ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗ്ലോബല്‍ സ്റ്റഡീസ് എന്ന സ്ഥാപനത്തിന്റെ ബിരുദദാനച്ചടങ്ങില്‍ പ്രസംഗിച്ച കേന്ദ്ര മാനവ വിഭവശേഷി മന്ത്രി നിര്‍മലാ സീതാരാമന് ആഗോളതലത്തില്‍ ചിന്തിക്കൂ. നാടന്‍ വേഷം ധരിക്കൂ എന്ന് ആഹ്വാനം ചെയ്തതായി ഹിന്ദുപത്രത്തില്‍ വാര്‍ത്ത കണ്ടു. ആ വേദിയിലും സദസ്സിലും സന്നിഹിതരായിരുന്നവരൊക്കെ അത്തരം സന്ദര്‍ഭങ്ങളിലെ ഔപചാരികവേഷമായ കറുത്ത നാലു കയ്യന്‍ കോട്ടും ഗൗണും ചട്ടിത്തൊപ്പിയും ധരിച്ചാണു നിന്നത്. വിശിഷ്ട സ്ഥാനം വഹിക്കുന്നവര്‍ക്കു ചില പ്രത്യേകതരം കിന്നരികളും കഴുത്തിലണിയുന്ന വീരാളിപ്പട്ടുകളുമുണ്ടായിരുന്നു.
അവയൊന്നുമില്ലാതെ സാരിധാരിണിയായി നിന്നതു വിശിഷ്ടാതിഥി നിര്‍മ്മലാ സീതാരാമന് മാത്രം.
ഭാരതം സ്വതന്ത്രമായതു മുതല്‍ ഔപചാരിക ചടങ്ങുകളിലെ ഈ ചെകുത്താന് വേഷം ഉപേക്ഷിച്ച് ഭാരതീയത്തനിമയുള്ള ഒരു വേഷവിധാനം നിര്‍ണയിക്കണമെന്ന ആവശ്യം പലകോണുകളിലും നിന്നുയര്‍ന്നിരുന്നു. പല സര്‍വകലാശാലകളിലും അങ്ങനെ ഏര്‍പ്പെടുത്തുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ ബിരുദദാന സമ്മേളനത്തിന്റെ തത്സമയ സംപ്രേഷണം ദൃശ്യമാധ്യമങ്ങളില്‍ കണ്ടിരുന്നു. അവിടത്തെ വേദിയുടെ പശ്ചാത്തലത്തിലെ യവനികയില്‍ വാരാണസിയെ വിശ്വവിദ്യാലയം ദീക്ഷാന്ത സമാരോഹമെന്നാണ് എഴുതിയത്. ആണ്ടുനല്‍കിയത് വിക്രമ സംവത്സരവും ശതാബ്ദവും പൊതുവര്‍ഷവും കാണിച്ചിരുന്നുവെന്നു മാത്രം. സര്‍വകലാശാലയുടെ കുലപതിയും ഉപകുലപതിയും സംസ്കൃതത്തിലാണ് സംസാരിച്ചത്. ബിരുദദാന പ്രസംഗം പ്രധാനമന്ത്രിയുടെതും. അദ്ദേഹം ഹിന്ദിയില്‍ സംസാരിച്ചു. ആംഗലഭാഷയിലും ഒരു പ്രഭാഷണമുണ്ടായി എന്നു വിസ്മരിക്കുന്നില്ല.
സ്വതന്ത്രഭാരതത്തിന്റെ വിദ്യാഭ്യാസ, അക്കാദമിക രംഗത്ത് ദേശീയമായ ഒരു മുന്നേറ്റം എന്തുകൊണ്ട് സംഭവിച്ചില്ല എന്ന് നാം ചിന്തിക്കേണ്ടതാണ്. നമ്മുടെ ചില സാഹിത്യകാരന്മാര് രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവരും കേരള സര്‍ക്കാരുമൊക്കെ പരിശ്രമിച്ച് മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി നേടിയെടുത്തു. തമിഴിനും കന്നടയ്ക്കും തെലുങ്കിനുമൊക്കെ അതു കിട്ടിയപ്പോള്‍ മലയാളത്തിനും വാങ്ങിയെടുക്കണമല്ലൊ. എന്നാല്‍ മലയാളബോധം വളര്‍ത്തിയെടുക്കാന്‍ ആ സര്‍വകലാശാലയ്ക്കു എന്തു ചെയ്യാന്‍ കഴിയുന്നു? അതിന്റെയും ഭരണവും എഴുത്തുകുത്തുകളും ഉദ്യോഗപ്പേരുകളുമൊക്കെ ആംഗലത്തില്‍ തന്നെയാണ്.
സ്പെഷല്‍ ഓഫീസറും വൈസ് ചാന്‍സലറും രജിസ്ട്രാറും പ്രൊഫസറും ഡിഗ്രികളും ഡോക്ടറേറ്റുകളുമൊക്കെ പഴയചാലില്‍ തന്നെയാണ് ഓടുന്നത്. ആതവ നാട്ടിലെവിടെയോ ചതുപ്പായിക്കിടക്കുന്ന, തണ്ണീര്‍ത്തടം പട്ടികയില്‍ പ്പെട്ട കുറെ സ്ഥലം ഏറ്റെടുത്ത് നിയമവിരുദ്ധമായി മണ്ണിട്ടു നികത്തി സര്‍വകലാശാലയുടെ ആസ്ഥാനം പണിയുകയാണത്രെ. പണ്ടെന്നോ ആഴ്വാഞ്ചേരി മന വകയായിരുന്ന സ്ഥലം ചുരുങ്ങിയ വിലയ്ക്ക് കരസ്ഥമാക്കി പല കൈമാറ്റങ്ങള്‍ നടത്തി വന്‍ തുകയ്ക്കാണ് സര്‍വകലാശാല ഏറ്റെടുത്തതെന്നും മാധ്യമ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കാട്ടിലെ മരവും തേവരുടെ ആനയും വലിയെടാ വലി തന്നെ! മലയാള ശ്രേഷ്ഠഭാഷ എവിടെയെത്തി? ഭരണതലത്തില്‍ മലയാളം നടപ്പാക്കാന്‍ തക്ക സാങ്കേതിക പദാവലിപോലും നിലവിലാക്കാന്‍ സാധിച്ചിട്ടില്ല. നമുക്ക് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും തുഞ്ചന്‍ സര്‍വകലാശാലയുമുണ്ടുതാനും. ഈയിടെ ഒരു സര്‍ക്കാരാഫീസില്‍ നിന്നു ഔദ്യോഗിക മലയാള ഭാഷയിലുള്ള ചില കത്തുകള്‍ കിട്ടിയതില്‍ ഇംഗ്ലീഷിലെ ഫ്രം. ടു. എന്നിവയുടെ സ്ഥാനത്ത് പ്രേക്ഷകന് എന്നും പ്രേക്ഷിതന് എന്നുമാണ്. അതായത് കാണുന്നവനും കാണപ്പെട്ടവനുമെന്നര്‍ത്ഥം. എഴുത്തുകുത്തുകള്‍ക്ക് ആംഗലം അന്തസ്സു നല്കുന്ന ഇതിന് മുന്‍പ് മലബാറില്‍ ബ്രിട്ടീഷുകാരും തിരുവിതാംകൂറില്‍ രാജാവും ഭരിച്ചപ്പോള്‍ ആര്‍ക്കും മലയാളത്തില്‍ കത്തയയ്ക്കാമായിരുന്നു. ഈസ്റ്റിന്ത്യാ കമ്പനിയും പഴശ്ശി രാജാവുമായുള്ള ദീര്‍ഘമായ മലയാള കത്തിടപാടുകള്‍ പഴശ്ശി രേഖകള്‍ എന്ന പേരില്‍ ലഭ്യമാണ്.
ഔപചാരിക ചടങ്ങുകളില്‍ നഗരസഭാധ്യക്ഷന്‍ (ഹിന്ദിയില്‍ മഹാപൗരന്‍) ഗൗണ്‍ ധരിച്ചാണ് പങ്കെടുക്കാറുള്ളത്. അതിനു ദേശീയമായ അല്ലെങ്കില്‍ അതത് സംസ്ഥാനത്തിന്റെ സംസ്കാരത്തിനും പാരമ്പര്യത്തിനുമനുസരിച്ച് അന്തസ്സുറ്റ ഒരു വേഷവിധാനം എന്തുകൊണ്ടു നാം സ്വീകരിക്കുന്നില്ല. ബ്രിട്ടീഷുകാരുടെ സംസ്കാരത്തിന്റെയും പെരുമാറ്റത്തിന്റെയും നല്ല വശങ്ങള് നാം സ്വീകരിച്ചു ശീലിക്കുന്നതില്‍ പണ്ഡിറ്റ് നെഹ്റു ഇക്കാര്യത്തില്‍ മുന്‍കൈയെടുത്തിരുന്നെങ്കില്‍ നടന്നേനെ. നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന്റെ തന്നെ ഭാഷയില്‍ ബൈ ദി ആക്സിഡന്റ് ഓഫ് ബര്‍ത്ത്, എ ഹിന്ദു ബ്രാഹ്മിന്‍, ബൈ കള്‍ച്ചര്‍ എ മുസല്മാന് ആന്‍ഡ് ബൈ എഡ്യുക്കേഷന്‍ ആന്‍ ഇംഗ്ലീഷ് മാന്‍” ആയിപ്പോയി. (യാദൃച്ഛിക ജനനംകൊണ്ട് ഹിന്ദു ബ്രാഹ്മണന്, സംസ്കാരംകൊണ്ട് മുസല്മാന്, പഠിപ്പുകൊണ്ട് ഇംഗ്ലീഷുകാരന്).
ഇനി ഇംഗ്ലീഷുകാരന്റെ കാര്യം പറഞ്ഞാല്‍, അതും യാദൃച്ഛിക സംഭവത്തിലോ മറവിയിലോ നിന്നുണ്ടായ ആചാരമാണത്രെ കറുപ്പു ഗൗണും മറ്റും. ഏതാനും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അവിടത്തെ രാജാവ് അന്തരിച്ചു. യുവരാജാവ് അതേത്തുടര്‍ന്ന് ദുഃഖാചരണം പ്രഖ്യാപിച്ചു. അതിനായി ന്യായാധിപന്മാരും പാര്‍ലമെന്റംഗങ്ങളും അഭിഭാഷകരുമൊക്കെ കറുത്ത സൂട്ടും ഗൗണും ധരിച്ചുവേണം കൃത്യനിര്‍വഹണത്തിനെത്താനെന്നും കല്‍പ്പന നല്കപ്പെട്ടു. രാജാവിന്റെ അന്ത്യക്രിയകളും ദുഃഖാചാരണവും പുതിയ രാജാഭിഷേകവും നടന്നപ്പോള്‍ സന്തോഷത്തിന്റെ തിരക്കില്‍ വേഷധാരണ സംബന്ധമായ കല്പന തിരുത്താന്‍ അദ്ദേഹം മറന്നുപോയി. അങ്ങിനെയാണത്രേ കറുത്ത വേഷവും ഗൗണും ഔപചാരിക ആഘോഷവേഷമായത്. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന രാജ്യങ്ങളില്‍ മാത്രമാണ് ഈ വേഷം ഇന്ന് ഉപയോഗിക്കുന്നത്. പല രാജ്യങ്ങളും അതു മാറ്റുകയുംെചയ്തു. അമേരിക്കപോലുള്ള രാജ്യങ്ങളാകട്ടെ സാധാരണ ഒൗപചാരികവേഷംതന്നെയാണ് സ്വീകരിച്ചിട്ടുള്ളത്.
ഭാരതത്തിലെ കോടതികളിലും മറ്റും ഉപയോഗിക്കുന്ന ലോഡ്ഷിപ്പ്, എക്സലന്‍സി മുതലായ ഉപചാരവാക്കുകളും ആ രാജ്യങ്ങളിലില്ല. മി: പ്രസിഡണ്ട്, മി: ജസ്റ്റിസ് എന്നഭിസംബോധന ചെയ്താല്‍ അനാദരവാകില്ല അവിടെ.നമുക്കിവിടെ സന്ന്യാസിമാരെയും മഠാധിപതിമാരെയും ഭരണാധിപന്മാരെയും മറ്റും സംബോധന ചെയ്യുന്നതിന് വെവ്വേറെ ഉപചാരവാക്കുകളുണ്ടല്ലോ.
കോണ്വൊക്കേഷന് വേളയിലെ വേഷവിധാനങ്ങളെപ്പറ്റി മന്ത്രി നിര്‍മലാ സീതാരാമന് പറഞ്ഞ അഭിപ്രായത്തെ ചൂണ്ടിക്കാട്ടിയാണ് ഈ ചിന്തകള്‍ നിരത്തിയത്. സ്വാതന്ത്ര്യം നേടി മുക്കാല്‍ നൂറ്റാണ്ടാകാറായ ഈ അവസരത്തില്‍ ആ അഭിപ്രായത്തിന്റെ പിന്നിലെ ചിന്ത പരിഗണനാര്‍ഹമാകുന്നു. കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിനനുസരിച്ച് അവസരോചിതമായ വേഷവിധാനക്രമം നിശ്ചയിക്കാന്‍ സാംസ്കാരിക രംഗത്തും ഭരണരംഗത്തുമുള്ളവര്‍ ശ്രമിക്കേണ്ടതാകുന്നു.
കേരളത്തിലെ സര്‍വകലാശാലകളില്‍ ഇപ്പോള്‍ പൊതു ബിരുദദാനം നടക്കുന്നുണ്ടോ എന്നു സംശയമാണ്. കറുത്ത നാലുകയ്യന്‍ വേഷത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്ന് വര്‍ഷങ്ങളായി കോഴിക്കോട്ടും തിരുവനന്തപുരത്തും ബിരുദദാനച്ചടങ്ങില്ലെന്നു തോന്നുന്നു. വിശേഷാല്‍ ബിരുദദാനങ്ങള്‍ മാത്രമേ ഇപ്പോള്‍ നടക്കാറുള്ളൂ. അതിന് നാലു കയ്യന്‍ വേഷം നിര്‍ബന്ധമാണുതാനും. മലയാള, സംസ്കൃത സര്‍വകലാശാലകളില്‍നിന്ന് മാറ്റത്തിന്റെ തുടക്കം വരുമെന്ന് പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: