തിക്കുറിശ്ശിയുടെ ‘ശരിയോ തെറ്റോ’ എന്ന ചിത്രത്തില്‍ ഒരു ചെറുവേഷം അഭിനയിച്ചിരുന്നു ജോസ് പ്രകാശ് എന്നാണ് വെള്ളിനക്ഷത്രം സിനിമ ഇയര്‍ബുക്കില്‍ കാണുന്നത്. പ്രേമലേഖയിലെ അഭിനേതാക്കളുടെ കൂട്ടത്തില്‍ ജോസ് പ്രകാശിന്റെ പേരും ചേലങ്ങാട്ടു ചേര്‍ത്തു കാണുന്നു.
ചിറ്റൂര്‍ പി. മാധവന്‍കുട്ടി മേനോന്, എസ്.പി. പിള്ള, എസ്.ആര്. പല്ലാട്ട്, ജോറഫി, മാസ്റ്റര്‍ ബിനോയി, ഓമല്ലൂര്‍ ചെല്ലമ്മ, അമ്പലപ്പുഴ മീനാക്ഷി, അടൂര്‍ പങ്കജം, ബേബി ഗിരിജ എന്നിവരായിരുന്നു ‘പ്രേമലേഖ’യിലെ മുഖ്യ അഭിനേതാക്കള്‍. എറണാകുളത്തെ പേള്‍ പിക്ചേഴ്സും കോട്ടയത്തെ നാഷനല്‍ സിനിടോണും ചേര്‍ന്നാണ് ചിത്രം തിയേറ്ററുകളിലെത്തിച്ചത്. അതൊരു വന്‍ പരാജയമായിരുന്നു എന്നു മുന്‍പേ സൂചിപ്പിച്ചിട്ടുള്ളതുകൊണ്ട് ആവര്‍ത്തിക്കുന്നില്ല.
ബോംബെയില്‍ വര്‍മ്മ ഫിലിംസ് നിര്‍മ്മിച്ച ‘ബദല്‍’ എന്ന ചിത്രം കണ്ടപ്പോള്‍ കോയമ്പത്തൂരിലെ പക്ഷി രാജാ സ്റ്റുഡിയോ ഉടമസ്ഥനായ എം. ശ്രീരാമലു നായിഡുവിനു അതിലൊരു കമ്പം തോന്നി. അന്നത്തെ ഹിന്ദിയിലെ വന്‍ താരങ്ങളായ പ്രാണ്‍, മധുബാല, ഹീരലാല്, രണ്‍ധീര്‍, ആഗ തുടങ്ങിയവരാണ് ഈ ചിത്രത്തില്‍ അഭിനയിച്ചിരുന്നത്. അവര്‍ തെന്നിന്ത്യയിലും പ്രശസ്തരായിരുന്നു.
ഹിന്ദി ചിത്രങ്ങള്‍ക്ക് മറ്റു തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലെന്നതുപോലെ കേരളത്തിലും മോശമല്ലാത്ത മാര്‍ക്കറ്റുണ്ടായിരുന്നു. ചിത്രങ്ങള്‍ പതിവായി പ്രദര്ശനത്തിനെത്താറും വിജയിക്കാറുമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തില്‍ ശ്രീരാമലു നായിഡു ഒരു മുഴം മുന്നേ ചുവടുവയ്ക്കാനുറച്ചു. പരിചിതരാണ് ഹിന്ദി താരങ്ങള്‍. അവര്‍ ഹിന്ദിയ്ക്ക് പകരം മലയാളം സംസാരിച്ചാല്‍ ഹിന്ദി അറിയാത്ത മലയാളികള്‍ കൂടി ചിത്രം കാണുവാനെത്തുമല്ലോ എന്ന ചിന്തയില്‍ അദ്ദേഹം ഹിന്ദിയില്‍നിന്ന് ‘ബാദലി’നെ മലയാളത്തില്‍ ‘ദേശഭക്തനാ’യി മൊഴിമാറ്റി ഡബ്ബ് ചെയ്തിറക്കി.
അന്നത്തെ മറ്റു ഭാഷകളിലെ ഡബ്ബിംഗ് ചിത്രങ്ങളുടെ വഴക്കമനുസരിച്ച് ‘ബാദല്‍’ അഥവാ ‘ദേശഭക്തന്’ എന്നാക്കി ടൈറ്റില്‍. മറ്റു തെന്നിന്ത്യന്‍ ഭാഷകളില്‍ ഇതേ സാഹസം ആവര്‍ത്തിച്ചുവോ എന്നറിയില്ല. ‘പ്രസന്ന’യും ‘കാഞ്ചന’യും ശ്രീരാമലു നായിഡു ഇതിനു മുന്‍പ് മലയാളത്തില്‍ നിര്‍മ്മിച്ചിരുന്നു. മലയാളിത്തമില്ലാത്ത പ്രമേയം മലയാളക്കരയില്‍ സ്വാഗതം ചെയ്യപ്പെടില്ല എന്ന പാഠം മാത്രം അദ്ദേഹം ആ അനുഭവങ്ങളില്‍നിന്നും പഠിച്ചില്ല.
അന്യഭാഷാ ചിത്രങ്ങള്‍ മൊഴി മാറ്റി മലയാളത്തില്‍ റിലീസ് ചെയ്യുന്ന ഒരു പതിവിന് ‘ബാദലി’ന്റെ മലയാള മൊഴി പകര്‍പ്പായ ‘ദേശഭക്തനിലൂടെ ശ്രീരാമലു തുടക്കം കുറിക്കുകയായിരുന്നു.
അതിനാല്‍ ഈ ചിത്രം മലയാളത്തിലെ ആദ്യ ഡബ്ബിംഗ് ചിത്രമായി. ആ പാത പലരും പിന്തുടര്ന്നു. ഇപ്പോഴും ഒറ്റയ്ക്കും തെറ്റയ്ക്കും ആ ശ്രേണിയില്‍ ചിത്രങ്ങള്‍ വന്നുപോരുന്നുമുണ്ട്.
ശ്രീരാമലു നായിഡുവിന്റെ ‘കാഞ്ചന’ എന്ന ചിത്രവും ദേശഭക്തനോടൊപ്പം ഇതേ വര്‍ഷം പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ്. ‘പ്രസന്ന’യെക്കുറിച്ചു പരാമര്‍ശിച്ച കൂട്ടത്തില്‍ ‘കാഞ്ചന’ യെക്കുറിച്ചും എഴുതിയിരുന്നു. കാഞ്ചന പര്വ്വത്തിലേയ്ക്കിവിടെ ഒരു രണ്ടാംവട്ടത്തിനൊരുങ്ങുന്നില്ല. ‘പ്രസന്ന’യിലും ‘കാഞ്ചന’യിലും പാട്ടുകളെഴുതിയത് അഭയദേവായിരുന്നതുകൊണ്ട് (പ്രസന്നയുടെ സംഗീതം. ജ്ഞാനമണി. കാഞ്ചന എസ്.എം. സുബയ്യ നായിഡു) അഭയദേവിനെത്തന്നെ സംഭാഷണ ഭാഗങ്ങള്‍ മൊഴിമാറ്റുന്ന ദൗത്യം ശ്രീരാമലു നായിഡു ഏല്‍പ്പിച്ചു. ഇക്കുറി ഗാനരചന പി. ഭാസ്ക്കരനായിരുന്നു.
വളരെ ക്ലേശകരമാണ് ഡബ്ബിങ് ചിത്രത്തിന്റെ മൊഴിമാറ്റവും ഗാനരചനയും. മൂലഭാഷയിലെ ചിത്രത്തില്‍ നടീനടന്മാര് ഓരോന്നിനും എപ്രകാരം ചുണ്ടനക്കിയിരിക്കുന്നുവോ ആ അനക്കത്തിന്റെ പരിമിതിക്കുള്ളില്‍ നിന്നുവേണം രചന. പാട്ടിനാകുമ്പോള് ആ ഈണം കൂടി അക്കൂട്ടത്തില്‍ ശരി ചേര്‍ക്കണം. സംഭാഷണത്തില്‍ ചുണ്ടനക്കപൊരുത്തത്തിനു വിധേയമായി സന്ദര്‍ഭത്തിന്റെ സ്വഭാവം, രംഗത്തിന്റെ പ്രകൃതം, സംഭാഷണത്തിലെ വൈകാരികമായ ശ്രുതി ഇവ കൂടി നിലനിറുത്തണം.
ഒരു പ്രത്യേക വൈഭവം തന്നെ വേണം ഇതിന്. അഭയദേവാണ് അക്കാര്യത്തില്‍ ആചാര്യപദവിയില്ത്തന്നെ മലയാളത്തില്‍ നിറഞ്ഞുനിന്നത്. ഹിന്ദിയില്‍നിന്നും ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡയാദി ഭാഷകളില്‍ നിന്നുമുള്ള ഭാഷാന്തര ചിത്രങ്ങള്‍ക്ക് മലയാളത്തില്‍ ആരും ആദ്യം തേടിയെത്തുന്ന എഴുത്തുകാരന് അഭയദേവായിരുന്നു ഏറെക്കാലം. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, തുടങ്ങിയ ഭാഷകളില്‍ അദ്ദേഹത്തിന് നല്ല അവഗാഹമുണ്ടായിരുന്നു. നമ്മുടെ ഭാഷയില്‍ ആദ്യമായി ഹിന്ദി-മലയാള-ഇംഗ്ലീഷ് നിഘണ്ടുകള്‍ തയ്യാറാക്കിയതും ഇദ്ദേഹമാണ്. അയ്യപ്പന് പിള്ള ആര്യസമാജത്തില്‍ ചേര്‍ന്നു അഭയദേവായ പൂര്‍വാശ്രമ കഥ മുന്‍പേ എഴുതിയിരുന്നതോര്‍ക്കുക. ശങ്കരാഭരണം, മയൂരി തുടങ്ങിയ ചിത്രങ്ങളുള്‍പ്പെടെ മലയാളത്തില്‍ ഡബ്ബ് ചെയ്തിറങ്ങിയ നിരവധി ചിത്രങ്ങളുടെ വിജയത്തിന്റെ പിന്നില്‍ അദ്ദേഹത്തിന്റെ സംഭാവന ചെറുതായിരുന്നില്ല.
ബാദല്‍ എന്ന നായകന്റെ പേര് ഉച്ചരിക്കുമ്പോള്‍ ‘ബി…’ എന്ന അക്ഷരം ചുണ്ടുതുറന്നു പറയേണ്ടതുണ്ട്. ആ ഒഴിവിന്റെ സ്വാതന്ത്ര്യമുപയോഗിച്ച് മലയാളത്തില്‍ ബാദലിനെ അഭയദേവ് ബാലന്പിള്ളയാക്കി.തിരുച്ചി ലോകനാഥന്, പെരിയനായകി, രാധാ-ജയലക്ഷ്മി എന്നിവരായിരുന്നു ഗായകര്‍. പ്രസന്നയിലാണ് രാധാ ജയലക്ഷ്മി (രാധയും ജയലക്ഷ്മിയും അക്കാലത്തെ അറിയപ്പെടുന്ന സംഗീത വിദുഷികളായിരുന്നു)ആദ്യം മലയാളത്തില്‍ പിന്നണിഗായികയാകുന്നതും. പി.എ. പെരിയ നായകിയും അതെ. തിരുച്ചി ലോകനാഥന്റെ ആദ്യമലയാള ചിത്രം ‘ജീവിത നൗക’യാണ്. തമിഴ് രംഗത്ത് ഇവരെല്ലാം ഏറെ പ്രസിദ്ധരുമായിരുന്നു. പെരിയ നായകിയും ജയലക്ഷ്മിയും ‘കാഞ്ചന’ യിലും പാടിയിരുന്നു.
ബാദലില്‍ പാടിയിരിക്കുക ഹിന്ദിയിലെ അന്നത്തെ പ്രമുഖ ഗായകരായിരുന്നിരിക്കണം. സംഗീത സംവിധായകനും ഹിന്ദി ചലച്ചിത്രവേദിയുമായി ബന്ധമുള്ള ആളായിരുന്നിരിക്കണം എന്നനുമനിക്കുവനല്ലാതെ മറ്റു വിശദവിവരങ്ങള്‍- പേരടക്കം ലഭ്യമല്ല.
ജാഗീദര്മാര് എന്നറിയപ്പെട്ടിരുന്ന താലൂക്കധികൃതരുടെ ഭരണകാലമാണ് കഥയുടെ പശ്ചാത്തലം. രാജാവിന്റെ കീഴിലുള്ള ഈ പ്രഭുക്കരായ നാടുവാഴികളാണിവര്‍. അവര്‍ക്കിടയില്‍ സ്ത്രീലമ്പടത്വത്തിന്റെയും കൊടുംക്രൂരതയുടെയും ആള്‍രൂപമായിരുന്ന ഒരു ഭരണാധികാരിയായിരുന്ന ജയസിംഹന്. അയാളുടെ ഭരണതാണ്ഡവത്തില്‍ അന്നാട്ടുജനങ്ങള് സഹികെട്ടു നാളുകള്‍ നീക്കുന്ന കാലം. അവരെ ഒരു സംഘടിത ശക്തിയാക്കി ജയസിംഹഭരണത്തിനെതിരെ പൊരുതുവാനുള്ള ഒരുക്കത്തിലായിരുന്ന നിര്‍ധനനും വിറകുവെട്ടി ഉപജീവനം നടത്തുന്നവനുമായിരുന്നു ബാദല്‍.
രോഗിയായ തന്റെ പിതാവിന് മരുന്നു വാങ്ങി തിരിച്ചുവരുമ്പോള്‍ ബാദല്‍ കാണുന്നത് ജയസിംഹന്റെ കരങ്ങളാല്‍ കൊല്ലപ്പെട്ടു കിടക്കുന്ന അച്ഛനെയാണ്. ഉടന്‍ അയാള്‍ നിഷ്ഠുരനായ ജയസിംഹനെതിരെ വിപ്ലവത്തിനു കച്ചമുറുക്കി. അതു മണത്തറിഞ്ഞ രാജസിംഹന് ബാദലിനെ തടവിലാക്കി. ഇതെങ്ങനെയോ രാജകൊട്ടാരത്തിലറിഞ്ഞു. രാജാവ് ബാദലിനെക്കുറിച്ചു അന്വേഷിച്ചു സത്യാവസ്ഥ ബോധ്യപ്പെട്ട് ബാദലിനെ മോചിപ്പിക്കുന്നു. ജാഗിര്മാരുടെ പുത്രിയെ ബാദലിന് രാജാവ് മുന്‍കയ്യെടുത്തു വിവാഹം കഴിച്ചുകൊടുക്കുക കൂടി ചെയ്യുന്നതോടെ ‘ബാദല്‍ അഥവാ ദേശ ഭക്തന്’ ചിത്രം ശുഭസമാപ്തം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: