ഗുരുവായൂര്‍: ക്ഷേത്ര പരിസരത്തെ ഇന്നര്‍ റിംഗ് റോഡില്‍ ആഴ്ചകളായി നഗരസഭാ ജീവനക്കാര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ല. പടിഞ്ഞാറെ നട ഇന്നര്‍ റിംഗ് റോഡില്‍ ഇതുമൂലം മാലിന്യം കുമിഞ്ഞുകൂടുകയാണ്.
ദിവസേന ധാരാളം ഭക്തജനങ്ങളും വഴിയാത്രക്കാരും ക്ഷേത്രത്തിലേയ്‌ക്കും ഗുരുവായൂരിന്റെ വിവിധ ഭാഗങ്ങളിലേയ്‌ക്കും പോകുവാന്‍ ആശ്രയിക്കുന്ന ഈ റോഡില്‍ മാലിന്യം നീക്കം ചെയ്യാതെ കുന്നുകൂടി കിടക്കുന്നത് ക്ഷേത്രനഗരത്തിന്റെ പരിപാവനതയ്‌ക്ക് തന്നെ കളങ്കമായി മാറുന്നു.
പല ദിവസങ്ങളിലും നഗരസഭാ ജീവനക്കാരെത്താത്തതിനാല്‍ പരിസരവാസികളും വ്യാപാരികളും പ്രദേശം സ്വന്തം താല്പര്യപ്രകാരം വൃത്തിയാക്കിയിരുന്നു.
പ്രദേശവാസികളുടെ ഈ ആത്മാര്‍ത്ഥതയെ ഒരു അവസരമായി കണ്ട് പരമാവധി മുതലെടുക്കാനാണ് നഗരസഭാധികൃതര്‍ ശ്രമിക്കുന്നത്. നഗരസഭയുടെ നിയമ പ്രകാരം ക്ഷേത്ര പരിസരവും ഇന്നര്‍ റിംഗ് റോഡും സദാ സമയവും വൃത്തിയായി സൂക്ഷിക്കുന്നതിന് വേണ്ടി ദിവസേന ഈ പ്രദേശത്ത് മാലിന്യ നിര്‍മ്മാര്‍ജ്ജന തൊഴിലാളികളുടെ സേവനം നിര്‍ബ്ബന്ധമാക്കിയിട്ടുള്ളതാണ്.
എന്നാല്‍ ഇത് കൃത്യമായി നടക്കുന്നുണ്ടോ എന്ന് പരിശോധിക്കുവാന്‍ നഗരസഭാധികൃതരോ ആരോഗ്യ വിഭാഗമോ താല്പര്യം കാണിക്കുന്നില്ല. ശുചീകരണ തൊഴിലാളികളെയെല്ലാം പുതുതായി ആരംഭിച്ച നാട്ടുപച്ച പദ്ധതി പ്രകാരം വിതരണം ചെയ്യാനുള്ള ഗ്രോ ബാഗുകള്‍ നിറയ്‌ക്കുവാന്‍ നിയോഗിച്ചിരിക്കുകയാണ് അറിയാന്‍ കഴിഞ്ഞത്.
കെ.എസ്.ആര്‍.ടി.സി.ബസ് സ്റ്റാന്റിനകത്തു കൂടെ ക്ഷേത്രത്തിലെത്താനുള്ള എളുപ്പവഴി നവീകരിച്ച് തുറന്നു കൊടുക്കുക കൂടി ചെയ്തതോടെ ഇതുവഴി ക്ഷേത്രത്തിലേക്ക് പോകുന്നവരുടെ എണ്ണം കൂടി വരികയാണ്.
















