പറളി : കഴിഞ്ഞ ഏതാനും ദിവസമായി മലമ്പുഴ മുണ്ടൂര്‍ മേഖലകളില്‍ പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ കാട്ടുകൊമ്പനും പിടിയും കുട്ടിക്കൊമ്പനും അടങ്ങുന്ന സംഘത്തെ വന പാലകരും, മങ്കര പോലീസും അയ്യര്‍മലയിലെ താവളത്തിലെത്തിച്ചു.
കഴിഞ്ഞ രാത്രി 9 മണിയോടെയാണ് ആന കുടുംബം പറളിയിലെത്തിയത്. വ്യാഴാഴ്ച രാവിലെ മുണ്ടൂര്‍ ജംഗ്ഷനില്‍ എത്തിയ കാട്ടാനകള്‍ ഇന്നലെ പുലര്‍ച്ചയോടെ മാങ്കുറുശ്ശി അയ്യര്മലയിലെത്തുകയായിരുന്നു.
മാങ്കുറിശ്ശിയിലെ ഗോപാലകൃഷ്ണ പണിക്കരുടെ വീടിനു സമീപമുള്ള വളപ്പില്‍ നിന്നും ആവശ്യത്തിന് ഭക്ഷണം കഴിച്ച ആനകളെ ഇവിടെ നിന്നും തുരത്താനാവാതെ മങ്കര പോലീസും വനം വകുപ്പും ഏറെ കഷ്ടപ്പെട്ടു. തുടര്‍ന്ന് പടക്കം പൊട്ടിച്ചും തീയിട്ടും ഇന്നലെ വൈകുന്നേരത്തോടെ മലകയറ്റാന്‍ കഴിഞ്ഞതായി മങ്കര സ്റ്റേഷനിലെ എസ് ഐ അറിയിച്ചു.
ഇന്നലെ രാവിലെ മാങ്കുറിശ്ശിയിലെ തൊടിയില്‍ പ്രത്യക്ഷപ്പെട്ട ആനയെ കല്ലെറിയുവാനും പ്രകോപനം സൃഷ്ടിക്കുവാനും ശ്രമിച്ച ചില യുവാക്കളെ ഏറെ കഷ്ടപ്പെട്ടാണ് നിയന്ത്രിച്ചതെന്ന് എസ് ഐ പറഞ്ഞു.
മാങ്കുറുശ്ശി അയ്യര്‍മലയിലെ ശിവക്ഷേത്രത്തിനു സമീപം പുലര്‍ച്ചയോടെ കണ്ട കാട്ടാന കാടുകയറാന്‍ വൈകിയത് പ്രദേശവാസികളെ മണിക്കൂറുകളോളം മുള്‍മുനയില്‍ നിര്‍ത്തി. മനുഷ്യര്‍ക്ക് ജീവഹാനിയോ കാര്‍ഷിക മേഖലയില്‍ വലിയ നാശനഷ്ടങ്ങളോ ഒന്നും വരുത്താതെ പ്രദേശത്തു തന്നെ തമ്പടിച്ച ആനകളെ തുരത്താന്‍ വനംവകുപ്പും തഹസില്‍ദാരും ഉള്‍പ്പെട്ട സംഘത്തിന് വൈകുന്നേരം നാലുമണിവരെ പണിപ്പെടേണ്ടിവന്നു.
സംഭവമറിഞ്ഞ് തടിച്ചു കൂടിയ ജനക്കൂട്ടത്തെ പിരിച്ചു വിടാന്‍ മങ്കര പോലീസും പാടുപെട്ടു.
മുണ്ടൂര്‍ വനമേഖലയില്‍ നിന്നുമാണ് അയ്യര്‍മല ഭാഗത്തേക്ക് കാട്ടാന വന്നതെന്ന് നിഗമനത്തിലാണ് വനംവകുപ്പും പ്രദേശവാസികളും. മലമ്പുഴ, മുണ്ടൂര്‍ മേഖലകളില്‍ കാട്ടാനശല്യം തുടരുമ്പോഴും വനംവകുപ്പ് നിസ്സഹായരാവുകയാണ്. സംഭവസ്ഥലത്ത് മങ്കര പോലീസിന്റെ നേതൃത്വത്തില്‍ ആംബുലന്‍സ് ഉള്‍പ്പെടെ ഉള്ള സുരക്ഷാ സംവിധാനം ഒരുക്കിയിരുന്നു.
രാത്രി എട്ടുമണിയോടെ കൊമ്പനും സംഘവും കാടുകയറിയ ശേഷമാണ് വനം വകുപ്പുദ്യോഗസ്ഥരും മങ്കര പോലീസും മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: