പഴയ കാലമാണ്. പത്തു കഴിയുമ്പോള്‍ കുട്ടികളെ നാലുവര്‍ണങ്ങളായി വിഭജിച്ച് പ്രീഡിഗ്രിയിലേക്ക് നട തള്ളുന്ന കാലം. ക്യാമ്പസിലെ ഓരോ മൂലയിലും വിടര്ണ്ണ കണ്ണുകളാണ്. ഓരോ കണ്ണിലും വിസ്മയങ്ങളുടെ വിബ്ജിയോര്‍. പ്രണയം ഏഴു വര്‍ണ്ണങ്ങളായി പ്രിസത്തിലൂടെ അരിച്ചിറങ്ങുന്നു.
യൂണിഫോമില്നിന്നുള്ള മോചനം യൂണിഫോം സിവില്‍കോഡില്‍ നിന്നുള്ള മോചനംകൂടിയാണ്. ഓരോരുത്തരും ഓരോ റിപ്പബ്ലിക്കായി ഓരോ പതാകകള്‍ വഹിക്കുന്നു.
കെമിസ്ട്രി ലാബും ലൈബ്രറിയും അടുത്തടുത്താണ്. ലാബില്‍ ആല്‍ക്കലിയുടെ ഗന്ധം. ലൈബ്രറിയില്‍ കവിതയുടെ ഗന്ധം.
ഗാഢമായ സള്‍ഫ്യൂരിക്കാസിഡ് പോലെയാണ് ചുള്ളിക്കാടിന്റെ കവിത എന്നു പറഞ്ഞത്, മൂക്കിനു മുകളില്‍ വലിയ കണ്ണടവച്ച്, കണ്ണടക്ക് മുകളിലൂടെ നോക്കിയിരുന്ന പെണ്‍കുട്ടിയാണ്. അവളുടെ മൂക്കു വിയര്‍ത്തിരുന്നു. വിയര്പ്പിന് കളഭത്തിന്റെ ഗന്ധം. അതോ ഗന്ധകത്തിന്റെയോ.
എല്ലാവരും തീപിടിക്കുന്ന കാലം കൂടിയായിരുന്നല്ലോ അത്.
ആദിത്യനും രാധയും മറ്റു ചിലരും നോവലായ് തീപിടിപ്പിക്കുന്നു. കവിതയില്‍ ആ ദൗത്യം ബാലചന്ദ്രന് ചുള്ളിക്കാടിനായിരുന്നു. വല്ലപ്പോഴും മാത്രം വരുന്ന ചാവേറിനെപ്പോലെ ആ കവിതകള്‍ അരയിലെ ബെല്‍റ്റ് ബോംബുകള്‍ പൊട്ടിത്തെറിപ്പിച്ച് രക്തസാക്ഷിത്വം വരിക്കുന്നു.
പെണ്‍കുട്ടിക്ക് ചുള്ളിക്കാടിന്റെ സന്ദര്‍ശനമായിരുന്നു ഏറ്റവും ഇഷ്ടം. കെമിസ്ട്രി ലാബിലെ ഏകാന്തതയില്‍ പ്രാക്ടിക്കലിന്റെ ഇടവേളയില്‍ അവള് പതിഞ്ഞ സ്വരത്തില്‍ ആ കവിത ആലപിച്ചു.
”അധിക നേരമായ് സന്ദര്‍ശകര്‍ക്കുള്ള/മുറിയില്‍
മൗനം കുടിച്ചിരിക്കുന്നു നാം”
കഥകള്‍ മാത്രമിഷ്ടപ്പെട്ടിരുന്ന ഒരാള്‍ കവിതയിലേക്ക് മതപരിവര്‍ത്തനം നടത്തിയ വേളയായിരുന്നു അത്. തുടര്‍ന്ന് അവള് ചുള്ളിക്കാടിന്റെ കവിതകളുടെ കോപ്പി നീട്ടുന്നു. യാത്രാമൊഴി ഇടിമുഴക്കമാണ്. ആനന്ദധാര പ്രണയത്തിന്റെ രക്തപുഷ്പം…. ചുള്ളിക്കാടിന്റെ കവിതകള്‍ വായിക്കാത്ത ഒരു സര്‍ഗാത്മക പ്രാണനും കേരളത്തെ കടന്നുപോയിട്ടില്ല എന്നവള്‍ പറഞ്ഞു.
കവിത ഒരു കോട്ടയാണെങ്കില്‍ ആ കോട്ടയിലെ ഏകാധിപതിയായ രാവണനാണ് ചുള്ളിക്കാട്. ഈ രാവണനെ തോല്‍പ്പിക്കാന്‍ ഒരു രാമനും ജനിച്ചിട്ടില്ല. ഇനി ജനിക്കുകയുമില്ല.
ഇലക്ഷന് കാലത്ത് വോട്ടു പിടിക്കാന്‍ വന്ന താടിവച്ച ആര്‍ട്ട്സ് ക്ലബ് സെക്രട്ടറി സ്ഥാനാര്ത്ഥിയെക്കൊണ്ടവള് ക്ഷാമപണം എന്ന കവിത ചൊല്ലിച്ചു.
”മാപ്പു ചോദിപ്പു
വിഷം കുടിച്ചിന്നലെ
രാത്രിതന്‍ സംഗീതശാലയില്‍
മണ്ണിന്റെ ചോര നാറുന്ന കറുത്ത നിഴലായ്
ജീവനെ,
ഞാന്‍ നിന്നരികിലിരുന്നുവോ?”
അന്നാ കവിത എഴുതാനിടയായ സാഹചര്യം മനോരമ ആഴ്ചപ്പതിപ്പില്‍ കവി എഴുതിയിരുന്നു. തിരുവനന്തപുരം യാത്രയും, ഗസല്‍സന്ധ്യയും, കാമുകിയും മദ്യപാനിയായ കവി സുഹൃത്തും.
”നിന്റെ ഗന്ധര്‍വ്വന്റെ സന്തൂരിതന്‍ ശതതന്ത്രികള്‍
നിന് ജീവതന്തുക്കളായ് വിറകൊണ്ട്
സഹസ്രസ്വരോല്‍ക്കരം ചിന്തുന്ന
സംഗീതശാല തന് വാതിലിലിന്നലെ
എന്റെ തിരസ്കൃതമാം ഹൃദയത്തിന്റെ
അന്ധശബ്ദം തലതല്ലി വിളിച്ചുവോ?”
അവളുടെ കണ്ണുകള്‍ നീരണിയുന്നു. അവള് ആ സ്ഥാനാര്‍ത്ഥിയെ പ്രേമിക്കാന്‍ തുടങ്ങുമോ? എന്റെ ഹൃദയത്തിന്റെ ശബ്ദം ഒട്ടും കുലീനമല്ലാതെ താളം തെറ്റുന്നു. ഒന്നും സംഭവിച്ചില്ല. അവള് താടിക്കാരന് വോട്ടുചെയ്തത് പോലുമില്ല.
”അയാള്‍ക്ക് നന്നായി കവിത ചൊല്ലാന്‍ അറിയില്ല.”
”അപ്പോള്‍ കരഞ്ഞതോ?”
”ചുള്ളിക്കാടിന്റെ കവിത എത്ര മോശമായിട്ടാരു ചൊല്ലിയാലും എന്റെ കണ്ണുനിറയും.”
പിറ്റേക്കൊല്ലം അവള് മത്സരിച്ചു. ഭംഗിയായി തോറ്റു. കവിതയെ ഇഷ്ടപ്പെടുന്ന അവളെ ഇഷ്ടപ്പെടാന്‍ മാത്രം സഹൃദയരായിരുന്നില്ല കുട്ടികള്‍.
പ്രീഡിഗ്രി കഴിഞ്ഞ് പിരിയുന്നതിന് തൊട്ടുമുമ്പ് അവള് സന്ദര്‍ശനം ഒരിക്കല്‍ക്കൂടി ചൊല്ലി.
ചിറകു പൂട്ടുവാന്‍ കൂട്ടിലേക്കോര്മ്മതന്
കിളികളൊക്കെപ്പറന്നുപോവുന്നതും
ഒരു നിമിഷം മറന്നു പരസ്പരം മിഴികളില്‍ നമ്മള്
നഷ്ടപ്പെടുന്നുവോ?
ഇനി പരസ്പരം കാണില്ല എന്നവള്‍ തീര്‍ത്തുപറഞ്ഞു. പത്മരാജന്റെ ലോലയിലെ വാചകം അവള് ഉരുവിട്ടു. എന്നെ മറന്നതായി നീയും നിന്നെ മറന്നതായി ഞാനും കണക്കാക്കുക. ചുംബിച്ച ചുണ്ടുകള്‍ക്കു വിടതരിക.
സായാഹ്നത്തിന് പീതവര്ണമായിരുന്നു. തരിക നീ പീത സായന്തനത്തിന്റെ നഗരമേ നിന്റെ വൈദ്യുതാലിംഗനം.
കാലമാണ് ഏറ്റവും വലിയ കവിത. കാണില്ല എന്നു പറഞ്ഞുപോയ അവളെ വീണ്ടും കാണുന്നുണ്ട്. കവിതകള്‍ കൊഴിഞ്ഞുപോയ മുഖത്ത് നിരാശയുടെ മേല്‍പ്പാലങ്ങള്‍. അവളുടെ കണ്ണടയെവിടെ. കണ്ണടയ്ക്ക് പകരം ലെന്‍സ്. ലെന്‍സിലൂടെ അവള് ഒട്ടും ഭയമില്ലാത്ത നോട്ടം നോക്കി.
”ഞാനിപ്പൊ കവിതയൊന്നും വായിക്കാറില്ല.”
അവള് ചിലമ്പിച്ച ശബ്ദത്തില്‍ പറഞ്ഞു.
”കവിത വായിച്ചാല്‍ എനിക്ക് മരിക്കാന്‍ പറ്റില്ല”
അര്‍ബുദം തണുത്ത ചുണ്ടുകൊണ്ട് അവളുടെ പ്രാണനെ ചുംബിച്ചെടുക്കാന്‍ വരുന്നുവെന്ന് അവള് പറഞ്ഞു. അതിനുമുമ്പ് ജീവിതത്തിലെ പ്രിയപ്പെട്ടതിനെയെല്ലാം അവള് പറത്തിക്കളയാനാഗ്രഹിക്കുന്നു.
ഹേമന്തമെത്തി മനസ്സില്‍ ശവക്കച്ച
മൂടുന്നതിന് മുമ്പ്, അന്ധസഞ്ചാരിതന്
ഗാനം നിലയ്ക്കുന്നതിനു മുമ്പ്, എന്റെയീ വേദന തന് കനല്ച്ചില്ലയില്നിന്നു നീ
പോകൂ പ്രിയപ്പെട്ട പക്ഷി.
സന്ദര്‍ശനം ഓര്‍ത്തു. ആ ക്യാമ്പസ് കാലം ഓര്‍ത്തു. ബാലചന്ദ്രന് ചുള്ളിക്കാടെന്ന കവിക്ക് 60 തികയുന്നു എന്നോര്‍ത്തു. അറുപതാണ്ടിന്റെ അനുഭവങ്ങളുള്ള യൗവ്വനം അവള്‍ക്കു നല്കാന് കയ്യില്‍ ഒന്നുമില്ല സദ്ഗതിയിലെ ഈ വരികളല്ലാതെ.
”പരിതാപമിടാതവളോടൊപ്പം
പരലോകയാത്രയ്ക്കിറങ്ങും മുമ്പേ
വഴിവായനയ്ക്കൊന്നു കൊണ്ടുപോകാന്‍
സ്മരണ തന് ഗ്രന്ഥാലയത്തിലെങ്ങും
ധൃതിയിലെന്നോമനേ നിന് ഹൃദയം
പരതിപ്പരതി തളര്‍ന്നു പോകെ….”
ബാക്കി എഴുതിയില്ല. ഇനി അതിന്റെ ആവശ്യമില്ല. ഓര്‍മ്മ മറ്റൊരു കവിതയാണ്. പരാവര്‍ത്തനം സാധ്യമല്ലാത്ത കവിത. അവള് വിഷാദത്തോടെ പുഞ്ചിരിച്ചു. സദ്ഗതിയിലെ വരികള്‍ കുറിച്ചുതന്നതിന് നന്ദി പറഞ്ഞു. ചിലപ്പോള്‍ ഇനി തന്റെ അസുഖം മാറികൂടായ്കയില്ലെന്നു പറഞ്ഞവള്‍ കരഞ്ഞു.
കരച്ചിലില്‍ അഴിമുഖം നമ്മള് കാണാതിരിക്കുക…
സമയമാകുന്നു പോകുവാന്‍ രാത്രിതന്‍ നിഴലുകള്‍
നമ്മള് പണ്ടേ പിരിഞ്ഞവര്‍
അവള് നടന്നു. പിന്നെ തിരിഞ്ഞുനോക്കി. തിരിച്ചുവന്നു. സദ്ഗതിയുടെ ബാക്കി വരികള്‍കൂടി എഴുതിത്തരാന്‍ പറഞ്ഞു.
”ഒരു നാളും നോക്കാതെ മാറ്റിവെച്ച
പ്രണയത്തിന് പുസ്തകം നീ തുറക്കും
ബാക്കിയവള് പൂരിപ്പിച്ചു.
”അതിലന്നു നീയെന്റെ പേരു കാണും
അതിലെന്റെ ജീവന്റെ നേരു കാണും.”
നീണ്ടുകിടക്കുന്ന കടല്‍. ഗോവയിലെ ഒരു ബസ്സില്‍ അവളെക്കുറിച്ചുള്ള ഓര്‍മ്മയില്‍ ഘനീഭവിച്ച് ഞാനിരിക്കുന്നു. അരികില്‍ വിദേശികളായ രണ്ടുപേര്‍. കാമുകീകാമുകര്‍. ഇംഗ്ലീഷറിയാത്ത ജാള്യതയില്‍ സഹായത്തിനെത്തുന്നതും ചുള്ളിക്കാട് തന്നെ.
I am white
You are brown
but look
both our shadow-s are black.
സഹശയനത്തിലെ അന്നയെ ഓര്‍ക്കുന്നു. ഹിമത്തിന് ധവള ദൂരങ്ങളില്‍ നിന്നും ഉഷ്ണം തേടി എന്റെ നാഡീമുഖത്ത് എന്തിനു നങ്കൂരമിട്ടൂ നീ?
I want your wild substance
കാലം കവിയുടെ മുമ്പില്‍ ശിരസ്സു കുനിക്കുകയാണ്. കാലഭാഷകനായ കാലം തോല്‍ക്കുന്ന അത്യപൂര്‍വ്വമായ നിമിഷത്തിന്റെ അറുപതു വര്‍ഷങ്ങള്‍. ആ 60 വര്‍ഷങ്ങള്‍ കൈരളിക്കു ലഭിച്ചത് വെടിമരുന്നിന്റെ ഉഗ്രതയുടെ കവിതകള്‍.
”നിറമിഴി നീരില്‍ മുങ്ങും തുളസിതന്
കതിരുപോലുടന് ശുദ്ധനാകുന്നു ഞാന്‍
അവള്‍ക്കെന്തു സംഭവിച്ചു? അന്വേഷിക്കുന്നില്ല. കവിത അവളെ രക്ഷിക്കും. കവിതയ്ക്ക് പ്രാണനെ ചുട്ടുപൊള്ളിക്കാന്‍ മാത്രമല്ല വീണ്ടെടുക്കാനും കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: