പാലക്കാട് : മുളയങ്കാവ് ഭഗവതി ക്ഷേത്രത്തില്‍ ജീര്ണ്ണോദ്ധാരണകമ്മിറ്റി നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ദേവസ്വം ബോര്‍ഡിന്റെ അംഗീകാരമുണ്ടെന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.വേണുഗോപാല്‍ അറിയിച്ചു.
അനുമതി ഇല്ലെന്ന് കഴിഞ്ഞദിവസം വാര്‍ത്ത അടിസ്ഥാനരഹിതമാണ്. ക്ഷേത്രത്തിന്റെ വടക്ക് കിഴക്ക് തെക്കേ നടകളിലെ കല്‍വിളക്കുകള്‍ മാറ്റി ഓടിന്റെ ദീപസ്തംഭങ്ങള്‍ സ്ഥാപിച്ചു. എട്ട് ലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ചുരുങ്ങിയ കാലത്തിനകം നടപ്പിലാക്കിയത്. വടക്കേ നടയിലെ നടപ്പന്തല്‍ എട്ടുലക്ഷം രൂപ ചിലവിലാണ് നിര്‍മ്മിച്ചത്. ബാക്കി വരുന്ന നടപ്പന്തല്‍ പൂര്‍ത്തിയാക്കുന്ന നടപടി ത്വരിതഗതിയില്‍ നടക്കുകയാണ്.
അന്നദാന പുരയും ഗോഡൗണും പൂര്‍ത്തീകരിച്ചു. ജീര്‍ണ്ണിച്ചുകിടന്നിരുന്ന ക്ഷേത്രക്കുളം സര്‍ക്കാര്‍ ഗ്രാന്റ് ഉപയോഗിച്ച് ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി. ഭക്ത ജനങ്ങള്‍ക്ക് കാല് ലക്ഷം രൂപ ചിലവില്‍ കുടിവെള്ള ടാങ്ക്, കൊടിമരം പോളിഷ് ചെയ്യല്‍, ക്ലീനിങ് മിഷന് സ്ഥാപിക്കല്‍, കമ്പ്യൂട്ടര്‍ ത്രാസ്, ക്ഷേത്രത്തിന്റെ പ്രത്യേകതകള്‍ ഉള്‍ക്കൊള്ളിച്ച സപര്യാഹൃദയം പുസ്തക പ്രകാശനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട ശേഖരണം.
ക്ഷേത്രത്തിലെ വെളിച്ചപ്പാട് തറ, പൂര്‍വാചാര തറ, ചെമ്പകതറ, പടിഞ്ഞാറെ പാട്ടുകൊട്ടിലിനു പിന്‍വശം കിഴക്കെ നടയുടെ പിന്‍ഭാഗം എന്നിവ നവീകരിച്ചതായും അദ്ദേഹം പറഞ്ഞു. 94 മുതല്‍ 2017 വരെ ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ച വിളക്കുകള്‍ ഭക്തജനങ്ങളുടെ സാന്നിധ്യത്തിലാണ് വില്‍പ്പന നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതില്‍ നിന്നും ലഭിച്ച തുകയുപയോഗിച്ച് 8000പേര്‍ക്ക് ഭക്ഷണം കഴിക്കുവാനാവശ്യമായ പാത്രങ്ങള്‍ വാങ്ങുന്നതിനാണ് ഉപയോഗിച്ചത്.
ക്ഷേത്രത്തിന്റെ വികസനത്തിന്റെ ഭാഗമായി തിടപ്പള്ളി, ഓഫീസ്, ഷോപ്പിങ് കോംപ്ലക്സ് എന്നിവ നിര്‍മ്മിക്കുന്നതിനായി പ്ലാനും എസ്റ്റിമേറ്റും ദേവസ്വം ബോര്‍ഡിന്റെ അംഗീകാരത്തിനായി നല്‍കിയിട്ടുണ്ട്. ഊട്ടുപുരയുടെ പുനരുദ്ധാരണവും ഊര്‍ജ്ജിതമായി നടക്കുന്നു.
മാത്രമല്ല ഞായറാഴ്ച്ചകളില്‍ പ്രഭാത ഭക്ഷണവും വിശേഷ ദിവസങ്ങളില്‍ പ്രസാദഊട്ടും നടത്തിവരുന്നു. ജില്ലയിലെ ഏറ്റവും നല്ല ദേവീ ക്ഷേത്രങ്ങളിലൊന്നായി ഉയര്‍ത്തുന്നതിനുള്ള പരിശ്രമമാണ് കമ്മിറ്റി നടത്തിവരുന്നത്.
നവീകരണ പ്രവര്‍ത്തനങ്ങള്‍ കമ്മിറ്റിയുടെ ഊര്ജ്ജസ്വലതയിന്മേലാണ് നടക്കുന്നതെന്നും ഇതിന് ദേവസ്വം ബോര്‍ഡിന്റെ അംഗീകാരവും പിന്തുണയും ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: