‘ഈ ബെയ്ലിപ്പാലം ഉണ്ടായിരുന്നില്ലെങ്കില്‍ മഹായുദ്ധത്തില്‍ നാം ദയനീയമായി പരാജയപ്പെട്ടേനെ. ഇറ്റലിയിലും ഫ്രാന്‍സിലും വടക്കുപടിഞ്ഞാറന്‍ യൂറോപ്പിലുമൊക്കെ സഖ്യകക്ഷി സൈന്യത്തിന് ജയം നേടിത്തന്നത് ഈ പാലമായിരുന്നു..’ ഇത് പറഞ്ഞത് രണ്ടാം ലോക മഹായുദ്ധത്തിലെ വീരനായകന് ഫീല്‍ഡ് മാര്‍ഷല്‍ മൗണ്ട് ഗോമറി.
രണ്ടാംലോക മഹായുദ്ധം ലോകത്തിനു സമ്മാനിച്ച മഹത്തായ മൂന്ന് സമ്മാനങ്ങളിലൊന്നാണ് ബെയ്ലിപ്പാലമെന്നു പറഞ്ഞത് സഖ്യകക്ഷികളുടെ കമാന്റര്‍ ജനറല്‍ വെയിറ്റ് ഡി ഐസനോവര്‍. റഡാറും ഹെവിബോംബര്‍ വിമാനവുമായിരുന്നുവത്രെ മറ്റ് രണ്ട് സമ്മാനങ്ങള്‍.
നാം മലയാളികള്‍ക്ക് ചിരപരിചിതമായ നാമമാണ് ബെയ്ലി ബ്രിഡ്ജ്.
കരാറുകാര്‍ തട്ടിക്കൂട്ടിയുണ്ടാക്കുന്ന പഞ്ചവടിപ്പാലങ്ങള്‍ പഞ്ചര്വീണ് മൂക്കുകുത്തുമ്പോള്‍ നാട്ടുകാര്‍ മുറവിളികൂട്ടുന്നത് ബെയ്ലിപ്പാലത്തിനുവേണ്ടിയാണ്. എന്താണ് ബെയ്ലിയുടെ പ്രത്യേകത. ഒന്ന് പാലം പണിതീരുന്നതിലെ അതിവേഗം തന്നെ.
സാധാരണ പാലം പണിക്ക് മാസങ്ങളും വര്‍ഷങ്ങളുമെടുക്കുമ്പോള്‍ ബെയ്ലിയുടെ പണിതീരാന്‍ വേണ്ടത് കേവലം മണിക്കൂറുകള്‍. ആകെ വേണ്ടത് ഇരുകരകളിലും ശക്തമായ അടിത്തറമാത്രം. നേരത്തെ ഉണ്ടാക്കിവച്ച (പ്രി-ഫാബ്രിക്കേറ്റഡ്) ഇരുമ്പ് പലകകളും കൈവരികളും ആണിയുറപ്പിച്ച് കൂട്ടിപ്പിടിപ്പിച്ചാല്‍ മാത്രം മതി.
നമ്മുടെ നാട്ടില്‍ കരസേനയാണ് ബെയ്ലിപാലം പണിയിലെ മിടുക്കന്മാര്. കേരളത്തില്‍ ആദ്യത്തെ പാലം അവര്‍ പണിതീര്‍ത്തത് പത്തനംതിട്ടയിലെ റാന്നിയില്‍. നിലവിലുള്ള റാന്നിപ്പാലം തകര്‍ന്നുവീണപ്പോള്‍ 1996 ജൂലൈ 29 ന് തുറന്നുകൊടുത്ത റാന്നിയിലെ ബെയ്ലിപ്പാലം നാട്ടാരുപയോഗിച്ചത് 790 ദിവസം.
2001 നവംബര്‍ ഏഴിന് ശബരിമല സന്നിധാനത്തിലും ബെയ്ലിപ്പാലം ശരണവഴിയൊരുക്കി. ഏറ്റവുമൊടുവില്‍ എം.സി. റോഡില്‍ കല്ലടയാറിനു കുറുകെയുള്ള ഏനാത്ത് പാലവും. 55 മീറ്റര്‍ നീളവും മൂന്നര മീറ്റര്‍ വീതിയുമുള്ള ഏനാത്ത് പാലം ഉറപ്പിക്കാന്‍ കരസേനയിലെ എഞ്ചിനീയര്‍മാര്‍ക്ക് വേണ്ടിവന്നത് കേവലം 23 മണിക്കൂര്‍ മാത്രം. അത്ഭുതം.
ബെയ്ലിപ്പാലത്തെ എഞ്ചിനീയറിംഗിലെ അത്ഭുതമെന്നു കൊണ്ടാടുന്നവരാരും പാവം ബെയ്ലി സായ്പിനെ ഓര്‍ക്കാറില്ല. ബെയ്ലി എന്നത് ഒരു സാങ്കേതിക വിദ്യയുടെ പേരാണെന്നു കരുതുന്നവരും കുറവല്ല. ബെയ്ലിപ്പാലത്തിന്റെ ഉപജ്ഞാതാവായ സാക്ഷാല്‍ സര് ഡൊണാള്‍ഡ് കോള്മാന് ബെയ്ലി ജനിച്ചത് 1901 സെപ്തംബര്‍ 15 ന്.
യോര്‍ക്ക്ഷെയറിലെ റോട്ടര്‍ഡാം സ്വദേശി. ഷെഫീല്‍ഡ് യൂണിവേഴ്സിറ്റി എഞ്ചിനീയറിംഗ് സ്കൂളിലായിരുന്നു പഠനം. തുടക്കത്തില്‍ ബ്രിട്ടീഷ് സപ്ലൈ വകുപ്പിലും തുടര്‍ന്ന് എക്സ്പിരിമെന്റല്‍ ബ്രിഡ്ജ് എസ്റ്റാബ്ലിഷ്മെന്റിലും ജോലി.
അങ്ങനെയിരിക്കെ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. ജപ്പാന് വ്യോമസേനയുടെ കനത്ത ബോംബുവര്‍ഷത്തില്‍ സഖ്യസേനയുടെ മുന്നേറ്റം പതറി. റോഡുകളും പാലങ്ങളും തകര്‍ന്നടിഞ്ഞു. അവ പണിയാന്‍ മാസങ്ങള്‍ വേണം. ആഴമേറിയ നദികളുടെ തീരത്തും പര്‍വ്വത ഗഹ്വരങ്ങളിലും ബ്രിട്ടീഷ് സൈന്യം ഇതികര്‍ത്തവ്യതാമൂഢരായി നിന്നു.
പണിയാന്‍ ശ്രമിച്ച സ്ഥലങ്ങളില്‍ കനത്ത ഷെല്‍ വര്‍ഷം നടത്താനും ജാപ്പ് ജര്‍മ്മന്‍ കൂട്ടുകെട്ട് മടിച്ചില്ല. യാത്ര തടസ്സപ്പെട്ടതോടെ 32 ഉം 35 ഉം ടണ്‍ ഭാരം വരുന്ന പടുകൂറ്റന്‍ പാറ്റന്‍ ടാങ്കുകളും പീരങ്കികളുമൊക്കെ വെറുതെ കിടന്ന അവസ്ഥ. മിലിറ്ററി പാലം നിര്‍മ്മാണയൂണിറ്റില്‍ ബെയ്ലി സായ്പിന് ഈ സാഹചര്യം ഒരു വെല്ലുവിളിയായാണ് അനുഭവപ്പെട്ടത്.
കുട്ടിക്കാലത്ത് പാലത്തിന്റെ മോഡലുകള്‍ രൂപകല്പന ചെയ്ത ഓര്‍മ്മ അദ്ദേഹത്തിന്റെ ചിന്തയിലേക്ക് ഇരമ്പിയെത്തി. വെറുതെ കിടന്ന ഇരുമ്പ് കമ്പിയും തടിക്കഷ്ണവും ആണിയും ചണച്ചരടുമൊക്കെക്കൊണ്ട് താനുണ്ടാക്കിയ അസംഖ്യം മോഡലുകള്‍ അദ്ദേഹം സ്മരിച്ചു. അങ്ങിനെയൊരുന്നാള് പെട്ടെന്നു കിട്ടിയ ആശയമാണ് എടുത്തുവയ്ക്കാവുന്ന പാലങ്ങള്‍.
അതിന്റെ ആദ്യ രൂപരേഖ (സ്കെച്ച്) ബെയ്ലി വരച്ചു വച്ചതാവട്ടെ, ഉപയോഗിച്ച് കളഞ്ഞ ഒരു പോസ്റ്റ് കവറിന്റെ മേല്‍. അങ്ങിനെ രണ്ടാം ലോകമഹായുദ്ധത്തിന്റെ വിധിമാറ്റിക്കുറിച്ച കണ്ടുപിടുത്തം അവിടെ പിറന്നു വീണു. ഏത് പുഴയോരത്തും കിടങ്ങിലും ലോറിയില്‍ പാഞ്ഞെത്തുന്ന കനം കുറഞ്ഞ ഇരുമ്പുപാളികള്‍ പാലമൊരുക്കി.
1941-45 കാലഘട്ടത്തില്‍ 490000 ടണ്‍ ബെയ്ലിപ്പാല വസ്തുക്കളാണ് നിര്‍മ്മിച്ചതെന്ന് സഖ്യ കക്ഷികളുടെ കണക്കുകള്‍ പറയുന്നു. അവ ഉപയോഗിച്ച് 320 കിലോമീറ്റര്‍ ദൂരം ബെയ്ലിപ്പാലമുണ്ടാക്കിയത്രെ.
ബെയ്ലിപ്പാലത്തെ തുടക്കത്തില്‍ അവിശ്വസിച്ചവര്‍ ഏറെ. ലോറി നിറയെ ഇരുമ്പ് പാളികളും കൂട്ടിപ്പിടിക്കാന്‍ ആണികളും കപ്പിയും കയറും ഒപ്പം ഒരു യൂസേഴ്സ് മാന്വലുമാണ് അവര്‍ക്കരികിലേക്ക് ആദ്യമെത്തിയത്. ആദ്യഘട്ടത്തില്‍ ബെയ്ലി സായ്പുതന്നെ നേതൃത്വം നല്കി. തലയില്‍ ഒതുക്കമുള്ള വട്ടത്തൊപ്പിയും ക്ലീന്‍ ഷേവ് ചെയ്ത മുഖത്ത് വട്ടക്കണ്ണടയും വായില്‍ സദാപുകയുന്ന പൈപ്പുമായി പണിക്കാര്‍ക്കൊപ്പം നിന്ന ബെയ്ലിയുടെ ചിത്രം ചരിത്രത്തിന്റെ ഭാഗമായി.
തന്റെ കണ്ടുപിടുത്തത്തിന് ബെയ്ലിയെത്തേടി ഒട്ടേറെ അംഗീകാരങ്ങളെത്തി. പക്ഷേ, അദ്ദേഹത്തെ അഹങ്കാരിയാക്കിയില്ല. ‘ഞാന്‍ വെറുമൊരു സിവില്‍ എഞ്ചിനീയറാണ്. പാലവും പാലം പണിയുമൊക്കെ എന്റെ ജോലിയുടെ ഭാഗം മാത്രം’ ബെയ്ലി പറഞ്ഞു.
1985 മെയ് അഞ്ചിനായിരുന്നു ചരിത്രം തിരുത്തിയ ആ സിവില്‍ എഞ്ചിനീയറുടെ അന്ത്യം. അപ്പോഴേക്കും ലോകമെങ്ങും ബെയ്ലിപ്പാലങ്ങള് പ്രചരിച്ചു കഴിഞ്ഞിരുന്നു. യുദ്ധത്തിലും സമാധാനത്തിലും അവ ജനനന്മയുടെ സൂചകങ്ങളായി. അദ്ദേഹത്തിന്റെ സ്മരണയ്ക്കുമുന്നില്‍ നമുക്കുമര്പ്പിക്കാം. സ്മരണാഞ്ജലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: