയ്യുന്നത് ഒരു അങ്കമാലിക്കാരനും. അങ്കമാലി കിടങ്ങൂര്‍ സ്വദേശി നവാഗതനായ മനോജ് വര്‍ഗീസ് പാറേക്കാട്ടിലാണ് ‘ക്യൂബന്‍ കോളനി’ എന്ന പേരില്‍ അങ്കമാലി പശ്ചാത്തലത്തില്‍ ചിത്രം സംവിധാനം ചെയ്യുന്നത്. സൗഹൃദത്തിനൊപ്പം പ്രണയവും കോമഡിയും മേമ്പടിയായി ത്രസിപ്പിക്കുന്ന രംഗങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ചിത്രം.
നൂറിലേറെ പുതുമുഖങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. അഞ്ചുപേരുടെ സൗഹൃദത്തില്‍ നിന്നാണ് ചിത്രം തുടങ്ങുന്നത്. ക്യൂബന്‍ കോളനിയിലെ വിശേഷങ്ങളുമായി സംവിധായകന് മനോജ് വര്‍ഗീസ് പാറേക്കാട്ടില്‍.
എംബിഎ പഠനത്തിനുശേഷം ബാങ്കില്‍ ജോലി ചെയ്തുകൊണ്ടിരുന്നപ്പോഴാണ് സിനിമ സംവിധാനം എന്ന സ്വപ്നവുമായി ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊച്ചിയിലെ നിയോ ഫിലിം സ്കൂളില്‍ ചേര്‍ന്നത്. പഠനത്തിനുശേഷം ‘ഇതിഹാസ’ എന്ന ചിത്രത്തില്‍ സഹസംവിധായകനായി അരങ്ങേറ്റം.
അതിനുശേഷം ക്യൂബന്‍ കോളനിയുടെ പണിപ്പുരയിലേയ്ക്ക് തിരിഞ്ഞു. നീണ്ട 4 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ചിത്രം ഈ മാസം 21 ന് ആരംഭിയ്ക്കും. സ്വന്തം തിരക്കഥയില്‍ തന്നെയാകണം ആദ്യ സിനിമ സംവിധാനം ചെയ്യുകയുള്ളൂ എന്ന സ്വപ്നവും ഇതോടെ സഫലീകരിക്കപ്പെടുകയാണ്.
പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും മനോജിന്റേതാണ്. 35 ദിവസമാണ് ഷൂട്ടിംങ്. അങ്കമാലിയും പരിസരപ്രദേശങ്ങളുമാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. 17ന് അങ്കമാലി കാര്‍ണിവെല്ലില്‍ ചിത്രത്തിന്റെ പൂജാച്ചടങ്ങുകള്‍ നടക്കും.
‘ക്യൂബന്‍ കോളനി’ അഞ്ച് ചെറുപ്പക്കാരായ സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്. അവരുടെ കൂട്ടുകെട്ടും യാത്രകളും ചെറിയ ചെറിയ വഴക്കുകളും പ്രണയവും ഒക്കെയുള്ളതാണ് ഈ കോളനി. അങ്കമാലി ഡയറീസിലേതിനേക്കാളും കൂടുതല്‍ പുതുമുഖങ്ങള്‍ ഈ സിനിമയിലുണ്ട്.
നൂറ്റമ്പതോളം പുതുമുഖങ്ങളാണ് അഭിനയിക്കുന്നത്. പുതുമുഖങ്ങളെ അണിനിരത്തി സിനിമയെടുത്താല്‍ ജനം സ്വീകരിക്കുന്നമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് അങ്കമാലി ഡയറീസിന്റെ വിജയം. ഈ വിജയം ക്യൂബന്‍ കോളനിക്ക് ഊര്‍ജ്ജമേകിയിട്ടുണ്ട്.
അഭിനേതാക്കളെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം കണ്ട് എത്തിയവരാണ് എല്ലാവരും. നിരവധി സ്ക്രീനിങിന് ശേഷമാണ് അഭിനേതാക്കളെ തിരഞ്ഞെടുത്തത്. നിയോ ഫിലിം സ്കൂളിലെ ആക്ടിംങ് വിഭാഗത്തില്‍ അദ്ധ്യാപകനായിരുന്ന വിമല്‍ സാറാണ് അഭിനേതാക്കള്‍ക്ക് പരിശീലനം നല്‍കിയത്. അദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ കാസ്റ്റിംങ് ഡയറക്ടറും.
ആദ്യ അഞ്ച് ദിവസം 109 പേര്‍ക്കും പരിശീലനം നല്‍കിയിരുന്നു. പിന്നീടുള്ള അഞ്ച് ദിവസം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവര്‍ക്ക് മാത്രമായി തീവ്രപരിശീലനവും നല്‍കിയിരുന്നു. പുതുമുഖങ്ങളായതുകൊണ്ട്, ക്യൂബന്‍ കോളനിയിലെ കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും അനുസരിച്ച് അവരെ രൂപപ്പെടുത്തിയെടുക്കാനായി.
കൂടാതെ ഒട്ടനവധിപേര്‍ക്ക് അവസരം നല്‍കാനായതും സന്തോഷം നല്കുന്ന ഒന്നാണ്. ഹാലി ആന്‍ഡ് ഗ്രൂപ്പ് പ്രൊഡക്ഷന്‍ ഹൗസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ക്യാമറ സിനോജ് പി. അയ്യപ്പന്, എഡിറ്റിങ്ജോവിന്‍ ജോണ്‍, സംഗീതം അലോഷ്യ കാവുമ്പുറത്ത്, ഗാനരചന ഹരിനാരായണന്, ഗായകര്‍ ശ്വേത മോഹന്‍, യാസിന് നിസാര്‍, നരിഞ്ജ്.
വളരെ ചെറിയകാലം കൊണ്ട് നിരവധി അവാര്‍ഡുകളും മനോജിനെ തേടിയെത്തിയിട്ടുണ്ട്. മനോജ് സംവിധാനം ചെയത രണ്ട് ഹ്രസ്വചിത്രങ്ങള്‍ 49 അവാര്‍ഡുകളാണ് നേടിയെടുത്തത്. ‘ദി ഫെയ്സ്ലെസ് മെന്‍’ അഭിനേതാക്കളുടെ മുഖം കാണിക്കാതെ കാല്പാദങ്ങള് മാത്രമാണ് ചിത്രത്തില്‍ മുഴുനീളം കാണിക്കുന്നത്.
ഈ ചിത്രത്തിന് 26 അവാര്‍ഡുകള്‍ ലഭിച്ചു. രണ്ടാമത്തെ ചിത്രമാണ് ‘അഗാപെ’. ഓട്ടിസം ബാധിച്ച രണ്ട് കുട്ടികള്‍ തമ്മിലുള്ള സൗഹൃദമാണ് ചിത്രത്തിന്റെ പ്രമേയം. ഈ ചിത്രത്തിന് 23 അവാര്‍ഡുകളും ലഭിച്ചു.നിരവധി പരസ്യചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.
അങ്കമാലി കിടങ്ങൂരാണ് സ്വദേശം. അച്ഛന് വര്‍ഗീസ്, അമ്മ ആനി. ഭാര്യ നെല്‍ബി റിയാദില്‍ ഡിഫന്‍സില്‍ നഴ്സായി ജോലിചെയ്യുകയാണ്.
മനോജിന്റെ വാക്കുകള്‍ കടമെടുത്ത്പറഞ്ഞാല്‍ ”സിനിമാ ജീവിതത്തില്‍ കട്ടസപ്പോര്‍ട്ടാണ് നെല്‍ബി. അതുകൊണ്ട് മാത്രമാണ് പിടിച്ചുനില്‍ക്കുന്നത്”. പിന്നെയുള്ളത് എന്ത് സഹായത്തിനും ഒപ്പമുള്ള ഒരുകൂട്ടം സുഹൃത്തുക്കളുമാണെന്ന് മനോജ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: