സമയം
ബാക്കിയുള്ളപ്പോള്‍
നടക്കാനിറങ്ങുന്നു
പണ്ടത്തെ
ഇടവഴിയില്‍ .
ആദ്യ വളവിലെ
കൊച്ചു വീടിന്റെ
ഉമ്മറപ്പടിയില്‍
വടികുത്തി
ഏങ്ങിയിരിപ്പുണ്ട്
ആരെയും
കടത്തിവിടാതിരുന്ന
നീലിയമ്മ.
കൂറ്റന്‍ കന്മതില്
മുറ്റത്ത്
വീല്‍ ചെയറില്‍
ഏതോ ബംഗാളി
ഉന്തി നടത്തുന്നു
പഴയ മുതലാളി
ഹംസക്കയെ.
പാതിരാത്രിയില്‍
പതുങ്ങിപ്പതുങ്ങി
ശ്വാസം പിടിക്കാറുള്ള
സരസയുടെ
വീട്ടില്‍നിന്ന്
ഞരക്കങ്ങള്‍
മാത്രം
തീരാതെ…. തീരാതെ .
ആരോ
പിന്തുടരുന്നുണ്ട്
അടുത്തെത്തി
ചോദിക്കുന്നു
മനുവാണോ?
പഴയ കോണ്‍സ്റ്റബിള്‍
രാമചന്ദ്രന്
ബോംബെയ്ക്കെന്ന്
പറഞ്ഞ്
നാടുവിട്ടതാണ് മകന്
അവനെയെങ്ങാനും
കണ്ടുവോ?
കാഴ്ച പോയി
മനോനിലയും;
ഉഴറി നടപ്പാണയാള്
ഒരു നാള്
വരുന്നതും കാത്ത്.
കാല് കഴയ്ക്കുന്നു
മനം മടുക്കുന്നു
ഉള്ളില്‍
എന്തിനെന്നില്ലാതുള്ള
നിശ്ചലത.
ജീവിതം
ഇതുപോല്‍
നമ്മെ
വിഭ്രമം കൊള്ളിക്കുന്നു
ചകിതരാക്കുന്നു
കിടിലം
കൊള്ളിക്കുന്നു.
………………….
പ്രമേഹത്തിന്
രാവിലെ
നടക്കാനിറങ്ങിയയാള്‍
ടിപ്പറിടിച്ച്
മരിക്കുന്നതും
ഓഹരിയിലിട്ട്
മുഴുപ്പാപ്പരാകുന്നതും
ഒരു നിലയിലായിക്കാണാന്
മക്കളെ
പഠിപ്പിച്ച് പഠിപ്പിച്ച്
അവരാല്‍ തന്നെ
വെട്ടേറ്റു മരിക്കുന്നതും
നിശ്ശൂന്യമായ
നാടകങ്ങള്‍!
മടങ്ങാമിനി
ജോലിസ്ഥലത്ത്
കുമിഞ്ഞു
കൂടിക്കാണും ഫയലുകള്‍ .
ആര്‍ത്തികള്‍
ആഡംബരങ്ങള്‍
ആഘോഷങ്ങള്‍
ആത്മരതികള്‍
പീഡനങ്ങള്‍
കൊല
ജീവിതം തുളയ്ക്കുന്ന
നിന്ദകള്‍ .
പരസ്പരം
അറിയാതിരിക്കാനായി
വേര്‍തിരിച്ച
കൂടുകളില്‍
ശ്വാസം മുട്ടി
മരണം.
ഇനിയല്പ നേരം
മിഴിയടയ്ക്കട്ടെ
സ്മൃതിയടയ്ക്കട്ടെ
നിനവൊടുക്കട്ടെ
ഉള്ളില്‍
നിസ്സംഗമാമൊരു
സ്വരത്തില്‍
ലയിക്കട്ടെ
ഞാന്‍…..
പ്രതികരിക്കാൻ ഇവിടെ എഴുതുക: