തൊടുപുഴ: കനത്ത മഴയില്‍ സംരക്ഷണ ഭിത്തി ഇടിഞ്ഞതിനെ തുടര്‍ന്ന് വീടിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു. മണക്കാട് പ്ലാപ്പിള്ളില്‍ പി ഡി നാരായണന് നായരുടെ വീടാണ് തകര്‍ന്നത്. വീട്ടിലുണ്ടായിരുന്നവരെല്ലാം മറുഭാഗത്തായിരുന്നതിനാല് പരിക്കേല്‍ക്കാതെ രക്ഷപെട്ടു.
കഴിഞ്ഞ രാത്രി ഒമ്പതോടെയാണ് സംഭവം നടക്കുന്നത്. മേഖലയില്‍ വ്യാഴാഴ്ച രാവിലെ മുതല്‍ കനത്ത മഴയായിരുന്നു. ആദ്യം അടുക്കളയോട് ചേര്‍ന്നുള്ള കല്ല് കെട്ടിയ സംരക്ഷണ ഭിത്തിയാണ് തകര്‍ന്നത്. ഉടനെ അടുക്കളയും കുളിമുറിയും ഉള്‍പ്പെട്ട ഭാഗം പിളര്‍ന്നു മാറുകയായിരുന്നു. ഭിത്തിയും മേല്‍ക്കൂരയും തകര്‍ന്നു വീണു. ഈ സമയം നാരായണനും ഭാര്യയും രണ്ടു മക്കളും വീടിന് മുഭാഗത്തുള്ള സ്വീകരണമുറിയില്‍ ടി.വി കണ്ടുകൊണ്ടിരിക്കുകയാണ്.
വിവരമറിഞ്ഞ് മണക്കാട് പഞ്ചായത്ത് അധികൃതര്‍ രാത്രി തന്നെ സ്ഥലത്തെത്തി. വില്ലേജ് ഓഫീസില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഇന്നലെ രാവിലെ എത്തി. നാരായണനും കുടുംബവും സമീപത്തുള്ള അനുജന്റെ വീട്ടിലാണ് ഇപ്പോള്‍ താമസിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: